

2025 സെപ്റ്റംബറിലെ ജിഎസ്ടി പരിഷ്‌ക്കരണത്തില്‍ ഇന്‍ഷുറന്‍സിനുള്ള 18 ശതമാനം ജിഎസ്ടി ഒഴിവാക്കിയതോടെ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ പുതിയ ബിസിനസ് പ്രീമിയം വരുമാനത്തില്‍ വന്‍മുന്നേറ്റം. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ പുതിയ ബിസിനസ് വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15.7 ശതമാനം വര്‍ധിച്ച് 4.59 ലക്ഷംകോടി രൂപയിലെത്തി. 2024-25 സാമ്പത്തികവര്‍ഷമിത് 3.97 ലക്ഷം കോടിയായിരുന്നു.
വ്യക്തിഗത-ഗ്രൂപ്പ് ഇന്‍ഷുറന്‍സ് വിഭാഗത്തിലെ കമ്പനികളുടെ തന്ത്രപരമായ മാറ്റങ്ങളും പ്രീമിയം വളര്‍ച്ചയ്ക്കു കാരണമായിട്ടുണ്ട്. പൊതു-സ്വകാര്യ മേഖലകളില്‍ ഇത്തവണ വളര്‍ച്ച പ്രകടമാണ്. സ്വകാര്യകമ്പനികളുടെ പ്രീമിയം വളര്‍ച്ച 16.75 ശതമാനം വരും. പൊതുമേഖലയിലുള്ള എല്‍ഐസിക്കിത് 14.91 ശതമാനമാണ്. 19.6 ശതമാനം വളര്‍ച്ചയുമായി എസ്ബിഐ ലൈഫും 19.1 ശതമാനം വളര്‍ച്ചയുമായി ആക്‌സിസ് മാക്‌സ് ലൈഫുമാണ് മുന്നില്‍. എച്ച്ഡിഎഫ്‌സി ലൈഫ് 8.5 ശതമാനം, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് 9.9 ശതമാനം എന്നിങ്ങനെയാണ് വളര്‍ച്ച.
എല്‍ഐസിയുടെ മൊത്തം പ്രീമിയം വരുമാനം 2.6 ലക്ഷം കോടി രൂപയാണ്. കമ്പനിയുടെ പുതിയ ബിസിനസില്‍ 74 ശതമാനവും ഗ്രൂപ്പ് വിഭാഗത്തിലുള്ളതാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. പുതിയ പോളിസികളുടെ എണ്ണത്തില്‍ 4.7 ശതമാനം മാത്രമാണ് വര്‍ധന. 2024-25ലെ 2.7 കോടിയില്‍നിന്ന് 2.8 കോടിയായി കൂടി. വിപണിവിഹിതത്തില്‍ സ്വകാര്യ കമ്പനികള്‍ ഇത്തവണ മുന്നേറ്റമുണ്ടാക്കുകയുംചെയ്തു.
മാര്‍ച്ച് മാസത്തില്‍ മാത്രം ഇന്‍ഷുറന്‍സ് കമ്പനികള്‍ 75,872.26 കോടി രൂപയുടെ പുതിയ ബിസിനസ് നേടി, ഇത് ഏകദേശം 23.50% വര്‍ദ്ധനവാണ്. എന്നാല്‍, ആഗോള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം റീട്ടെയില്‍ വിഭാഗത്തിലെ വളര്‍ച്ചയില്‍ മാര്‍ച്ചില്‍ നേരിയ കുറവുണ്ടായി. ഓഹരി വിപണിയിലെ അസ്ഥിരത യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാനുകളെ ബാധിച്ചു.
Content Highlights: Life insurers log 16 percent premium growth in FY26 on GST relief, shift to high-margin products