ഹോര്‍മുസ് തുറന്ന് ഇറാന്‍: എണ്ണവില 10% ഇടിഞ്ഞു, ബ്രെന്റ് ക്രൂഡ് 90 ഡോളറില്‍ താഴെ

യുഎസും ഇസ്രായേലും നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഇറാന്‍ ഹോര്‍മുസ് അടച്ചുപൂട്ടിയത്. അഞ്ച് ആഴ്ചകള്‍ക്ക് ശേഷമാണ് പാത വീണ്ടും തുറക്കുന്നത്

ഹോര്‍മുസ് തുറന്ന് ഇറാന്‍: എണ്ണവില 10% ഇടിഞ്ഞു, ബ്രെന്റ് ക്രൂഡ് 90 ഡോളറില്‍ താഴെ
dot image

യുഎസുമായുള്ള വെടിനിര്‍ത്തല്‍ കാലാവധി അവസാനിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് എല്ലാ വാണിജ്യ കപ്പലുകള്‍ക്കുമായി പൂര്‍ണമായും തുറന്നുകൊടുക്കുന്നുവെന്ന ഇറാന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന് ക്രൂഡ് ഓയില്‍ വിലയില്‍ 10 ശതമാനത്തോളം ഇടിവുണ്ടായി. ആഗോള വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില 10.73% ഇടിഞ്ഞ് ബാരലിന് 88.73 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് വില 10.82% താഴ്ന്ന് 84.44 ഡോളറിലുമെത്തി.

crude oil

പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ആറ് ആഴ്ചകളായി ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു നില്‍ക്കുകയായിരുന്നു. എന്നാല്‍ പുതിയ പ്രഖ്യാപനത്തോടെ വിലയില്‍ വലിയ ഇടിവാണുണ്ടായിരിക്കുന്നത്. ലോകത്തെ ക്രൂഡ് ഓയില്‍, ഗ്യാസ് വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. ഫെബ്രുവരി 28ന് യുഎസും ഇസ്രായേലും നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഇറാന്‍ ഹോര്‍മുസ് അടച്ചുപൂട്ടിയത്. അഞ്ച് ആഴ്ചകള്‍ക്ക് ശേഷമാണ് ഈ പാത വീണ്ടും തുറക്കുന്നത്.

ഇന്ത്യയുള്‍പ്പെടെ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ആശ്വാസം പകരുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഇന്ത്യ തങ്ങളുടെ ആവശ്യത്തിനുള്ള അസംസ്‌കൃത എണ്ണയുടെ 88 ശതമാനവും ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. മൊത്തം എണ്ണ ഇറക്കുമതിയുടെ 45 ശതമാനംവരെ മധ്യേഷ്യന്‍ രാജ്യങ്ങളില്‍നിന്നാണ്. 35 ശതമാനം വിഹിതവുമായി റഷ്യയാണ് മുന്നില്‍. അമേരിക്കയില്‍നിന്ന് ആറുശതമാനം എണ്ണ വാങ്ങുന്നുണ്ട്. യുദ്ധത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കില്‍ ചരക്കുനീക്കം തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നടക്കം ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങാന്‍ തുടങ്ങിയിട്ടുണ്ട്.

ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ എണ്ണക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില കൂട്ടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബാരലിന് വില 100 ഡോളറിന് മുകളിള്‍ എത്തിയതോടെ 'അണ്ടര്‍ റിക്കവറി' എന്ന രീതിയില്‍ പെട്രോള്‍ ലിറ്ററിന് 18 രൂപയും ഡീസല്‍ ലിറ്ററിന് 35 രൂപവരെയും പൊതുമേഖലാ എണ്ണക്കമ്പനികള്‍ നഷ്ടമുണ്ടാകുന്നതായാണ് കണക്ക്. എന്നാല്‍ ഹോര്‍മുസിലെ അനിശ്ചിതത്വത്തിന് താല്‍ക്കാലിക പരിഹാരം വരുന്നതോടെ പെട്ടെന്ന് വില വര്‍ധനയിലേക്ക് കടന്നേക്കില്ല. ഇറാന്റെ നീക്കം വരും ദിവസങ്ങളില്‍ ഓഹരി വിപണികളിലും വലിയ മുന്നേറ്റത്തിന് കാരണമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Content Highlights: Crude Oil Prices Slump 10% As Iran Declares Hormuz 'Completely Open'; Brent Slips Below $90

dot image
To advertise here,contact us
dot image