മികച്ച ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടായിട്ടും പേഴ്‌സണല്‍ ലോണ്‍ കിട്ടുന്നില്ലേ? കാരണമിതാകാം, പരിഹാരമുണ്ട്
നല്ല ക്രെഡിറ്റ് സ്‌കോറിനോടൊപ്പം കൃത്യമായ വരുമാന രേഖകള്‍ സമര്‍പ്പിക്കുകയും കുറഞ്ഞ കടബാധ്യതകള്‍ ഉറപ്പുവരുത്തുകയും ചെയ്യുന്നത് പേഴ്‌സണല്‍ ലോണ്‍ എളുപ്പത്തില്‍ ലഭിക്കാന്‍ സഹായിക്കും
വായ്പക്ക് അപേക്ഷിക്കുന്നയാളുടെ ക്രെഡിറ്റ് യോഗ്യത തീരുമാനിക്കുന്നതില്‍ ക്രെഡിറ്റ് സ്‌കോറിന് വലിയ പങ്കുണ്ട്. എന്നാല്‍ ബാങ്കുകള്‍ വായ്പ അനുവദിക്കുന്നത് ഇത് മാത്രം അടിസ്ഥാനമാക്കിയല്ല. മികച്ച ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടായിട്ടും ലോണ്‍ അപേക്ഷകള്‍ നിരസിക്കപ്പെടാനുള്ള പ്രധാന കാരണങ്ങളും അവയ്ക്കുള്ള പ്രായോഗിക പരിഹാരങ്ങളും എന്തെല്ലാമാണെന്ന് നോക്കാം.
സ്ഥിരതയില്ലാത്ത വരുമാനം: കൃത്യമായ ഇടവേളകളില്‍ സ്ഥിരമായ വരുമാനമില്ലാത്തത് ലോണ്‍ നിരസിക്കപ്പെടാന്‍ കാരണമാകും. വരുമാനത്തിലെ ഏറ്റക്കുറച്ചിലുകള്‍ വായ്പാ തിരിച്ചടവിനെ ബാധിക്കുമെന്ന് ബാങ്കുകള്‍ വിലയിരുത്തുന്നു.
വായ്പ-വരുമാന അനുപാതം: അപേക്ഷകന്റെ പ്രതിമാസ വരുമാനത്തിന്റെ വലിയൊരു പങ്കും നിലവിലുള്ള മറ്റ് വായ്പകളുടെ തിരിച്ചടവിനായി പോകുന്നുണ്ടെങ്കില്‍, പുതിയൊരു വായ്പ കൂടി അനുവദിക്കാന്‍ ബാങ്കുകള്‍ പൊതുവെ തയ്യാറാകില്ല.
തൊഴില്‍ സ്ഥിരതയില്ലായ്മ: ഇടയ്ക്കിടെ ജോലി മാറുന്നത് ബാങ്കുകള്‍ക്ക് താല്പര്യമുള്ള കാര്യമല്ല. നിലവിലെ ജോലിയില്‍ കുറഞ്ഞത് ആറ് മാസമെങ്കിലും പൂര്‍ത്തിയാക്കുന്നത് വായ്പ ലഭിക്കാനുള്ള വിശ്വാസ്യത വര്‍ധിപ്പിക്കും.
രേഖകളിലെ അപാകത: കെവൈസി രേഖകള്‍, സാലറി സര്‍ട്ടിഫിക്കറ്റ്, ബാങ്ക് സ്റ്റേറ്റ്‌മെന്റ് എന്നിവയിലെ പിഴവുകള്‍ വായ്പ നിരസിക്കപ്പെടാന്‍ കാരണമാകും.
പ്രായം: വിരമിക്കല്‍ പ്രായത്തോട് അടുത്ത വ്യക്തികള്‍ക്ക് ദീര്‍ഘകാല വായ്പകള്‍ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്.
പരിഹാരങ്ങള്‍
ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കാം: ലോണിനായി അപേക്ഷിക്കുന്നതിന് മുന്‍പ് ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിച്ച് അതില്‍ എന്തെങ്കിലും തെറ്റുകളുണ്ടെങ്കില്‍ അത് തിരുത്താന്‍ ശ്രദ്ധിക്കുക.
അനുയോജ്യമായ തുക തിരഞ്ഞെടുക്കുക: വരുമാനത്തിന് താങ്ങാനാകുന്ന, അനുയോജ്യമായ കുറഞ്ഞ തുക മാത്രം വായ്പയായി പരിഗണിക്കുക.
ചെറിയ ബാധ്യതകള്‍ തീര്‍ക്കുക: പുതിയ ലോണിന് അപേക്ഷിക്കുന്നതിന് മുന്‍പായി നിലവിലുള്ള ചെറിയ കടങ്ങള്‍ അടച്ചുതീര്‍ക്കുന്നത് 'Debt-to-Income Ratio' മെച്ചപ്പെടുത്താന്‍ സഹായിക്കും.
ജോയിന്റ് ലോണ്‍ അപേക്ഷ: മികച്ച വരുമാനമുള്ള മറ്റൊരാളെക്കൂടി ഉള്‍പ്പെടുത്തി ജോയിന്റ് ലോണിനായി അപേക്ഷിക്കുന്നത് വായ്പ ലഭിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
ഒന്നിലധികം അപേക്ഷകള്‍ ഒഴിവാക്കുക: ഒരേസമയം നിരവധി ധനകാര്യ സ്ഥാപനങ്ങളില്‍ ലോണിനായി അപേക്ഷ നല്‍കരുത്. ഒരേസമയം പലയിടങ്ങളില്‍ അപേക്ഷിക്കുന്നത് ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ ഹാര്‍ഡ് ഇന്‍ക്വയറികളുടെ എണ്ണം വര്‍ധിപ്പിക്കുകയും ക്രെഡിറ്റ് സ്‌കോറിനെ ദോഷകരമായി ബാധിക്കുകയും ചെയ്യും.
നല്ല ക്രെഡിറ്റ് സ്‌കോറിനോടൊപ്പം കൃത്യമായ വരുമാന രേഖകള്‍ സമര്‍പ്പിക്കുകയും കുറഞ്ഞ കടബാധ്യതകള്‍ ഉറപ്പുവരുത്തുകയും ചെയ്യുന്നത് പേഴ്‌സണല്‍ ലോണ്‍ എളുപ്പത്തില്‍ ലഭിക്കാന്‍ സഹായിക്കും.
Content Highlights: Why do Lenders Reject Personal Loan Applications?