

കാസര്‍കോട്: വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി (എഫ്‌സിആര്‍എ) ബില്‍ മാറ്റിവെച്ചത് നിയമസഭാ തെരഞ്ഞെടുപ്പ് ഉള്ളതുകൊണ്ടാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. ക്രൈസ്തവ സമൂഹം നിരന്തരമായി പീഡിപ്പിക്കപ്പെടുന്നുവെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. പാര്‍ലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ബില്‍ പാസാക്കുമെന്നും വൈകാതെ ചര്‍ച്ച് ബില്ലും ബിജെപി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
'ക്രൈസ്തവ സമൂഹത്തില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയരണം. ഭരിക്കുന്ന പാര്‍ട്ടിയുമായി പ്രശ്‌നത്തിലായാല്‍ രാജ്യത്ത് സമാധാനമായി ജീവിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് കേക്കുമായി എത്തിയ ബിജെപി നേതാക്കളെ പുരോഹിതര്‍ സ്വീകരിച്ചത്', രാജ്‌മോഹന്‍ ഉണ്ണിത്താന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
എഫ്‌സിആര്‍എ ബില്ലില്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. അനുകൂല സമീപനമാണ് പ്രതീക്ഷിക്കുന്നതെന്നും സഭ എല്ലാ കാലത്തും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈശോ സ്വന്തം പ്രിയപ്പെട്ടവരാലാണ് പീഡിപ്പിക്കപ്പെട്ടത്. സഭയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ തളര്‍ന്നു പോകും. അവര്‍ ഇല്ലാതെയാകും. പീഡനങ്ങള്‍ വിവിധ തരത്തില്‍ നമുക്കുണ്ടാകും. സഭ എന്നും തല ഉയര്‍ത്തി നില്‍ക്കുമെന്നും മാര്‍ റമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.
രാജ്യത്തെ സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്ക് ലഭിക്കുന്ന വിദേശ ധനസഹായത്തില്‍ സര്‍ക്കാരിനുള്ള നിയന്ത്രണം കൂടുതല്‍ ശക്തമാക്കുന്നതാണ് വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലുകൊണ്ട് ലക്ഷ്യമിടുന്നത്. 2026 മാര്‍ച്ച് 25നാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. വിദേശത്തുനിന്നുള്ള ഫണ്ടുകള്‍ എങ്ങനെ വിനിയോഗിക്കപ്പെടുന്നു എന്നതില്‍ കര്‍ശനമായ മേല്‍നോട്ടം ഉറപ്പാക്കുക എന്നത് ലക്ഷ്യമിട്ടാണ് ബില്‍ അവതരിപ്പിച്ചത്.
ഒരു ഡെസിഗ്നേറ്റഡ് അതോറിറ്റി രൂപീകരിക്കുന്നു എന്നതാണ് ബില്ലിലെ പ്രധാനപ്പെട്ട നിര്‍ദേശങ്ങളിലൊന്ന്. ഏതെങ്കിലും എന്‍ജിഒകളുടെ ലൈസന്‍സ് സര്‍ക്കാര്‍ സസ്‌പെന്‍ഡോ റദ്ദാക്കുകയോ ചെയ്താല്‍ അവരുടെ ആസ്തികള്‍ നിയന്ത്രിക്കാനും കണ്ടുകെട്ടാനുമുള്ള അധികാരം അതോറിറ്റിക്കുണ്ടായിരിക്കും.
Content Highlights: Rajmohan Unnithan MP about FCRA bill