ഇറാന്‍ യുദ്ധം: പെട്രോള്‍ പമ്പുകള്‍ വഴി മണ്ണെണ്ണ വില്‍ക്കാം; ചട്ടങ്ങളില്‍ ഇളവ് വരുത്തി കേന്ദ്രം

പാചക ആവശ്യങ്ങള്‍ക്കും വെളിച്ചത്തിനുമായി വീടുകളിലേക്ക് മണ്ണെണ്ണ വിതരണം ചെയ്യാനാണ് ഈ അനുമതി. ഓരോ ജില്ലയിലും സംസ്ഥാന സര്‍ക്കാരുകളോ കേന്ദ്രഭരണ പ്രദേശങ്ങളോ നിശ്ചയിക്കുന്ന പരമാവധി രണ്ട് പെട്രോള്‍ പമ്പുകള്‍ക്ക് മണ്ണെണ്ണ വിതരണം ചെയ്യാം.

ഇറാന്‍ യുദ്ധം: പെട്രോള്‍ പമ്പുകള്‍ വഴി മണ്ണെണ്ണ വില്‍ക്കാം; ചട്ടങ്ങളില്‍ ഇളവ് വരുത്തി കേന്ദ്രം
dot image

ആഗോളതലത്തില്‍ ഊര്‍ജ വിതരണത്തിലുണ്ടായ തടസങ്ങള്‍ പരിഹരിക്കുന്നതിനായി, രാജ്യത്തെ തിരഞ്ഞെടുത്ത പെട്രോള്‍ പമ്പുകള്‍ വഴി മണ്ണെണ്ണ വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. പെട്രോളിയം സുരക്ഷാ-ലൈസന്‍സിങ് ചട്ടങ്ങളില്‍ ഇളവ് വരുത്തിക്കൊണ്ട് ഞായറാഴ്ച പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപന പ്രകാരം, പൊതുമേഖലാ എണ്ണക്കമ്പനികളുടെ തിരഞ്ഞെടുത്ത പെട്രോള്‍ പമ്പുകള്‍ വഴി മണ്ണെണ്ണ വില്‍ക്കാം.

kerosine

നേരത്തെ മണ്ണെണ്ണ വിതരണം ഘട്ടംഘട്ടമായി നിര്‍ത്തലാക്കിയ ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, ഗുജറാത്ത് ഉള്‍പ്പെടെയുള്ള 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പൊതുവിതരണ സമ്പ്രദായം വഴിയുള്ള സുപ്പീരിയര്‍ കെറോസിന്‍ ഓയില്‍ ലഭ്യമാക്കും. പാചക ആവശ്യങ്ങള്‍ക്കും വെളിച്ചത്തിനുമായി വീടുകളിലേക്ക് മണ്ണെണ്ണ വിതരണം ചെയ്യാനാണ് ഈ അനുമതി. ഓരോ ജില്ലയിലും സംസ്ഥാന സര്‍ക്കാരുകളോ കേന്ദ്രഭരണ പ്രദേശങ്ങളോ നിശ്ചയിക്കുന്ന പരമാവധി രണ്ട് പെട്രോള്‍ പമ്പുകള്‍ക്ക് മണ്ണെണ്ണ വിതരണം ചെയ്യാം. ഓരോ പമ്പിനും 5,000 ലിറ്റര്‍ വരെ മണ്ണെണ്ണ സംഭരിക്കാന്‍ അനുവാദമുണ്ട്.

2002ലെ പെട്രോളിയം ചട്ടങ്ങളില്‍ ഇളവ് അനുവദിച്ചതോടെ ഡീലര്‍മാര്‍ക്കും വാഹനങ്ങള്‍ക്കും ലൈസന്‍സ് നടപടികള്‍ എളുപ്പമാകും. ഇത് മണ്ണെണ്ണയുടെ വേഗത്തിലുള്ള സംഭരണത്തിനും വിതരണത്തിനും സഹായിക്കും. ഉത്തരവ് ഞായറാഴ്ച പ്രാബല്യത്തില്‍ വന്നു. 60 ദിവസത്തേക്കോ അല്ലെങ്കില്‍ അടുത്ത ഉത്തരവ് വരുന്നത് വരെയോ ആണ് ഇതിന്റെ കാലാവധി. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ഊര്‍ജ വിതരണത്തെ ബാധിക്കുന്ന സാഹചര്യത്തില്‍, അവശ്യ സാധനങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാണെന്ന് ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചത്.

പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ നിഷ്‌കര്‍ഷിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ മണ്ണെണ്ണ വിതരണക്കാരും കര്‍ശനമായി പാലിക്കേണ്ടതുണ്ട്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല സമിതി യോഗം ആഗോള പ്രതിസന്ധിയും അത് ഇന്ത്യയുടെ വിതരണ ശൃംഖലയെ ബാധിക്കാനുള്ള സാധ്യതകളും വിലയിരുത്തിയിരുന്നു. ധനമന്ത്രി നിര്‍മല സീതാരാമന്‍, ഹര്‍ദീപ് സിങ് പുരി തുടങ്ങിയ മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

Content Highlights: Government eases kerosene norms, allows sale via petrol pumps amid Iran war

dot image
To advertise here,contact us
dot image