Top

'തിരക്കഥ മോഷ്ടിച്ച് സിനിമയിറക്കി'; കരൺ ജോഹറിനെതിരെ തിരക്കഥാകൃത്ത്

'കരൺ ജോഹറിനെതിരെ ഔദ്യോ​ഗികമായി പരാതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ്'

24 May 2022 4:59 AM GMT
ഫിൽമി റിപ്പോർട്ടർ

തിരക്കഥ മോഷ്ടിച്ച് സിനിമയിറക്കി; കരൺ ജോഹറിനെതിരെ തിരക്കഥാകൃത്ത്
X

കരൺ ജോഹർ തിരക്കഥ മോഷ്ടിച്ചെന്ന പരാതിയുമായി തിരക്കഥാകൃത്ത്. വിശാൽ എ സിങ് എന്ന തിരക്കഥാകൃത്താണ് കരൺ ജോഹറിന്റെ ധർമാ പ്രൊഡക്ഷൻസ് നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'ജ​ഗ് ജ​ഗ് ജീയോ'ക്കെതിരെ സമൂഹ മാധ്യമത്തിലൂടെ രംഗത്തെത്തിയിരിക്കുന്നത്. 'ബണ്ണി റാണി' എന്ന പേരിൽ താൻ എഴുതിയ തിരക്കഥ ധർമാ പ്രൊഡക്ഷൻസിന് 2020ൽ നൽകിയിരുന്നു എന്നും പിന്നീട് തിരക്കഥയെ കുറിച്ചും സിനിമയെ കുറിച്ചും അറിവൊന്നുമുണ്ടായില്ല എന്നും വിശാൽ എ സിങ് തന്റെ ട്വീറ്റിൽ പറയുന്നു. ധർമാ പ്രൊഡക്ഷൻസിന് അയച്ചു കൊടുത്ത തിരക്കഥയുടെ സ്ക്രീൻഷോട്ടും മറ്റു വിവരങ്ങളും തിരക്കഥാകൃത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

2020 ജനുവരിയിൽ ബണ്ണി റാണി എന്ന പേരിൽ ഒരു കഥ രജിസ്റ്റർ ചെയ്തിരുന്നു. 2020 ഫെബ്രുവരിയിൽ ധർമാ പ്രൊഡക്ഷൻസിന് തിരക്കഥ മെയിൽ ചെയ്തു. അതിന് എനിക്ക് മറുപടിയും ലഭിച്ചു. അവർ എന്റെ കഥ അന്യായമായെടുത്ത് ജ​ഗ് ജ​ഗ് ജീയോ ഉണ്ടാക്കി. ഇത് ശരിയല്ല കരൺ ജോഹർ. കരൺ ജോഹറിനെതിരെ ഔദ്യോ​ഗികമായി പരാതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. തിരക്കഥാകൃത്തിന്റെ അനുവാദമില്ലാതെ സിനിമ നിർമിച്ച നിരവധി സംഭവങ്ങൾ ഹിന്ദി സിനിമയിലുണ്ടായിട്ടുണ്ട്. ഇത്തരം ദുഷ്ട പ്രവർത്തികൾക്കെതിരെ ശബ്ദമുയർത്താൻ ഞാൻ തീരുമാനിച്ചിരിക്കുകയാണ്.

ട്വീറ്റ് വിവാദമായതോടെ നിരവധിപേരാണ് പോസ്റ്റ് റീട്വീറ്റ് ചെയ്തു കൊണ്ട് എത്തിയത്. ധർമാ പ്രൊഡക്ഷൻസിനോട് പുച്ഛം തോന്നുന്നു എന്നും, ഇത് നാണക്കേടാണ് എന്നും, വളരെ നിരാശാജനകമാണ് എന്നുമാണ് പ്രതികരണങ്ങൾ. എന്നാൽ ട്വീറ്റ് പ്രചാരം നേടുമ്പോഴും മറുവശത്ത് കരൺ ജോഹർ പുതിയ സിനിമയുടെ തിരക്കിലാണ്. 'ജ​ഗ് ജ​ഗ് ജീയോ'യുടെ പുതിയ ആപ്പ്ഡേറ്റുകൾ താരം ഇതിനു ശേഷവും പങ്കുവയ്ക്കുകയും സിനിമയുടെ പ്രമോഷൻ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ചിത്രം ജൂൺ 24നാണ് റിലീസ് ചെയ്യുക. രാജ് മേത്തയാണ് സംവിധാനം. അനുരാ​​ഗ് സിങ്ങിന്റെ കഥയ്ക്ക് കരൺ ജോഹറും സുമിത് ഭടേജയും ചേർന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്. അനിൽ കപൂർ, വരുൺ ധവാൻ, നീതു കപൂർ, കിയാരാ അദ്വാനി, മനീഷ് പോൾ, പ്രജക്ത കോലി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

Story highlights: 'Script stolen and made into a movie'; Scriptwriter against Karan Johar

Next Story