Top

'അർഹാനെ ​ഗർഭിണിയായപ്പോൾ എന്റെ കരിയർ നശിക്കും എന്ന് പറഞ്ഞവരുണ്ട്'; മാതൃത്വം ഒന്നിന്റെയും അവസാനമല്ലെന്ന് മലൈക അറോറ

'എന്റെ അമ്മ എനിക്ക് പാടിത്തന്നിരുന്ന മലയാളം പാട്ടുകളൊക്കെ ഞാൻ അവനും പാടിക്കൊടുത്തു'

9 May 2022 6:20 AM GMT
ഫിൽമി റിപ്പോർട്ടർ

അർഹാനെ ​ഗർഭിണിയായപ്പോൾ എന്റെ കരിയർ നശിക്കും എന്ന് പറഞ്ഞവരുണ്ട്; മാതൃത്വം ഒന്നിന്റെയും അവസാനമല്ലെന്ന് മലൈക അറോറ
X

അമ്മയാകുക എന്നതിനർത്ഥം നിങ്ങൾ നിങ്ങളാകുന്നത് അവസാനിപ്പിക്കുക എന്നല്ല എന്ന് ബോളിവുഡ് താരം മലൈക അറോറ. തന്റെ മകൻ അർഹാനെ കുറിച്ചു പറയുന്ന മലൈകയുടെ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. അർഹാനെ ​ഗർഭിണിയായിരിക്കുമ്പോൾ ഇത് തന്റെ കരിയർ നശിപ്പിക്കും എന്നാണ് കേൾക്കേണ്ടിവന്നതെന്നും എന്നാൽ അങ്ങനെ തരം തിരിച്ച നായികമാരുടെ കൂട്ടത്തിൽ ഒരാളാകാനായിരുന്നില്ല താൻ ആഗ്രഹിച്ചിരുന്നതെന്നുമാണ് മലൈക അർഹാനുമായുള്ള ഓർമ്മകൾ പങ്കുവച്ചുകൊണ്ട് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞത്.

അർഹാൻ ജനിച്ച് രണ്ട് മാസത്തിന് ശേഷം, ഒരു അവാർഡ് ഷോയിൽ പെർഫോം ചെയ്തുകൊണ്ടാണ് താൻ സ്റ്റേജിൽ തിരിച്ചുവന്നത് എന്നും ആ വിജയകരമായ ഷോയ്‍ക്ക് ശേഷം എന്നെക്കുറിച്ച് തന്നെ അഭിമാനം തോന്നി എന്നും കുറിപ്പിലൂടെ പറയുന്നു. മാതൃത്വവും എന്റെ ജോലിയും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് തിരിച്ചറിഞ്ഞത് എനിക്ക് കൂടുതൽ കരുത്തിനൽകി. കൂടുതൽ ജോലി ഏറ്റെടുക്കാൻ അത് ആത്മവിശ്വാസം നൽകി. തന്റെ പ്രസവം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം 'കാൽ' എന്ന സിനിമയ്‍ക്ക് പോലും യെസ് പറഞ്ഞു എന്നും താരം കുറിച്ചു.

മലൈക അറോറയുടെ കുറിപ്പ്

മകൻ അർഹാനെ ​ഗർഭിണിയായിരിക്കുമ്പോൾ ഇത് നിന്റെ കരിയർ നശിപ്പിക്കും എന്നാണ് കേൾക്കേണ്ടിവന്നത്. അന്നത്തെ കാലത്ത് ഒരു നടി വിവാഹിതയായാൽ, നിങ്ങൾ പിന്നീടവളെ സ്‍ക്രീനിൽ കാണാറില്ലായിരുന്നു. പക്ഷേ, ആ കൂട്ടത്തിൽ ഒരാളാകാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. സ്വതന്ത്രരായിരിക്കണമെന്ന് പഠിപ്പിച്ച സ്‍ത്രീകളാണ് എന്നെ വളർത്തിയത്. അതുകൊണ്ട് തന്നെ മാതൃത്വം എന്റെ കരിയർ അവസാനിക്കുന്നതല്ല എന്ന് എനിക്ക് അറിയാമായിരുന്നു. എന്റെ ഗർഭാവസ്ഥയിൽ ഞാൻ ജോലി ചെയ്തു. എന്റെ കുഞ്ഞ് അർഹാനെ സ്വാഗതം ചെയ്‍തപ്പോൾ, അവനു വേണ്ടിയുള്ള സമയം ചെലവഴിക്കുമെന്നും ഒരു അമ്മയാകുമ്പോൾ എന്റെ ഐഡന്റിറ്റി നഷ്ടപ്പെടില്ലെന്നും ഞാൻ എനിക്ക് തന്നെ ഉറപ്പും നൽകി. അന്നുമുതൽ, രണ്ട് വാഗ്‍ദാനങ്ങളും പാലിക്കാൻ ഞാൻ ശ്രമിച്ചു.

അർഹാൻ ജനിച്ച് രണ്ട് മാസത്തിന് ശേഷം, ഒരു അവാർഡ് ഷോയിൽ പെർഫോം ചെയ്തുകൊണ്ടാണ് താൻ സ്റ്റേജിലേക്ക് തിരിച്ചെത്തുന്നത്. ആ വിജയകരമായ ഷോയ്‍ക്ക് ശേഷം എന്നെക്കുറിച്ച് ഞാൻ ഏറെ അഭിമാനിച്ചു. എനിക്ക് മാതൃത്വവും എന്റെ ജോലിയും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് തിരിച്ചറിഞ്ഞത് എനിക്ക് കരുത്തു നൽകി. കൂടുതൽ ജോലി ഏറ്റെടുക്കാൻ അത് ആത്മവിശ്വാസം നൽകി. എന്റെ പ്രസവം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം 'കാൽ' എന്ന സിനിമയ്‍ക്ക് പോലും യെസ് പറഞ്ഞു.

'ജോലി ചെയ്യുന്ന ഒരു അമ്മ' എന്ന കുറ്റബോധം എന്നെ അലട്ടിയതിനാൽ, ഞാൻ അവനോടൊപ്പം സമയം ചെലവഴിക്കാൻ പരമാവധി ശ്രമിച്ചു. ഞങ്ങൾ രണ്ടുപേരും രാവിലെ കുറച്ചു സമയം ചെലവഴിക്കും. എന്റെ അമ്മ എനിക്ക് പാടിത്തന്നിരുന്ന മലയാളം പാട്ടുകളൊക്കെ ഞാൻ അവനും പാടിക്കൊടുത്തു. അവനൊപ്പം നിന്നു തന്നെ ഞാൻ ജോലി ചെയ്യാൻ ശ്രമിക്കുമായിരുന്നു. അർഹാനോട് എല്ലാ കാര്യങ്ങളും സംസാരിക്കുമായിരുന്നു. അർബാസുമായി വേർപിരിയുന്നതിനേക്കുറിച്ച് പറഞ്ഞപ്പോൾ പോലും അവനത് മനസിലാക്കിയിരുന്നു.

ഇന്ന് അർഹാൻ എന്റെ ഏറ്റവുമടുത്ത സുഹൃത്താണ്. രാവിലത്തെ പാട്ടുപാടൽ ഞായറാഴ്ചകളിലെ പാചകത്തിലേക്ക് മാറിയിട്ടുണ്ട്. ഒരു അമ്മയാകുക എന്നതിനർത്ഥം നിങ്ങൾ നിങ്ങളാകുന്നത് അവസാനിപ്പിക്കുക എന്നല്ല. മാതൃത്വം ഒന്നിന്റെയും അവസാനമല്ല. ആവശ്യമെങ്കിൽ അതിനെ ഒരു അർദ്ധ വിരാമമായി പരിഗണിക്കുക, പക്ഷെ ഒരു ഫുൾ സ്റ്റോപ്പായി കണക്കാക്കരുത്.

Story highlights motherhood is not the end of anything; Malaika Arora says about son Arhan

Next Story