'മനുഷ്യന് മതങ്ങളെ സൃഷ്ടിച്ചു...' വിപ്ലവവും പ്രണയവും ഒഴുകിയ വരികൾ, ഓർമ്മയിൽ വയലാര്
മലയാള ചലച്ചിത്ര ഗാനശാഖയെ തന്റെ സർഗാത്മകത കൊണ്ട് അലങ്കരിച്ച വയലാർ രാമവർമ്മയുടെ 48-ാം ചരമവാർഷികമാണിന്ന്. മലയാള കവിത-നാടക-സിനിമാ ഗാനശാഖകളെ സമ്പന്നമാക്കുകയും ഗാനസങ്കൽപങ്ങളിലേക്ക് വേറിട്ട ശൈലിയും ശീലങ്ങളും സമ്മാനിക്കുകയും ചെയ്ത കവിയാണ് വയലാർ.
1928 മാര്ച്ച് 25ന് വയലാര് രാഘവപറമ്പിൽ അംബാലിക തമ്പുരാട്ടിയുടെയും വെള്ളാരപ്പള്ളി കേരള വര്മ്മയുടെയും മകനായാണ് വയലാര് ജനിച്ചത്. ചേര്ത്തല ഹൈസ്കൂളില് സ്കൂള് വിദ്യാഭ്യാസം പൂര്ത്തിയാക്കി. കവിതകളുടെ ലോകത്ത് നിന്ന് 1956ല് കൂടപ്പിറപ്പ് എന്ന സിനിമയിലൂടെയാണ് വയലാര് സിനിമാ ജീവിതം ആരംഭിച്ചത്. 250ലേറെ ചിത്രങ്ങള്ക്കായി എഴുതിയത് 1300ലേറെ ഗാനങ്ങളാണ്.
ജി ദേവരാജന് മാസ്റ്റർ വയലാർ കൂട്ടുകെട്ട് മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗാനങ്ങളുടെ പിറവിക്കിടയാക്കി. 135 ചിത്രങ്ങളില് നിന്ന് 755 ഗാനങ്ങളാണ് വയലാര്-ദേവരാജന് കൂട്ടുകെട്ടില് പിറന്നത്. എം എസ് ബാബുരാജ്, വി ദക്ഷിണാമൂര്ത്തി, കെ രാഘവന് തുടങ്ങിയ സംഗീതജ്ഞര്ക്കൊപ്പവും വയലാര് പ്രവര്ത്തിച്ചിട്ടുണ്ട്. 1961ല് കേരള സാഹിത്യ അക്കാദമി പുരസ്കാരവും 1974ല് മികച്ച ഗാനരചയിതാവിനുള്ള രാഷ്ട്രപതിയുടെ സ്വര്ണ്ണ മെഡലും ലഭിച്ചു. 'മനുഷ്യന് മതങ്ങളെ സൃഷ്ടിച്ചു...' എന്ന പാട്ടിനായിരുന്നു ദേശീയ അവാര്ഡ് ലഭിച്ചത്.
'ഓരോ തുള്ളിച്ചോരയില് നിന്നും ഒരായിരം പേരുയരുന്നു...', 'ഇങ്ക്വിലാബിന് മക്കള് നമ്മള്', 'ബലികുടീരങ്ങളേ...' തുടങ്ങി ഒട്ടേറെ വിപ്ലവ ഗാനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ദാർശനികതയും പ്രണയവും മോഹവും പ്രകൃതിയുമെല്ലാം തുളുമ്പി നിന്ന പദങ്ങൾ കൊണ്ട് സങ്കൽപ്പ സ്വർഗം മലയാളികൾക്ക് പണിത് നൽകിയ കവിയെ മലയാളി ഇന്നും ഹൃദയത്തോട് ചേർത്ത് നിർത്തുന്നു.