

ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയുടെ ആയുഷ് ഷെട്ടിക്ക് വെള്ളി മെഡൽ. സ്വർണപ്പോരാട്ടത്തിൽ നിലവിലെ പുരുഷ സിംഗിള്‍സ് ലോക ചാമ്പ്യനും ലോക രണ്ടാം നമ്പര്‍ താരവുമായ ചൈനയുടെ ഷി യുഖിയോട് താരം പരാജയപ്പെട്ടു. ഇതോടെ ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പ് പുരുഷ സിംഗിള്‍സ് സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കാന്‍ ആയുഷ് ഷെട്ടിക്ക് സാധിച്ചില്ല.
കലാശപ്പോരാട്ടത്തില്‍ സെമി വരെ പുറത്തെടുത്ത തിരിച്ചടിക്കാനുള്ള പോരാട്ട വീര്യം ആയുഷിന് നിലനിര്‍ത്താനായില്ല. രണ്ട് സെറ്റ് പോരാട്ടത്തില്‍ ഷി യുഖി 20കാരനായ ഇന്ത്യന്‍ താരത്തിനെ നിഷ്പ്രഭനാക്കിയാണ് സ്വര്‍ണം സ്വന്തമാക്കിയത്. ഫൈനലില്‍ സ്വര്‍ണം സ്വന്തമാക്കിയില്ലെങ്കിലും ഇന്ത്യയുടെ പുത്തന്‍ താരോദയമായി മാറി വെള്ളി മെഡലുമായി തലയുയര്‍ത്തിയാണ് താരത്തിന്റെ മടക്കം. സ്കോര്‍: 8-21, 10-21.
ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടം ആയുഷ് നേരത്തെ സ്വന്തമാക്കിയിരുന്നു. ലോക ഒന്നാം നമ്പര്‍ താരവും മുന്‍ ലോക ചാംപ്യനുമായ തായ്ലന്‍ഡിന്റെ കുന്‍ലാവുട് വിതിത്സാനെ അട്ടിമറിച്ചാണ് ആയുഷ് ഫൈനലിലേക്ക് മുന്നേറിയത്. തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നു സ്വന്തമാക്കിയാണ് താരം കായിക ലോകത്തെ അമ്പരപ്പിച്ചത്.
സെമി പോരാട്ടത്തില്‍ ആദ്യ സെറ്റ് കൈവിട്ട ശേഷം രണ്ടും മൂന്നും സെറ്റുകളില്‍ മിന്നും പ്രകടനം പുറത്തെടുത്തു വിജയം സ്വന്തമാക്കിയാണ് ആയുഷ് ഫൈനലിലേക്ക് മുന്നേറിയത്. സ്കോര്‍: 10-21, 21-19, 21-17.
Content Highlight: Ayush Shetty beaten in Badminton Asia Championships final, Wins Historic Silver