
വനിതാ കോപ്പ അമേരിക്കയില് വീണ്ടും ബ്രസീലിന് കിരീടം. ഫൈനലില് കൊളംബിയയെ പെനാല്റ്റി ഷൂട്ടൗട്ടില് വീഴ്ത്തിയാണ് ബ്രസീല് വനിതകള് വിജയം സ്വന്തമാക്കിയത്. ഇത് ഒന്പതാം തവണയാണ് ബ്രസീല് വനിതാ കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കുന്നത്.
എട്ട് ഗോളുകള് പിറന്ന ആവേശപ്പോരാട്ടത്തിനാണ് ഇക്വഡോര് സ്റ്റേഡിയം സാക്ഷിയായത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും നാല് വീതം ഗോളുകളടിച്ച് പിരിഞ്ഞു. സമനിലയായതോടെയാണ് മത്സരം പെനാല്റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില് അഞ്ചിനെതിരെ നാല് ഗോളുകള്ക്ക് ബ്രസീല് കൊളംബിയയെ തറപറ്റിച്ചു.
ആവേശം വാനോളം ഉയര്ത്തിയ ഫൈനലില് പൊരുതിയാണ് ബ്രസീല് പെണ്പട വിജയം പിടിച്ചെടുത്തത്. ഫൈനലില് 25-ാം മിനിറ്റില് ലിന്ഡ കൈസെസോയിയിലൂടെ കൊളംബിയയാണ് ആദ്യം ലീഡെടുത്തത്. ആദ്യപകുതിക്ക് പിരിയുന്നതിന് തൊട്ടുമുന്പ് ബ്രസീല് തിരിച്ചടിച്ചു. പെനാല്റ്റി ഗോളാക്കി മാറ്റി ആഞ്ചലീനയാണ് ബ്രസീലിന് സമനില നേടിക്കൊടുത്തത്.
രണ്ടാം പകുതിയില് വീണ്ടും കൊളംബിയ ലീഡെടുത്തു. 69-ാം മിനിറ്റില് ടാര്സിയന്റെ സെല്ഫ് ഗോളാണ് കൊളംബിയയെ വീണ്ടും മുന്നിലെത്തിച്ചത്. എന്നാല് 80-ാം മിനിറ്റില് അമാന്ഡ ഗുട്ടറസ് വീണ്ടും ഗോള് കണ്ടെത്തിയതോടെ ബ്രസീല് സമനിലയിലായി.
എട്ട് മിനിറ്റുകള്ക്ക് ശേഷം മെയ്റ റാമിറെസിന്റെ ഗോള് കൊളംബിയയ്ക്ക് ലീഡ് നേടിക്കൊടുത്തു. സ്റ്റോപ്പേജ് ടൈമിന്റെ അവസാന നിമിഷം ഇതിഹാസ താരം മാര്ത്ത ബ്രസീലിന്റെ രക്ഷകയായി. ഇതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു. അധിക സമയത്തും മാര്ത്ത ഗോള് നേടി ബ്രസീലിനെ മുന്നിലെത്തിച്ചെങ്കിലും ലെയ്സി സാന്റോസ് കൊളംബിയയുടെ സമനില ഗോള് നേടി.
ഇതോടെയാണ് വിജയിയെ നിര്ണയിക്കാന് പെനാല്റ്റി ഷൂട്ടൗട്ട് വേണ്ടി വന്നത്. മാര്ത്തയുടെ തകര്പ്പന് പ്രകടനം ഷൂട്ടൗട്ടിലും തുടര്ന്നു, ബ്രസീലിയന് ഗോള്കീപ്പര് ലോറെന ഡ സില്വ കൊളംബിയയുടെ രണ്ട് പെനാല്റ്റികള് രക്ഷപ്പെടുത്തി ബ്രസീലിനെ കിരീടത്തിലേക്ക് നയിച്ചു.
Content Highlights: women's Copa America 2025: Brazil beat Colombia in penalty shootout thriller to clinch 9th title