

ഇന്ത്യൻ പേസർ ഹർഷിത് റാണയ്ക്ക് താക്കീത് നൽകി ഐസിസി. റാഞ്ചിയില് നടന്ന ഒന്നാം ഏകദിന മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ താരം ഡെവാൾഡ് ബ്രെവിസിന്റെ വിക്കറ്റെടുത്തതിന് ശേഷമുള്ള അതിരുവിട്ട ആഘോഷമാണ് ഹർഷിത്തിന് തിരിച്ചടിയായത്. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ലെവൽ 1 ലംഘനത്തിനാണ് ഹർഷിത് റാണയ്ക്ക് ഔദ്യോഗിക ശാസന ലഭിച്ചത്. താക്കീതിന് പുറമേ ഒരു ഡീമെറിറ്റ് പോയന്റും ഐസിസി ഹര്ഷിതിന് വിധിച്ചിട്ടുണ്ട്.
ആര്ട്ടിക്കിൾ 2.5 പ്രകാരം എതിര് താരത്തോടോ സപ്പോര്ട്ട് സ്റ്റാഫിനോടോ പ്രകോപനപരമായി പെരുമാറുകയോ മോശം ഭാഷ ഉപയോഗിക്കുകയോ ചെയ്തുവെന്നതാണ് ഹര്ഷിത്തിനെതിരായ കുറ്റം. ഒന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിന്റെ 22-ാം ഓവറിലാണ് സംഭവം. ബ്രെവിസിന്റെ വിക്കറ്റെടുത്തശേഷം ദക്ഷിണാഫ്രിക്കൻ താരത്തിന് അടുത്തെത്തിയ റാണ ഡ്രസ്സിംഗ് റൂമിലേക്ക് വിരല് ചൂണ്ടുകയായിരുന്നു.
Harshit Rana giving a perfect send off to Dewald Brevis 🥶🔥#HarshitRana #INDvSA #INDvsSA pic.twitter.com/J6638SfyHt
— Saabir Zafar (@Saabir_Saabu01) November 30, 2025
ഐസിസി മാച്ച് റഫറി റിച്ചി റിച്ചാര്ഡ്സണിന് മുന്നില് ഹർഷിത് തെറ്റ് സമ്മതിച്ചതിനാല് ഔദ്യോഗിക വാദം കേള്ക്കലില്ലാതെയാണ് ശിക്ഷ വിധിച്ചത്. ഓൺ-ഫീൽഡ് അമ്പയർമാരായ ജയരാമൻ മദനഗോപാൽ, സാം നൊഗാജ്സ്കി, തേർഡ് അമ്പയർ റോഡ് ടക്കർ, ഫോർത്ത് അമ്പയർ രോഹൻ പണ്ഡിറ്റ് എന്നിവർ ചേർന്നാണ് കുറ്റം ചുമത്തിയത്. ലെവൽ 1 കുറ്റങ്ങൾക്ക് കുറഞ്ഞത് താക്കീതോ മാച്ച് ഫീയുടെ 50 ശതമാനം പിഴയോ ഒന്നോ രണ്ടോ ഡീമെറിറ്റ് പോയിന്റുകളോ ആണ് ലഭിക്കുക.
ഒരു കളിക്കാരന് 24 മാസത്തിനുള്ളിൽ നാലോ അതിലധികമോ ഡീമെറിറ്റ് പോയിന്റുകൾ ലഭിക്കുകയാണെങ്കിൽ, അവ സസ്പെൻഷൻ പോയിന്റുകളായി മാറ്റുകയും കളിക്കാരനെ വിലക്കുകയും ചെയ്യും. രണ്ട് സസ്പെൻഷൻ പോയിന്റുകൾ ഒരു ടെസ്റ്റ്, രണ്ട് ഏകദിനങ്ങൾ അല്ലെങ്കിൽ രണ്ട് ടി20 മത്സരങ്ങളിൽ നിന്നുള്ള വിലക്കിന് തുല്യമാണ്. ഇതിന് മുൻപ് ഐപിഎല്ലിലും അതിരുകടന്ന സെലിബ്രേഷന്റെ പേരിൽ ഹർഷിത്തിന് ശിക്ഷ ലഭിച്ചിട്ടുണ്ട്. വിക്കറ്റെടുത്തശേഷം എതിര് ടീം ബാറ്റര്മാര്ക്കുനേരെ ഫ്ലയിംഗ് കിസ് നല്കി യാത്രയയച്ചതിനാണ് ഹര്ഷിതിന് ബിസിസിഐ ശിക്ഷ വിധിച്ചിട്ടുള്ളത്.
Content Highlights: IND vs SA: Harshit Rana reprimanded by ICC, receives demerit point