

തന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നതില്‍ കോച്ച് ഗൗതം ഗംഭീര്‍ വഹിച്ച നിര്‍ണായക പങ്കിനെ കുറിച്ച് ഇന്ത്യന്‍ താരം തിലക് വര്‍മ. പരിശീലന സെഷനുകളില്‍ തന്നെ കോച്ച് ഗംഭീര്‍ സമ്മർദ്ദത്തിലാക്കാറുണ്ടെന്നാണ് തിലക് പറയുന്നത്. അങ്ങനെ ചെയ്യുന്നതിന്‍റെ കാരണവും തിലക് വ്യക്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളിലെ ഏറ്റവും ദുഷ്‌കരമായ നിമിഷങ്ങള്‍ക്ക് വേണ്ടി തയ്യാറെടുക്കുന്നതിന് വേണ്ടിയാണ് ഗംഭീര്‍ പരിശീലന സമയങ്ങളില്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കുന്നതെന്ന് തിലക് വെളിപ്പെടുത്തി. ജിയോഹോട്ട്‌സ്റ്റാറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
'ഗൗതം സാര്‍ എനിക്ക് എപ്പോഴും ആത്മവിശ്വാസം നല്‍കാറുണ്ട്. നിങ്ങള്‍ക്ക് കഴിവുണ്ടെങ്കില്‍ എല്ലാ ഫോര്‍മാറ്റുകളിലും കളിച്ച് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. മത്സരങ്ങളില്‍ സമ്മര്‍ദ്ദം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിക്കുന്നതിന് വേണ്ടി പരിശീലന സെഷനുകളില്‍ തന്നെ അദ്ദേഹം എന്നെ സമ്മര്‍ദ്ദത്തിലാക്കാറുണ്ട്. എനിക്ക് കഴിവുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ എപ്പോഴും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലാണ് എനിക്ക് പരിശീലനം നല്‍കാറുള്ളത്. ആ പിന്തുണ എനിക്ക് വളരെ വലുതാണ്', തിലക് പറഞ്ഞു.
വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമയുടെയും സാന്നിധ്യം ഇന്ത്യൻ ടീമിൽ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും തിലക് തുറന്നുപറഞ്ഞു. 'ഏകദിനവും ടെസ്റ്റ് ക്രിക്കറ്റും എനിക്ക് പറ്റിയ കളി പോലെയാണ് തോന്നുന്നത്, കാരണം എനിക്ക് ദൈർഘ്യമേറിയ ഫോർമാറ്റ് ഇഷ്ടമാണ്. കൂടുതൽ ഏകദിനങ്ങൾ കളിക്കാൻ ഞാൻ ശരിക്കും ആവേശത്തിലാണ്. രോഹിത് ഭായിയും വിരാട് ഭായിയും ഒരേ ടീമിലായിരിക്കുമ്പോൾ ലഭിക്കുന്ന ആത്മവിശ്വാസത്തിന്റെ അളവ് തികച്ചും വ്യത്യസ്തമാണ്. അവർക്ക് വളരെയധികം അനുഭവപരിചയവും അറിവും ഉണ്ട്. എന്നെ കൂടുതൽ മെച്ചപ്പെടുത്താൻ അവരിൽ നിന്ന് കഴിയുന്നത്ര ഉപദേശങ്ങൾ സ്വീകരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്', തിലക് കൂട്ടിച്ചേർത്തു.
Content Highlights: ‘Gautam Gambhir puts me under pressure in practice’: says Tilak Varma