നിമിഷ പ്രിയയുടെ മോചനവും കേരളത്തിലെ ഒറ്റുകാരും

എല്ലാ തരം വര്‍ഗീയതയ്ക്കും ഈ സന്ദര്‍ഭത്തില്‍ ഒരേ സ്വരമാണെന്നത് വ്യക്തമാവുകയാണ്

dot image

യെമനിലെ കോടതി വിധിച്ച വധശിക്ഷയില്‍ നിന്നും മലയാളി നഴ്സ് നിമിഷ പ്രിയ താത്കാലികമായി രക്ഷപ്പെട്ടിട്ട് മണിക്കൂറുകള്‍ മാത്രമേ ആയുള്ളു. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ അടക്കമുള്ളവരുടെ ഇടപെടലിലൂടെ നിമിഷപ്രിയയുടെ മോചനത്തിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിന്റെ സന്തോഷം മതേതര-സാഹോദര്യ കേരളത്തിന് വലിയ പ്രതീക്ഷകളും ആശ്വാസവുമാണ് സമ്മാനിച്ചത്. താരതമ്യേന പ്രാകൃതവും മനുഷ്യാവകാശങ്ങള്‍ക്ക് വിലകല്‍പിക്കാത്തതുമായ ഒരു ഭരണ- നിയമ വ്യവസ്ഥ നിലനില്‍ക്കുന്നിടത്ത് പെട്ടുപോയ ഒരു മലയാളി യുവതിയുടെ ജീവന്‍ രക്ഷിക്കുന്നതിനായി നമ്മുടെ നാട് സര്‍വവും മറന്ന് പ്രയത്‌നിക്കുന്നതിനിടയില്‍ ഈ ശ്രമങ്ങളെയെല്ലാം പതിയിരുന്ന് ആക്രമിക്കുന്ന ചില ഒറ്റുകാരും നമുക്കിടയിലുണ്ടെന്നത് വെളിവായിരിക്കുകയാണ്.

എല്ലാത്തിലും ഒന്നല്ലെങ്കില്‍, മറ്റൊരു തരത്തില്‍ വര്‍ഗീയ പ്രചാരണത്തിനുള്ള വേദി കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ക്ക് വീണു കിട്ടിയ ഒരേടായി ഇത് മാറിയെങ്കിലും മറ്റൊരു വിഷയത്തിലും കാണാത്ത ഒരുമ ഇതില്‍ വര്‍ഗീയ താത്പര്യക്കാരില്‍ കാണാന്‍ സാധിക്കും. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയുടെ വക്താക്കളുടെ സ്വരം ഒന്നാണെന്ന് നിമിഷ പ്രിയ വിഷയം നമുക്ക് മനസിലാക്കി തരുന്നുണ്ട്. ഇതിനിടയില്‍ മതവിരോധികളെന്ന് പറഞ്ഞ് നടക്കുന്ന ചിലരുടെ ഇരട്ടത്താപ്പുകളും കൃത്യമായി പുറത്ത് വരുന്നുണ്ട്.

Nimisha Priya
നിമിഷ പ്രിയ

നിമിഷ പ്രിയയുടെ മോചനം ആദ്യഘട്ടങ്ങളില്‍ സര്‍ക്കാര്‍ തലത്തിലായിരുന്നു നീങ്ങിയിരുന്നത്. ഹൂതികളുടെ അധീനതയിലുള്ള യെമനിലെ സനയില്‍ നിന്നുമുള്ള നിമിഷയുടെ മോചനം കേന്ദ്ര സര്‍ക്കാര്‍ തലത്തില്‍ അതീവ ദുര്‍ഘടമായതായിരുന്നു. എന്നാല്‍ യെമനിലെ സൂഫി പണ്ഡിതരെ ഇടനിലക്കാരാക്കി കൊല്ലപ്പെട്ട യുവാവിന്റെ കുടുംബവുമായി സംസാരിക്കാനുള്ള ശ്രമങ്ങള്‍ കാന്തപുരം ആരംഭിച്ചതോടെയാണ് പ്രതീക്ഷകള്‍ ഉയര്‍ന്നുതുടങ്ങിയത്.

എന്നാല്‍ അതേ സമയം, കാന്തപുരത്തിന്റെ ഇടപെടലിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ നിമിഷ പ്രിയയ്ക്കെതിരെയുള്ള പ്രചരണം ഒരു വിഭാഗം ആരംഭിച്ചിരിക്കുകയാണ് എന്നതാണ് ഖേദകരം. സംഘപരിവാര്‍ അനുകൂലികളും തീവ്ര ക്രിസ്ത്യന്‍ സംഘടനയായ കാസയും തീവ്ര മുസ്ലിം ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സോഷ്യല്‍മീഡിയ പ്രൊഫൈലുകളും ഏതാനും യുക്തിവാദികളുമെല്ലാമാണ് ഇപ്പോള്‍ നിമിഷപ്രിയക്കെതിരെ ഒന്നിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഇതില്‍ ഏറ്റവും വലിയ ഇരട്ടത്താപ്പ് കാണുന്നത് കാസയുടെ നിലപാടിലാണ്. നിമിഷ പ്രിയയ്ക്ക് വേണ്ടി ഒരിക്കല്‍ വാദിച്ച കാസയാണ് കാന്തപുരം ഇടപെട്ടുള്ള മോചനത്തിന് പിന്നാലെ നേരെ യൂ ടേണ്‍ അടിച്ചിരിക്കുന്നത്. നേരത്തെ അബ്ദുല്‍ റഹീമിന്റെ മോചനത്തിന് വേണ്ടി പണം പിരിക്കുന്ന വേളയിലായിരുന്നു നിമിഷയെ പിന്തുണച്ച് കാസ രംഗത്തെത്തിയത്. 'കോടികള്‍ കൊടുത്ത് റഹീമിനെ ഇറക്കാന്‍ ആളുണ്ട്. നിമിഷപ്രിയക്കായി പിരിക്കാന്‍ ഒരാള്‍ക്കും താല്‍പര്യമില്ല', എന്നായിരുന്നു 2024 ഏപ്രില്‍ 12ന് കാസ ഫേസ്ബുക്കില്‍ നടത്തിയ പ്രതികരണം. 'ജോലി സ്ഥലത്ത് വെച്ച് കാട്ടറബി തന്റെ യഥാര്‍ത്ഥ കാട്ടുസ്വഭാവം പുറത്തെടുത്തപ്പോള്‍ ചെറുത്തുനില്‍പ്പ് നടത്തിയ സാഹചര്യത്തില്‍ ചത്തു പോയ ഉടായിപ്പ് യെമനി അറബിയുടെ ഭാഗത്തായിരുന്നു തെറ്റ്. ഇപ്പോള്‍ ഞമ്മന്റെ ആള് ചാവാന്‍ പോയപ്പോള്‍ എന്താ കേരളത്തില്‍ പുകില്', എന്ന തീര്‍ത്തും വര്‍ഗീയമായ പരാമര്‍ശമായിരുന്നു കാസയുടെ ഫേസ്ബുക്കില്‍ പേജില്‍ അന്ന് പ്രത്യക്ഷപ്പെട്ടത്.

എന്നാല്‍ ഇന്നലത്തെ കാസയുടെ നിലപാടാകട്ടെ, നേരെ തിരിഞ്ഞിരിക്കുയാണ്. നിമിഷപ്രിയയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനോട് ഒരു തരത്തിലും യോജിക്കാനാവില്ല എന്നാണ് കാസ പ്രസിഡന്റ് കെവിന്‍ പീറ്ററുടെ അഭിപ്രായം. മാത്രവുമല്ല, കൂട്ടത്തില്‍ കാന്തപുരത്തിനെ ഇകഴ്ത്താനും കെവിന്‍ മറന്നിട്ടില്ല. 'കാന്തപുരത്തെ നന്മമരമാക്കി കൊണ്ട് തുടങ്ങിയ കോലാഹലങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. സത്യത്തില്‍ ഞായറാഴ്ച വധശിക്ഷ നീട്ടിവെച്ച തീരുമാനത്തില്‍ കാന്തപുരത്തിന്റെ യാതൊരുവിധ ഇടപെടലുകളും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം', എന്നായിരുന്നു കെവിന്റെ പ്രതികരണം.

ഇതിനിടയില്‍ സംഘപരിവാറിന്റെ വക്താവായി പ്രത്യക്ഷപ്പെടുന്ന ശ്രീജിത്ത് പണിക്കറിന്റെയും ഹിന്ദു ഐക്യ വേദി നേതാവ് ശശികലയുടെയും നിലപാടുകളും സമാനം തന്നെ, വാക്കുകള്‍ക്ക് വ്യത്യാസമുണ്ടെങ്കിലും. 'ഇത്തരം രാജ്യങ്ങളില്‍ അമിത സ്വാധീനമുണ്ടെന്ന് പറയുന്നവരെ രാഷ്ട്രം നിരീക്ഷണത്തില്‍ വെക്കുന്നത് നല്ലതാണെന്ന് തോന്നുന്നു' എന്ന മുന്നറിയിപ്പും ശശികല നല്‍കുന്നുണ്ടെന്ന് ശ്രദ്ധിക്കണം.

എക്സ് മുസ്ലിം എന്ന വിഭാഗത്തില്‍ പെടുന്ന ആരിഫ് ഹുസൈനും ഇതേ പാറ്റേണില്‍ തന്നെയാണ് പ്രത്യക്ഷപ്പെട്ടത്. 'ഇവിടെ ഒന്നാം പ്രതി ഇസ്ലാം തന്നെ ആണ്. അത് തുറന്ന് പറയുന്നവരെ അളക്കാന്‍ നിന്നിട്ടോ ചാപ്പയടിച്ചിട്ടോ കാര്യമില്ല. സാധാരണ മുസ്ലീമിനെ ഉള്‍ബുദ്ധരാക്കുകയാണ് വേണ്ടത്. നിമിഷ രക്ഷപ്പെടണം. ഒരു സംശയവും ഇല്ല. അതിന് രാജ്യാന്തര നയതന്ത്ര വഴികളാണ് വേണ്ടത്. സമ്മര്‍ദ്ദ തന്ത്രങ്ങളാണ് വേണ്ടത്. അല്ലാതെ, ബാലന്‍ കെ നായര്‍ തട്ടികൊണ്ട് പോയ പെണ്ണിനെ വിട്ട് കിട്ടാന്‍ ടിജി രവിയെ കൂട്ട് പിടിക്കുകയല്ല വേണ്ടത്', എന്നാണ് ടിയാന്റെ നിലപാട്. നിരവധി ഫേസ്ബുക്ക് പോസ്റ്റുകളാണ് ഇയാള്‍ കാന്തപുരത്തിനെതിരെയും ഇസ്ലാം മതത്തിനെതിരെയും ഈ വിഷയത്തില്‍ മാത്രം പങ്കുവെച്ചിരിക്കുന്നത്.

കൊല്ലപ്പെട്ട തലാലിന്റെ കുടുംബാംഗങ്ങളോടൊപ്പം അഭിമുഖം നടത്തി, അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് അവിടെയുള്ള യുവാക്കളുടെ പ്രതിഷേധത്തിന്റെ എരിതീയില്‍ എണ്ണയൊഴിച്ച് നിമിഷപ്രിയയുടെ വധശിക്ഷ നടത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്ന തീവ്ര വര്‍ഗീയ ചിന്താഗതിക്കാരും ഇവിടെയുണ്ട്. മുബാറക്ക് റാവുത്തര്‍ എന്ന ഒരു ഫേസ്ബുക്ക് പ്രൊഫൈല്‍ ആണ് പ്രധാനമായും ഇത്തരം പണികളിലേര്‍പ്പെടുന്നത്. കാന്തപുരത്തിന്റെ ഇടപെടലുകളല്ല ഫലം ചെയ്തതെന്നാണ് നിരവധി അഭിമുഖങ്ങളിലൂടെ ഇയാള്‍ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത്.

നിമിഷ പ്രിയയുടെ മോചനം തടയാന്‍ ഒരു വിഭാഗം നടത്തുന്ന വര്‍ഗീയ പ്രചരണം മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് തിരിച്ചടിയാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പ്രത്യക്ഷത്തില്‍ തന്നെ, മോശമല്ലാത്ത ഫോളേവേഴ്സുള്ള ഇത്തരം പ്രൊഫൈലുകള്‍ തങ്ങളുടെ സ്ഥിരം പണികള്‍ നടത്തുന്നത്.

കേരളത്തില്‍ നിന്നുമുള്ള വാര്‍ത്തകള്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്റര്‍ ഉപയോഗിച്ച് തലാലിന്റെ കുടുംബത്തെ അറിയിക്കുന്ന നീചപ്രവര്‍ത്തിയാണ് ഇക്കൂട്ടര്‍ നടത്തുന്നത്. ഒരു നാട് ഒന്നടങ്കം എല്ലാ വേര്‍തിരിവുകളും മറന്ന് ഒരു ജീവന്‍ രക്ഷിക്കാനായി പരസ്പരം ചേര്‍ന്ന് നില്‍ക്കുമ്പോഴും ഈ മണ്ണില്‍ നിന്ന് ആ ശ്രമങ്ങളെ ഒറ്റുകൊടുക്കുന്നവര്‍ ആരൊക്കെയെന്നത് ജാഗ്രതയോടെ തന്നെ പരിശോധിക്കേണ്ടതുണ്ട്.

Content Highlights: Nimisha Priya s release and the lonely people of Kerala

dot image
To advertise here,contact us
dot image