'സ്വിം സ്യൂട്ട് ധരിച്ചേ പറ്റൂ, അത് മിസ് ഇന്ത്യ മത്സരത്തിന്റെ ഭാഗമാണ്'; അച്ഛനോട് അന്ന് സുസ്മിത പറഞ്ഞു

മകളെ ഒരു ഐഎഎസ് ഉദ്യോഗസ്ഥയായി കാണാനാണ് ആ പിതാവ് ആഗ്രഹിച്ചിരുന്നത്.

dot image

മിസ് യൂണിവേഴ്‌സ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായിരുന്നു സുസ്മിത സെന്‍. 1994ല്‍ നേടിയ ആ സൗന്ദര്യ കിരീടത്തിലേക്കുള്ള യാത്ര സുസ്മിതയെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമുള്ളതായിരുന്നില്ല. സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്നതിനായി തീരുമാനിക്കുന്നതിന് പിന്നാലെ അച്ഛനുമായി സുസ്മിതയ്ക്ക് പിണങ്ങേണ്ടി വന്നു. മകളെ ഒരു ഐഎഎസ് ഉദ്യോഗസ്ഥയായി കാണാനാണ് ആ പിതാവ് ആഗ്രഹിച്ചിരുന്നത്. സുസ്മിതയും ആ ലക്ഷ്യം നേടുക എന്ന ചിന്തയില്‍ തന്നെയായിരുന്നു. അതിന് അനുസരിച്ചായിരുന്നു അവരുടെ പഠനം.

മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് അച്ഛനോട് പറയുന്നതിനെ കുറിച്ച് സുസ്മിത ഓര്‍ക്കുന്നുണ്ട്. 'ഞാന്‍ മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കാന്‍ പോകുന്നു എന്ന 'ബോംബ്' അച്ഛന്റെ അടുത്ത് പൊട്ടിച്ചതോടെ കുറച്ചുനേരം അദ്ദേഹം എന്നോട് മിണ്ടിയില്ല. അച്ഛന് ഒരു കാര്യം സത്യം ചെയ്തു നല്‍കിയ ഒരു നിമിഷം ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്.

സൗന്ദര്യമത്സരത്തില്‍ ഒരു റൗണ്ടില്‍ സ്വിം സ്യൂട്ടില്‍ പ്രത്യക്ഷപ്പെടണം. പക്ഷെ ഞാന്‍ അച്ഛനോട് പറഞ്ഞു, അച്ഛാ മത്സരത്തിന്റെ ഭാഗമായി എനിക്ക് സ്വിം സ്യൂട്ട് ധരിക്കേണ്ടതുണ്ട്. അത് മത്സരത്തിന്റെ ഭാഗമാണ്. എനിക്കത് ധരിക്കാതിരിക്കാനാവില്ല. പക്ഷെ ഞാനത് വളരെ മാന്യമായി മാത്രമേ ധരിക്കൂ. മറ്റെല്ലാവരും ചെയ്യുന്ന ഒരു കാര്യം ചെയ്യാതിരുന്നുകൊണ്ട് എനിക്ക് ഒരു മത്സരത്തില്‍ പങ്കെടുക്കാനാവില്ല.' അച്ഛന് മുന്നില്‍ വളരെ സത്യസന്ധമായി നടത്തിയ ഒരു അഭ്യര്‍ഥന ആയിരുന്നു അതെന്ന് അവര്‍ പറയുന്നു.

എന്നിരുന്നാല്‍ പോലും സുസ്മിതയുടെ ആ അഭ്യര്‍ഥന അദ്ദേഹത്തിന് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതായിരുന്നില്ല. അദ്ദേഹം സന്തോഷവാനായിരുന്നില്ലെന്നും സുസ്മിത ഓര്‍ക്കുന്നുണ്ട്.

മിസ് ഇന്ത്യ മത്സരം വിജയിച്ച് മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്ന കാര്യം പിതാവിനോട് പങ്കുവച്ചതിനെ കുറിച്ചും സുസ്മിത ഓര്‍ക്കുന്നുണ്ട്. ഒരു ഡിഫന്‍സ് പേഴ്‌സനല്‍ ആയിരുന്ന പിതാവിന് ജീവിതത്തിലെ ഏറ്റവും വലിയ നിമിഷം സമ്മാനിച്ചത് പോലെയാണ് തനിക്ക് തോന്നിയതെന്ന് സുസ്മിത ഓര്‍ക്കുന്നു.

Content Highlights: Sushmita Sen's Emotional Plea: Conquering Dad's Doubts About Miss India Participation

dot image
To advertise here,contact us
dot image