നിമിഷപ്രിയ വിഷയം: കാന്തപുരത്തിൻ്റേത് ഈശ്വരീയമായ കര്‍മ്മം, ഉള്‍ക്കൊള്ളണം, അംഗീകരിക്കണം: പി എസ് ശ്രീധരൻ പിള്ള

സംസ്ഥാന സര്‍ക്കാര്‍-ഗവര്‍ണര്‍ പോരിലും ശ്രീധരന്‍ പിള്ള പ്രതികരിക്കാതെ ഒഴിഞ്ഞുമാറി

dot image

കൊച്ചി: നിമിഷ പ്രിയയുടെ വധശിക്ഷ മരവിപ്പിക്കുന്നതിനായി ഇടപെടല്‍ നടത്തിയ സമസ്ത എ പി വിഭാഗം നേതാവ് കാന്തപുരം അബൂബക്കർ മുസലിയാരുടെ ഇടപെടലിനെ പ്രശംസിച്ച് ബിജെപി നേതാവും ഗോവ മുന്‍ ഗവര്‍ണറുമായ പി എസ് ശ്രീധരന്‍ പിള്ള. കാന്തപുരത്തിന്റേത് ഈശ്വരീയമായ കര്‍മ്മമാണെന്നും അതിനെ ഉള്‍ക്കൊള്ളുകയും അംഗീകരിക്കുകയും വേണമെന്നും ശ്രീധരന്‍ പിള്ള റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

'കാന്തപുരവുമായുള്ള സഹകരണത്തിന്റെ പേരില്‍ ചെളിവാരി എറിയലിന് വിധേയനായ ആളാണ് ഞാന്‍. നീതി ബോധത്തില്‍ മാത്രമെ മുന്നോട്ട് പോകൂ. അദ്ദേഹവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങളില്‍ ഇടപെട്ടിട്ടുണ്ട്. നിമിഷ പ്രിയയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടക്കുമ്പോഴും അദ്ദേഹത്തിന്റെ സെക്രട്ടറി എന്നെ വിളിച്ചിരുന്നു. കാന്തപുരം ചെയ്ത് നല്ല പ്രവൃത്തിയാണ്. ഈശ്വരീയമായ കര്‍മ്മമാണ് അദ്ദേഹം ചെയ്തത്. അതിനെ ഉള്‍ക്കൊള്ളുകയും അംഗീകരിക്കുകയും വേണം', എന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രതികരണം.

ബിജെപി നേതൃത്വത്തില്‍ വന്ന 'കള്‍ച്ചറല്‍ ചേയ്ഞ്ച്' പാര്‍ട്ടിക്ക് ഗുണം ചെയ്യുമോയെന്ന ചോദ്യത്തോട് ഗോവ ഗവര്‍ണറുടെ സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം പറയാവുന്ന കാര്യങ്ങള്‍ പ്രസ്ഥാനത്തിന് ദോഷകരമല്ലാത്ത രീതിയില്‍ പറയുമെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രതികരണം.

' ജൂലൈ 26 നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. 25 വരെ ചുമതലയിലുണ്ട്. അത് കഴിഞ്ഞശേഷം പ്രതികരിക്കാം. പാര്‍ട്ടി രൂപീകരിച്ച കാലം മുതലുള്ള കാര്യങ്ങളുണ്ട്. പറയാവുന്ന കാര്യങ്ങള്‍ പ്രസ്ഥാനത്തിന് ദോഷകരമല്ലാത്ത രീതിയില്‍ പറയും. പ്രസ്ഥാനം എല്ലാം എനിക്ക് തന്നിട്ടുണ്ട്. ആക്രാന്തത്തോടെ പിടിച്ചുവാങ്ങുന്ന രീതികളിലേയ്ക്ക് പാര്‍ട്ടികൾ മാറുന്നു. പാര്‍ട്ടിയുടെ അംഗീകാരം അന്വേഷിക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല', പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍-ഗവര്‍ണര്‍ പോരിലും ശ്രീധരന്‍ പിള്ള പ്രതികരിക്കാതെ ഒഴിഞ്ഞുമാറി. ഇപ്പോള്‍ പ്രതികരിക്കാനില്ല. പിന്നീട് ആവാമെന്നായിരുന്നു മറുപടി. എല്ലാവരും യോജിച്ച് പോകണം. സംഘര്‍ഷമല്ല സമന്വയമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: p s sreedharan pillai Support Kanthapuram A P Aboobacker Musliyar

dot image
To advertise here,contact us
dot image