
കോഴിക്കോട്: കാലിക്കറ്റ് സര്‍കലാശാലയിലെ ബി എ മലയാളം പാഠപുസ്തകത്തില്‍ നിന്നും റാപ്പര്‍ വേടന്റെയും ഗൗരി ലക്ഷ്മിയുടെ പാട്ട് ഒഴിവാക്കണമെന്ന ശുപാര്‍ശയില്‍ പ്രതികരിച്ച് വൈസ് ചാന്‍സലര്‍ ഡോ. പി രവീന്ദ്രന്‍. അക്കാദമിക് വിഷയത്തെ രാഷ്ട്രീയ പ്രശ്‌നമായി കൂട്ടി കലര്‍ത്തരുതെന്ന് അദ്ദേഹം പറഞ്ഞു. സംഗീതം ആണോ സാഹിത്യം ആണോ താരതമ്യം ചെയ്യേണ്ടത് എന്ന ആലോചന വന്നെന്നും അപ്പോഴാണ് വിഷയ വിദഗ്ധരെ ആശ്രയിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
'ബി എ മലയാളം ആയതു കൊണ്ട് സാഹിത്യത്തിന് ഇണങ്ങുന്നത് അല്ലെന്ന അഭിപ്രായം കിട്ടി, ഒഴിവാക്കാന്‍ തീരുമാനിച്ചു. ഗൗരി ലക്ഷ്മി ചൊല്ലിയതും, കോട്ടക്കല്‍ നാട്യ സംഘത്തിലെ ഒരാള്‍ ചൊല്ലിയതും തമ്മിലെ താരതമ്യം ആണ് മറ്റൊരു വിഷയം. അത് സംഗീത പഠനത്തിന് അല്ലെ? മലയാള സാഹിത്യത്തില്‍ ആവിശ്യം ഇല്ലാലോ', അദ്ദേഹം പറഞ്ഞു.
വേടന്റെ പാട്ട് രാഷ്ട്രീയ വിഷയം മാത്രമായി കാണരുതെന്നും അക്കാദമിക വിഷയമായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലിക്കറ്റ് ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ മാത്രം ആണ് വിഷയ വിദഗ്ധര്‍ ഉള്ളൂ എന്ന ചിന്ത പാടില്ലെന്നും എം എം ബഷീറിന്റെ അഭിപ്രായം തേടിയതില്‍ അദ്ദേഹം വിശദീകരിച്ചു. പല കാര്യങ്ങളിലും പുറത്തു നിന്ന് ആളുകളുടെ അഭിപ്രായം തേടാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെ റിപ്പോര്‍ട്ട് വന്നതിനു ശേഷം തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് ആസ്വാദകരുള്ള കലാകാരനാണ് വേടനെന്നും വി സി പറഞ്ഞു. അക്രമവും സമരവും രണ്ടും രണ്ടാണെന്നും രാഷ്ട്രീയമായി ഒരു ഭ്രാന്താലമായി കേരളം മാറുന്നുണ്ടെന്നും രവീന്ദ്രന്‍ പറഞ്ഞു.
വേടന്റേയും ഗൗരിലക്ഷ്മിയുടേയും പാട്ടുകള്‍ സിലബസില്‍ നിന്നും ഒഴിവാക്കാനായിരുന്നു വൈസ് ചാന്‍സലര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശിപാര്‍ശ. മലയാളം വിഭാഗം മുന്‍ മേധാവി ഡോ. എം എം ബഷീര്‍ ആണ് പഠനം നടത്തി വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വേടന്റെ പാട്ട് പിന്‍വലിക്കാന്‍ ശുപാര്‍ശ ചെയ്തത്. ഗൗരി ലക്ഷ്മിയുടെ 'അജിത ഹരേ' എന്ന പാട്ട് കഥകളി സംഗീതവുമായി താരതമ്യപഠനം നടത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ ബി എ മലയാളം പഠിക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ അടിസ്ഥാന കാര്യങ്ങളില്‍ പോലും ധാരണയുണ്ടാവില്ലെന്നും ഇത്തരം താരതമ്യപഠനം കഠിനമായിരിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഗൗരിയുടെ പാട്ട് പിന്‍വലിക്കാന്‍ ശിപാര്‍ശ ചെയ്തത്.
വേടന്റെ 'ഭൂമി ഞാന്‍ വാഴുന്നിടം' എന്ന പാട്ട് സിലബസില്‍ ഉള്‍പ്പെടുത്തിയതിനെതിരെ സിന്‍ഡിക്കേറ്റിലെ ബിജെപി അംഗം എ കെ അനുരാജ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ചാന്‍സലറുടെ നിര്‍ദേശ പ്രകാരം വി സി ഡോ. പി രവീന്ദ്രന്‍ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
Content Highlights: Calicut VC about Gouri and Vedan song issue in B A Malayalam syllabus