മോഹൻ ഭാഗവതിൻ്റെ 'പ്രായപരിധി ഒളിയമ്പ്' മോദിയെ ലക്ഷ്യമിട്ടോ? പിൻഗാമി ചർച്ചകളിലും ആർഎസ്എസ് നിലപാട് നിർണ്ണായകം

മോദിയുമായി അഞ്ച് വർഷം പൂർത്തിയാക്കാൻ ബിജെപി ഒരുങ്ങുമോ ആ‌‍ർഎസ്എസ് അതിനെ പിന്തുണയ്ക്കുമോ എന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്

dot image

'75 വയസായാൽ, അതിനർത്ഥം എല്ലാം മതിയാക്കണം എന്നാണ്. മറ്റുള്ളവർക്ക് വഴി മാറിക്കൊടുക്കണം' നാഗ്പൂരിലെ ഒരു പുസ്തക പ്രകാശന വേദിയിയിൽ ഉയർന്ന ഈ പ്രതികരണം എന്തെല്ലാം തുടർ ചലനങ്ങൾ ഉയർത്തുമെന്ന ആകാംക്ഷയിലാണ് രാജ്യത്തെ രാഷ്ട്രീയ കേന്ദ്രങ്ങൾ. 75 വയസ്സ് കഴിഞ്ഞാൽ വഴിമാറി കൊടുക്കണമെന്ന് ആവശ്യം ഉന്നയിച്ചത് ആർഎസ്എസ് സർസംഘ് ചാലക് മോഹൻ ഭാഗവത് ആയതിനാലാണ് വിഷയം വളരെ വേ​ഗം ചൂട് പിടിച്ചത്. 2025 സെപ്റ്റംബർ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 75 വയസ്സ് തികയുകയാണ്. മോഹൻ ഭാ​ഗവതിന് സെപ്തംബർ 11ന് 75 വയസ്സ് പൂ‍ർ‌ത്തിയാകും. സ്വന്തം കാര്യത്തിലാണ് മോഹൻ ഭാ​ഗവത് അഭിപ്രായം പറഞ്ഞതെന്ന് വാദത്തിന് വേണമെങ്കിൽ പറയാം. എന്നാൽ 75 വയസ്സെന്ന പ്രായപരിധി നേരത്തെ അടൽ ബിഹാരി വാജ്‌പെയ്, എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി എന്നീ നേതാക്കൾക്ക് ബാധകമായിരുന്നു. ഈ നേതാക്കളെ പ്രതിഷ്ഠിക്കാനാണ് 2014ൽ ബിജെപി 'മാർഗ്ഗനിർദ്ദേശ് മണ്ഡൽ' രൂപീകരിച്ചതെന്നും ‌ചർ‌ച്ചകളുണ്ടായിരുന്നു. '75 വയസ്സായാൽ എല്ലാം മതിയാക്കണം' എന്ന മോഹൻ ഭാ​ഗവതിൻ്റെ നിലപാട് പുറത്ത് വന്നതിന് പിന്നാലെ പ്രതിപക്ഷവും ബിജെപി നേതൃത്വത്തെ ഓർമ്മപ്പെടുത്തിയത് ഈ വിഷയമാണ്.

'എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, ജസ്വന്ത് സിങ് തുടങ്ങിയ നേതാക്കളെ മോദി വിരമിപ്പിച്ചത് നമ്മൾ കണ്ടു. ഇതേ തീരുമാനം മോദിക്കും ബാധകമാകുമോ' എന്നായിരുന്നു ശിവസേന ഉദ്ധവ് വിഭാഗം എംപി സഞ്ജയ് റാവത്തിൻ്റെ ചോദ്യം. 'നരേന്ദ്ര മോദിയും മോഹൻ ഭാ​ഗവതും വിരമിക്കുകയാണ്, രാജ്യത്തിന് നല്ലകാലം വരികയാണ്' എന്നായിരുന്നു കോൺ​ഗ്രസ് നേതാവ് പവൻ ഖേരയുടെ പ്രതികരണം. 'പറയുകയല്ല, ചെയ്തുകാണിക്കുകയാണ് വേണ്ടത്, നിലവിലെ ഭരണകർത്താക്കൾ ഇതിൽപ്പെടുമോ എന്നത് നോക്കികാണാ'മെന്നുമായിരുന്നു കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വിയുടെ പ്രതികരണം. മോഹൻ ഭാ​ഗവതിൻ്റെ നിലപാട് പ്രതിപക്ഷം പ്രധാനമന്ത്രിയെ അടിക്കാനുള്ള വടിയാക്കുമെന്നാണ് ഇതിനകം വ്യക്തമാകുന്നത്.

Mohan Madhukar Rao Bhagwat born 11 September 1950 is the sixth and current Sarsanghchalak (Chief) of the Rashtriya Swayamsevak Sangh (RSS) since 2009.
മോഹൻ ഭാഗവത്

പ്രായപരിധിയിൽ നരേന്ദ്ര മോദിക്ക് നേരത്തെ ഇളവ് നൽകിയിരുന്നു എന്നാണ് ഈ വിഷയത്തിൽ ബിജെപി ഉയർത്തുന്ന പ്രതിരോധം. പാർട്ടിയിൽ 75 വയസായാൽ വിരമിക്കണമെന്ന് ഒരു നിയമവുമില്ലെന്നായിരുന്നു 2024ലെ പൊതുതെരഞ്ഞെടുപ്പ് സമയത്ത് സമാന വിഷയം ഉയർന്ന് വന്നപ്പോൾ ബിജെപി വ്യക്തമാക്കിയിരുന്നത്. അടുത്തവർഷം മോദിക്ക് 75 വയസ്സ് കഴിയും മോദി റിട്ടയർ ചെയ്യുമോ എന്നായിരുന്നു തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ബിജെപിയെ പ്രതിരോധത്തിലാക്കിയ അരവിന്ദ് കെജ്‌രിവാൾ ഉയർത്തിയ ചോദ്യം. അരവിന്ദ് കെജ്‌രിവാൾ ഉയർത്തിയ ഈ ചോദ്യം തന്നെയാവും മോദി 3.0 കാലത്തുടനീളം ബിജെപി നേരിടാൻ പോകുന്ന ഏറ്റവും ഗൗരവമുള്ള വിഷയമെന്ന് അന്നേ നിരീക്ഷണങ്ങളുണ്ടായിരുന്നു.

അതിശക്തനായ നേതാവ് എന്ന മോദിയുടെ പ്രതിച്ഛായയെ പാടെ ദുർബലപ്പെടുത്തുന്നതായിരുന്നു 2024ലെ തെരഞ്ഞെടുപ്പ് ഫലം. ഒറ്റയ്ക്ക് കേവലഭൂരിപക്ഷം പ്രതീക്ഷിച്ച ബിജെപിക്ക് ഭരണം മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ നിതീഷ് കുമാറിന്റെയും ചന്ദ്രബാബു നായിഡുവിന്റെയും ദയാദാക്ഷിണ്യം നിലവിൽ അനിവാര്യമാണ്. ആദ്യ രണ്ട് ടേമിലും മോദി ഭരണകൂടം കാഴ്ചവച്ച 'നയപരമായ ആക്രമണോത്സുകത' മൂന്നാം ടേമിൽ ഉണ്ടാകില്ലെന്ന് നേരത്തെ വിലയിരുത്തലുണ്ടായിരുന്നു. എന്നാൽ 'വഖഫ് ഭേദ​ഗതി ബിൽ' പാസാക്കി കരുത്ത് തെളിയിക്കാനുള്ള നീക്കം മൂന്നാം ടേമിലെ ആദ്യവർഷം തന്നെ മോദി സർക്കാർ നടത്തിയിരുന്നു. 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന പ്രഖ്യാപനവും നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് മോദി സ‍ർക്കാർ. ഇതിനിടയിൽ പഹൽ​ഗാം ആക്രമണത്തെ തുടർന്ന് നടത്തിയ 'ഓപ്പറേഷൻ സിന്ദൂറി'നെ ഒരു വൈകാരിക വിഷയമാക്കാനും മോദിക്കും സംഘത്തിനും സാധിച്ചിരുന്നു. അതിശക്തനായ നേതാവ് എന്ന പ്രതിച്ഛായ തനിക്ക് നഷ്ടമായിട്ടില്ലെന്ന് ബോധ്യപ്പെടുത്തുന്ന പ്രതികരണങ്ങളായിരുന്നു ഈ വിഷയങ്ങളിലെല്ലാം മോദി നടത്തിയത്. 'ഓപ്പറേഷൻ സിന്ദൂറി'ന് ശേഷം ഈ നിലയിൽ മോദി തിളങ്ങി നിൽക്കുമ്പോഴാണ് '75 വയസ്സിലെ നിർബന്ധിത വിരമിക്കൽ' എന്ന ക്ലസ്റ്റർ ബോംബുമായി മോഹൻ ഭാഗവത് രംഗത്ത് വന്നിരിക്കുന്നത്.

2024ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്ര മോദി

ആർഎസ്എസ്-മോദി ഭിന്നതയുടെ അടിയൊഴുക്കുകൾ

ആർഎസ്എസുമായി മോദിയ്ക്കുള്ള ബന്ധം പഴയത് പോലെ സുഗമമല്ലെന്ന വിലയിരുത്തൽ 2024ലെ തെരഞ്ഞെടുപ്പ് ഘട്ടം മുതൽ അന്തരീക്ഷത്തിലുണ്ട്. ആർഎസ്എസിന്റെ ആശയപ്രതലത്തോട് ചേർന്ന് നിൽക്കുന്ന നയസമീപനങ്ങൾക്ക് രണ്ട് ടേമിലും മോദി സർക്കാർ മുൻഗണന നൽകിയിരുന്നു. ഏകീകൃത സിവിൽ കോഡ്, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് തുടങ്ങിയ ആശയങ്ങൾ മൂന്നാം ടേമിൽ നടപ്പിലാക്കുമെന്ന പ്രതീതിയും തിരഞ്ഞെടുപ്പിന് മുമ്പ് നരേന്ദ്ര മോദി സർക്കാരും ബിജെപി നേതൃത്വവും സൃഷ്ടിച്ചിരുന്നു. ആർഎസ്എസ് രൂപം കൊണ്ടതിന്റെ നൂറാം വർഷത്തിൽ അവർ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ ഹിന്ദുത്വയുടെ ഭരണക്രമത്തിന് രാജ്യത്ത് ശക്തമായ അടിത്തറ പാകാൻ നരേന്ദ്രമേദിയുടെ നേതൃത്വത്തിലുള്ള മൂന്നാം സർക്കാരിന് സാധിക്കുമെന്നായിരുന്നു പൊതുവെ പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

എന്നാൽ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ആർഎസ്എസ് ആ നിലയിൽ ബിജെപിയെ പിന്തുണച്ചില്ലെന്നാണ് കാണേണ്ടത്. 2024ലെ തെരഞ്ഞെടുപ്പ് തിരിച്ചടിയിൽ മോദിക്ക് വിനയായത് ആർഎസ്എസ് അതൃപ്തിയും അവരുടെ നിസ്സഹകരണവുമാണെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നത്. മൂന്നാംടേമിന് ഒരുങ്ങുന്ന മോദിയെ ആർഎസ്എസ് എന്തുകൊണ്ട് പിന്തുണച്ചില്ല, അല്ലെങ്കിൽ മോദിയെ 400 സീറ്റിലേറെ നേടുമെന്ന് അവകാശപ്പെട്ട മോദിയെ എന്തുകൊണ്ട് ദുർബലനാക്കി എന്ന ചോദ്യം തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഉയർന്നിരുന്നു. ആർഎസ്എസിന്റെ ആശയപരമായ ഹിന്ദുത്വയുടെ നെടുംതൂണായി മോദിയെന്ന ഭരണബിംബത്തെ പ്രതിഷ്ഠിച്ചതാണ് ആർഎസ്എസിനെ പ്രകോപിപ്പിച്ചതെന്നായിരുന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്.

2024ലെ തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിൽ തന്നെ ആർഎസ്എസ്-ബിജെപി അഭിപ്രായ ഭിന്നതയുടെ സ്വരം ഉയർന്നിരുന്നു. ബിജെപി ഇപ്പോൾ കൂടുതൽ കഴിവുള്ളവരാണെന്നും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആർഎസ്എസിന്റെ പിന്തുണ ആവശ്യമില്ലെന്നും ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ പ്രസ്താവിച്ചിരുന്നു. യുപി അടക്കമുള്ള ശക്തികേന്ദ്രങ്ങളിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ശക്തിദുർഗ്ഗം ആർഎസ്എസ് ആണെന്നത് പരസ്യമായ രഹസ്യമാണ്. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മധ്യത്തിൽ നിൽക്കെ ജെപി നദ്ദ ഇത്തരമൊരു പ്രസ്താവന നടത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ അതിശയിപ്പിച്ചിരുന്നു.

ബിജെപിയുടെ സീറ്റ് വിഹിതം കുറയാൻ കാരണം ധാർഷ്ട്യമാണെന്ന് ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം പ്രതികരിച്ചിരുന്നു. ആർഎസ്എസ് വളരെ വേഗം ഇന്ദ്രേഷിന്റെ പ്രസ്താവനയെ നിരാകരിച്ച് രംഗത്തെത്തിയിരുന്നു. മോദിയുടെ നേതൃത്വത്തിൽ മാത്രമേ ഇന്ത്യയ്ക്ക് പുരോഗതി കൈവരിക്കാനാവൂവെന്നായിരുന്നു ആർഎസ്എസിന്റെ വിശദീകരണം. എന്നാൽ പിന്നീട് നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് പ്രവർത്തകർക്കായി സംഘടിപ്പിച്ച 'കാര്യകർത്ത വികാസ് വർഗ്' എന്ന പരിശീലനക്യാമ്പിലെ സമാപന പ്രസംഗത്തിൽ ബിജെപിക്കെതിരായ അതൃപ്തി ആർഎസ്എസ് മേധാവി മോഹൻ ഭഗവത് പ്രകടിപ്പിച്ചിരുന്നു. 'തെരഞ്ഞെടുപ്പ് കാലത്ത് നമ്മുടെ സംസ്‌കാരത്തിന്റെ അന്തസ്സും മൂല്യങ്ങളും കാത്തുസൂക്ഷിച്ചിട്ടില്ല. പ്രതിപക്ഷത്തെ ശത്രുവായാണ് കണക്കാക്കുന്നത്. പ്രതിപക്ഷത്തെ ബദൽവീക്ഷണം പ്രകടിപ്പിക്കുന്നവരായി കണക്കാക്കുകയും ഭരണ-പ്രതിപക്ഷങ്ങൾ സമവായത്തിലെത്താൻ ശ്രമിക്കുകയും വേണ'മെന്നായിരുന്നു തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് തൊട്ടുപിന്നാലെയുള്ള മോഹൻ ഭഗവതിന്റെ പ്രതികരണം. ബിജെപിയോടുള്ള ആർഎസ്എസിന്റെ അതൃപ്തിയുടെ ബഹിർസ്ഫുരണമായി മോഹൻ ഭഗവതിന്റെ നിലപാട് വിലയിരുത്തപ്പെടുന്നത്. ഈ നിലയിൽ മോദിയുടെ നേതൃത്വത്തെ പൂർണ്ണമായി അംഗീകരിക്കുന്നില്ല എന്ന നിലപാട് ഒളിഞ്ഞും തെളിഞ്ഞും നേരത്തെയും ആർഎസ്എസ് പ്രകടിപ്പിച്ചിരുന്നു. അതിനാൽ തന്നെ പ്രായപരിധി സംബന്ധിച്ച മോഹൻ ഭാഗവതിൻ്റെ ഏറ്റവും ഒടുവിലത്തെ പ്രതികരണം ഒന്നും ചിന്തിക്കാതെയാണെന്ന് കാണാനാവില്ല.

മോദിക്ക് ശേഷമാര്?

മോഹൻ ഭാ​ഗവതിൻ്റെ നിലപാട് പുറത്ത് വന്നതിന് പിന്നാലെ മോദിക്ക് ശേഷമാരാണ് എന്ന ചോദ്യം വീണ്ടും ഉയരുകയാണ്. 2024ൽ തീവ്രഹിന്ദുത്വയുടെ എല്ലാ സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തിയായിരുന്നു ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. 2014ലും 2019ലും ഇത്രമേൽ തീവ്രമായി തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ബിജെപി ഹിന്ദുത്വയുടെ തീവ്രനിലപാടുകളെ കൂട്ടുപിടിച്ചിരുന്നില്ല. 2014ൽ ഗുജറാത്ത് മോഡലും അഴിമതി വിരുദ്ധതയും പറഞ്ഞായിരുന്നു ബിജെപി മോദിയെ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിട്ടത്. 2019ൽ ബാലാക്കോട്ട് ആക്രമണവും മറ്റും സൃഷ്ടിച്ച വൈകാരിക ദേശസ്‌നേഹ പശ്ചാത്തലം ബിജെപി തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചിരുന്നു. അപ്പോഴും ഹിന്ദുത്വയുടെ തീവ്രമായ ആശയപരിസരത്തെ ബിജെപി ആ നിലയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിരുന്നില്ല.

എന്നാൽ രണ്ടാം ടേമിൽ അധികാരത്തിലെത്തിയ ബിജെപി രാഷ്ട്രീയ ഹിന്ദുത്വയുടെ ആശയപരിസരം മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വ നിലപാടുകൾക്ക് കൂടുതൽ പ്രധാന്യം നൽകി. ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കുന്ന നിമയനിർമ്മാണം, മുത്തലാഖ് ബിൽ, പൗരത്വ നിയമം, രാമക്ഷേത്ര നിർമ്മാണം തുടങ്ങിയ വിഷയങ്ങളിലെല്ലാം തീവ്രഹിന്ദുത്വ വൈകാരികതയെ തൃപ്തിപ്പെടുത്തുന്ന സമീപനമാണ് ബിജെപി സർക്കാർ മോദിയുടെ നേതൃത്വത്തിൽ സ്വീകരിച്ചത്. അതിൽ തന്നെ രാമക്ഷത്ര വിഷയത്തെ സവിശേഷമായ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയം എന്ന നിലയിലാണ് ബിജെപിയും വിശേഷിച്ച് നരേന്ദ്ര മോദി കൈകാര്യം ചെയ്തത്. ക്ഷേത്രത്തിന്റെ ശിലാന്യാസ ചടങ്ങിലും, പ്രാണപ്രതിഷ്ഠാ ചടങ്ങിലും രാജ്യത്തിന്റെ മുഖ്യപുരോഹിതൻ എന്ന ആലങ്കാരികമായ വൈകാരിക പ്രതിച്ഛായയിലേയ്ക്ക് കൂടി മോദി തന്നെ സ്വയം പ്രതിഷ്ഠിച്ചിരുന്നു.

Prime Minister Narendra Modi on Sunday said that the "historic moment" of the consecration ceremony at the Ram temple in Ayodhya will enrich the Indian heritage and culture and take the country's development journey to new heights.
നരേന്ദ്ര മോദി

അത്രയേറെ പ്രകടമായി തീവ്രഹിന്ദുത്വ വൈകാരികതയെ തൃപ്തിപ്പെടുത്തുന്ന സമീപനമായിരുന്നു രണ്ടാം ടേമിൽ നരേന്ദ്ര മോദി സ്വീകരിച്ചത്. ഇതിൻ്റെ തുടർച്ചയായ സമീപനം തന്നെയായിരുന്നു 2024ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും മോദി പരീക്ഷിച്ചത്. രാമക്ഷേത്രത്തെ വൈകാരിക തിരഞ്ഞെടുപ്പ് വിഷയമായി ഉയർത്തിക്കാണിക്കുന്നതിനൊപ്പം ന്യൂനപക്ഷവിരുദ്ധ പരാമർശങ്ങളും മോദിയുടെ ഭാഗത്ത് നിന്നും ഉണ്ടായി. ഭൂരിപക്ഷ വോട്ടർമാരെ ബിജെപിക്ക് അനുകൂലമായി ധ്രുവീകരിക്കുക എന്നതായിരുന്നു ഇതിലൂടെ മോദി ലക്ഷ്യം വെച്ചത്. എന്നാൽ ഹിന്ദുത്വയുടെ അതിശക്തനായ നേതാവ് എന്ന മോദിയുടെ പ്രതിച്ഛായ ദുർബലമാണെന്ന് വ്യക്തമാകുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം. രാമക്ഷേത്ര അജണ്ടയ്ക്ക് ഉത്തർപ്രദേശിൽ പോലും വേണ്ടത്ര സ്വീകാര്യത കിട്ടിയില്ല. വാരാണസിയിൽ നരേന്ദ്ര മോദിയുടെ ഭൂരിപക്ഷം കേവലം 1,52,513 മാത്രമായിരുന്നു. വോട്ടെണ്ണലിൻ്റെ ഒരുവേള മോദി പിന്നിൽ പോകുന്ന സാഹചര്യം പോലും ഉണ്ടായിരുന്നു. ഈ നിലയിൽ രണ്ടാം ടേമിലുടനീളവും തെരഞ്ഞെടുപ്പ് ഘട്ടത്തിലും ഉയർത്തിയ ഹിന്ദുത്വ അജണ്ടകളും അതിശക്തിമാൻ എന്ന വിവരണവും ജനങ്ങൾ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് മൂന്നാം ടേമിൽ മോദി വീണ്ടും അധികാരത്തിലെത്തിയത്.

2025 സെപ്റ്റംബർ 17ന് 75 വയസ്സ് തികയുന്ന മുറയ്ക്ക് മോദി വിരമിച്ചേക്കാം എന്ന അഭ്യൂഹങ്ങൾ പക്ഷെ തെരഞ്ഞെടുപ്പിന് ശേഷം കെട്ടടങ്ങിയിരുന്നു. എന്നാൽ മോദിക്ക് 75 വയസ്സ് തികയാൻ കേവലം രണ്ട് മാസത്തോളം മാത്രം ശേഷിക്കെ ആ‍ർഎസ്എസ് മേധാവി മുന്നോട്ടുവെച്ച ച‍ർച്ച നേതൃമാറ്റമെന്ന അനുരണനം വീണ്ടും പ്രതിഫലിപ്പിക്കുന്നുണ്ട്. സ്വഭാവികമായും മോദിക്ക് ശേഷം ആര് എന്ന ചോദ്യമാണ് ഈ ഘട്ടത്തിൽ ഉയരുന്നത്. അമിത്ഷാ എന്ന സ്വഭാവിക നിഗമനത്തിലേയ്ക്കാണ് രാഷ്ട്രീയ നിരീക്ഷകരെല്ലാം എത്തിച്ചേരുന്നത്. കഴിഞ്ഞ ഒരുദശകത്തോളമായി മോദി-അമിത്ഷാ ദ്വയത്തെ നേതൃനിരയിൽ പ്രതിഷ്ഠിച്ചായിരുന്നു ബിജെപിയുടെ കേന്ദ്രസർക്കാരിൻ്റെയും പ്രതിച്ഛായ നിർമ്മിതി നടന്നിരുന്നത്. അതിനാൽ തന്നെ മോദിയുടെ പിൻഗാമി അമിത്ഷാ എന്നൊരു വിവരണത്തിന് തന്നെയാണ് ഇപ്പോഴും സാധ്യത. രണ്ടാം മോദി സർക്കാരിൽ ഹിന്ദുത്വ ആശയപരിസരത്തോട് ചേർന്ന നിൽക്കുന്ന അജണ്ടകളിൽ നിമയനിർമ്മാണം നടത്താൻ മുൻകൈ എടുത്തു എന്നൊരു പ്രതിച്ഛായ അമിത്ഷാക്കുണ്ട്. എന്നാൽ ആർഎസ്എസിന് അമിത്ഷാ എത്രമാത്രം സ്വീകാര്യനാണ് എന്നതാണ് മോദിയുടെ പിൻഗാമി ആരെന്ന ചോദ്യത്തിൽ നിർണ്ണായകമാകുക. മോദി-അമിത്ഷാ ദ്വയങ്ങൾ ആർഎസ്എസിൻ്റെ ഹിന്ദുത്വ ആശങ്ങളെ പ്രതിച്ഛായ നിർമ്മിതിക്കായി ഉപയോഗിച്ചു എന്ന വിമർശനം ആർഎസ്എസിനുള്ളിലുണ്ട്. മോദിയും അമിത്ഷായും മുന്നോട്ടുവെച്ച ഹിന്ദുത്വ അജണ്ട തിരഞ്ഞെടുപ്പിൽ ജനങ്ങൾ തള്ളിക്കളഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ അമിത്ഷായെ നേതൃപദവിയിൽ ഉയർത്തിക്കാണിക്കാൻ ആർഎസ്എസ് തയ്യാറാകുമോ എന്ന ചോദ്യം പ്രസക്തമാണ്.

ചരിത്രം ആവർത്തിക്കപ്പെടുമോ?

2029ലെ തിരഞ്ഞെടുപ്പിൽ തീവ്രഹിന്ദുത്വ നിലപാടുകൾ ആ നിലയിൽ ഉയർത്തിക്കാണിച്ച് തിരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപിക്ക് സാധിച്ചേക്കില്ല എന്നാണ് വിലയിരുത്തൽ. അത്തരമൊരു സാഹചര്യത്തിൽ അമിത്ഷായെക്കാൾ മൃദുനിലപാടുള്ള നേതാവിനെ മുന്നിൽ നിർത്തണമെന്ന ആവശ്യവും ഉയർന്നേക്കാം. 2004ലെ തിരഞ്ഞെടുപ്പിൽ ഹിന്ദുത്വ അജണ്ടകളെ മാറ്റിവെച്ച് വികസനത്തിന് വേണ്ടി വോട്ട് ചോദിച്ചതാണ് വാജ്പെയ് സർക്കാരിൻ്റെ തുടർച്ച ഇല്ലാതാക്കിയതെന്ന് വിമർശനങ്ങളുണ്ടായിരുന്നു. പിന്നാലെ അദ്വാനി ബിജെപിയുടെ നേതൃമുഖമായി മാറിയപ്പോൾ തീവ്രഹിന്ദുത്വ സമീപനം പാർട്ടി സ്വീകരിക്കുമെന്നാണ് വിലയിരുത്തപ്പെട്ടത്. 2009ലെ തിരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരത്തിന് പുറത്തായപ്പോഴും 2014ൽ ഒരിക്കൽ കൂടി അദ്വാനി ബിജെപിയുടെ മുഖമാകുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ തികച്ചും അപ്രതീക്ഷിതമായി 2014ലെ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി ബിജെപിയുടെ നേതൃമുഖമായി മാറുകയായിരുന്നു. ആർഎസ്എസിൻ്റെ താൽപ്പര്യം തന്നെയാണ് മോദിയുടെ വരവിന് വഴിതെളിച്ചത്. ഗുജറാത്തിനെ ഹിന്ദുത്വ ആശയങ്ങളുടെ രാഷ്ട്രീയ ഭൂമികയാക്കി മാറ്റിയ മോദി പരീക്ഷണങ്ങൾക്കുള്ള ആർഎസ്എസിൻ്റെ അംഗീകാരമായിരുന്നു ഈ നേതൃപദവി.

LK Advani said Atal Bihari Vajpayee always encouraged and guided him in every possible manner
അടൽ ബിഹാരി വാജ്‌പെയ്, എൽ കെ അദ്വാനി

2014ലെ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ രൂപപ്പെട്ട അഴിമതി വിരുദ്ധ ചർച്ചകളും വികസന രാഷ്ട്രീയവുമെല്ലാം മോദിയുടെ ഗുജറാത്ത് മോഡൽ പ്രതിച്ഛായയുടെ പിൻബലത്തിൽ രാഷ്ട്രീയനേട്ടമാക്കി മാറ്റാൻ ആർഎസ്എസിനും ബിജെപിക്കും സാധിച്ചതോടെയാണ് മോദി യുഗത്തിന് മറ്റൊരു വഴിമാറ്റം സംഭവിച്ചത്. അമിത്ഷായെ രണ്ടാമനാക്കി പ്രതിഷ്ഠിച്ചതിലൂടെ ഹിന്ദുത്വയുടെ ആശയവത്കരണം ഗുജറാത്ത് മാതൃകയിൽ രാജ്യത്ത് നടപ്പിലാക്കുക എന്നതാണ് ലക്ഷ്യമെന്ന് കൂടിയായിരുന്നു മോദി പ്രഖ്യാപിച്ചത്. അന്ന് അദ്വാനിയെ മറികടന്ന് ഒരുനേതാവിനെക്കുറിച്ച് ആലോചിക്കാൻ ആർഎസ്എസിനെയും ബിജെപിയെയും പ്രേരിപ്പിച്ചത് ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിലും ഹിന്ദുത്വയുടെ വക്താവ് എന്ന നിലയിലും മോദി നേടിയ സ്വീകാര്യത തന്നെയായിരുന്നു.

പിൻഗാമികളുടെ സാധ്യത പരിമിതപ്പെടുത്തിയ മോദി-അമിത്ഷാ കാലം

2014ൽ അധികാരത്തിലെത്തിയതിന് ശേഷം ബിജെപിയിൽ അതുവരെയില്ലാതിരുന്ന സംഘടനാ രീതികളായിരുന്നു മോദി-അമിത്ഷാ ദ്വയം പരീക്ഷിച്ചത്. മോദിയുടെയും അമിത്ഷായുടെയും അടക്കം ഉദയത്തിന് വഴിതെളിച്ച ശക്തരായ പ്രദേശിക നേതൃത്വം എന്ന കാഴ്ചപ്പാട് തച്ചുടയ്ക്കപ്പെട്ടു. ശക്തമായ ദേശീയനേതൃത്വം എന്ന നിലയിൽ പാർട്ടിയിൽ അമിത്ഷായും സർക്കാരിൽ നരേന്ദ്ര മോദിയും പ്രതിഷ്ഠിക്കപ്പെട്ടു. സംസ്ഥാനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പുകളിൽ പോലും ദേശീയനേതൃത്വത്തിൻ്റെ പ്രതിച്ഛായയ്ക്ക് പ്രാമുഖ്യം ലഭിച്ചു. 12 വർഷത്തിലേറെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്ന മോദി ദേശീയ നേതൃത്വത്തിലേയ്ക്ക് എത്തിയ പിന്നീടുള്ള ഒരു ദശാബ്ദം ഈ നിലയിൽ പ്രാദേശികമായി കരുത്തരായ മുഖ്യമന്ത്രിമാരോ നേതാക്കളോ ഇനി വേണ്ട എന്ന സമീപനത്തിൻ്റെ കൂടി കാലഘട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

രാജസ്ഥാനിൽ വസുന്ധരെ രാജെ സിന്ധ്യയും കർണാടകയിൽ യെദ്യൂരപ്പയും ഈ നിലയിൽ അപ്രസക്തരായി തീർന്ന പ്രദേശിക പ്രതാപികളാണ്. മോദിയുടെയും അമിത്ഷായുടെയും താൽപ്പര്യത്തിന് അനുസരിച്ചായിരുന്നു ഈ നീക്കങ്ങൾ നടന്നത്. വസുന്ധരെ മോദിക്കും അമിത്ഷായ്ക്കും ഒരുപോലെ അസ്വീകാര്യയായിരുന്നു. എന്നാൽ വസുന്ധരെ രാജയ്ക്ക് പകരം അതേ നിലയിൽ സ്വാധീനശേഷിയുള്ള നേതാവ് നാളിതുവരെ രാജസ്ഥാനിൽ നിന്ന് ഉയർന്ന് വന്നിട്ടില്ല. ബിജെപി സംസ്ഥാന പ്രസിഡൻ്റ് മദൻ റാത്തോഡിനോ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മയ്ക്കോ തീരുമാനം എടുക്കുന്ന സ്വാധീന കേന്ദ്രമാകാൻ ദേശീയ നേതൃത്വം സുന്ധരെ രാജെ സിന്ധ്യയ്ക്ക് ലഭിച്ചിരുന്ന ഇടം ഇതുവരെ അനുവദിച്ചിട്ടില്ല.

After losing a high stake battle in Karnataka, the absence of charismatic and mass leader is proving to be hurdle for BJP. From sidelining Yediyurappa, ostensibly because his age, to sidelining Vasundhara in Rajasthan, will the same formula prove to be BJP's undoing in Rajasthan? Will Vasundhara Raje be the next Yediyurappa
ബി എസ് യെദ്യൂരപ്പ, വസുന്ധരെ രാജെ സിന്ധ്യ

കർണാടകയിൽ മോദിക്ക് പ്രിയങ്കരനായിരുന്നെങ്കിലും അമിത്ഷായ്ക്ക് സ്വീകാര്യനായിരുന്നില്ല യെദ്യൂരപ്പ. കർണാടകയിൽ മോദി അമിത്ഷായുടെ താൽപ്പര്യത്തിന് വഴങ്ങിയെങ്കിലും പിന്നീട് യെദ്യൂരപ്പയോളം സ്വാധീനശേഷിയുള്ള ഒരു നേതാവ് കർണാടകയിൽ ഉണ്ടായില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഒരുപരിധിവരെ ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപിക്ക് തിരിച്ചടിയായത് യെദ്യൂരപ്പയോളം സ്വാധീനശേഷിയുള്ള ഒരു നേതാവിൻ്റെ അഭാവമായിരുന്നു. മധ്യപ്രദേശിലും കാര്യങ്ങൾ സമാനമാണ്. ശിവ്‌രാജ് സിങ്ങ് ചൗഹാൻ എന്ന പ്രബലനായിരുന്ന നേതാവിന് പകരം മോഹൻ യാദവ് മുഖ്യമന്ത്രി പദത്തിൽ നിയോഗിക്കപ്പെട്ടു. അസമിൽ മോദി പിന്തുണച്ചത് സർബാനന്ദ സോനാവാളിനെയാണെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നറുക്ക് വീണത് അമിത്ഷായുടെ പിന്തുണയുള്ള ഹിമന്ത് ബിശ്വാസ് ശർമ്മയ്ക്കായിരുന്നു. ഹരിയാനയിലും ഈ നീക്കങ്ങൾ തന്നെയാണ് അരങ്ങേറിയത്. പ്രബലനായ മനോഹർ ലാൽ ഖട്ടറിന് പകരം താരതമ്യേന പുതുമുഖമായ നയാബ് സിങ്ങ് സെയ്നി മുഖ്യമന്ത്രിയായി.

ഗുജറാത്തിൽ അമിത്ഷായ്ക്ക് താൽപ്പര്യമുള്ള ജിത്തു വഖാനിയെ മാറ്റിയാണ് മോദിയുടെ വിശ്വസ്തനായ സി ആർ പാട്ടീൽ ഗുജറാത്തിൽ സംസ്ഥാന അധ്യക്ഷനായത്. മോദിയുടെ വലംകൈ ആയിരുന്ന ആനന്ദിബെൻ പട്ടേലിനെ മാറ്റിയായിരുന്നു 2016ൽ അമിത്ഷായുടെ വിശ്വസ്തനായ വിജയ് രൂപാണി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. പിന്നീട് വിജയ് രൂപാണിക്ക് ആനന്ദി ബെൻ പട്ടേലിൻ്റെ പിന്തുണയുള്ള ഭൂപേന്ദ്ര ഭായ് പട്ടേലിന് വേണ്ടി വഴിമാറേണ്ടി വന്നിരുന്നു. അപ്പോഴും ഗുജറാത്തിൽ മോദി-അമിത്ഷാ എന്ന സമവാക്യത്തിന് മുകളിലേയ്ക്ക് വളരാൻ ശേഷിയുള്ള ഒരു നേതൃത്വം ഇതുവരെ ഉണ്ടായില്ല.

പിൻഗാമി പട്ടികയിൽ അമിത്ഷായും യോഗിയും

മോദിക്ക് ശേഷം ആരെന്ന ചോദ്യം ഉയർന്ന് വരുമ്പോൾ 2014ലെ മോദിയുടെ കടന്നുവരവ് പോലെ ഉയർന്നവരാൻ തക്കപ്രതിച്ഛായയുള്ള ഒരു നേതാവും കഴിഞ്ഞ ഒരുദശകത്തിനിടയിൽ സംസ്ഥാന തലത്തിൽ ഉണ്ടായിട്ടില്ല. ഇതിന് ഏക അപവാദം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്. 2029ൽ അമിത്ഷായെ മറികടന്ന് യോഗി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന നിരീക്ഷണങ്ങളുണ്ട്. പാർട്ടിയിൽ രണ്ടാമനായിട്ടും പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് എത്തപ്പെടാൻ സാധിക്കാതിരുന്ന അദ്വാനിയുടെ ചരിത്രം ഒരുപക്ഷെ അമിത്ഷായുടെ കാര്യത്തിലും ആവർത്തിച്ചേക്കാമെന്നാണ് യോഗിയുടെ സാധ്യത ചൂണ്ടിക്കാണിക്കുന്നവർ നിരീക്ഷിക്കുന്നത്.

അമിത് ഷാ, നരേന്ദ്ര മോദി, യോഗി ആദിത്യനാഥ്

ആർഎസ്എസിന് സ്വീകാര്യനായ നേതാവല്ല എന്നതാണ് യോഗിക്കുള്ള ഏറ്റവും വലിയ പരിമിതി. മോദിയുടെയും അമിത്ഷായുടെയും പിന്തുണയും അതേനിലയിൽ യോഗിക്കില്ല. തീവ്രഹിന്ദുത്വ സംഘടനകളുടെ മാനസപുത്രനാണ് യഥാർത്ഥത്തിൽ യോഗി ആദിത്യനാഥ്. 2029ലെ അന്തരീക്ഷം തീവ്രഹിന്ദുത്വയ്ക്ക് അനുകൂലമാണെങ്കിൽ മാത്രം യോഗിക്ക് പിൻഗാമിയുടെ നറുക്ക് വീണേക്കാം എന്ന് മാത്രമാണ് രാാഷ്ട്രീയ നിരീക്ഷകർ കണക്കാക്കുന്നത്. എന്നാൽ 75 വയസ്സ് പിന്നിടുന്ന 2025ൽ മോദി വിരമിക്കാൻ തീരുമാനിച്ചാൽ പകരക്കാരനായി യോഗിയെ തിരഞ്ഞെടുക്കാൻ വഴിയില്ല.

2025ൽ മോദി വിരമിച്ചാൽ ആർഎസ്എസ് ഒരുപരിധിവരെ മുന്നോട്ട് വയ്ക്കാൻ സാധ്യതയുള്ള മറ്റൊരുപേര് നാഗ്പൂരിൽ നിന്നുള്ള നിധിൻ ഗഡ്ഗരിയുടേതായേക്കാമെന്നും നേരത്തെ വിലയിരുത്തലുകളുണ്ടായിരുന്നു. ആർഎസ്എസിന് താൽപ്പര്യമുള്ള നേതാവ് എന്നതിൽ ഉപരി മൃദുനിലപാടുള്ള നേതാവ് എന്നതും ഗഡ്ഗരിക്ക് അനുകൂലമാണ്. എന്നാൽ 2029ലാണ് നേതൃമാറ്റമെങ്കിൽ ഗഡ്ഗരിക്ക് സാധ്യത കുറവാണ്. 2029ൽ 72 വയസ്സ് ആകുമെന്നത് ഗഡ്ഗരിയെ സംബന്ധിച്ച് പ്രതികൂല ഘടകമാണ്.

എന്തെല്ലാം വിയോജിപ്പുകളുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ അമിത്ഷായെ തന്നെ മോദിയുടെ പിൻഗാമിയായി ആർഎസ്എസ് മുന്നോട്ടുവച്ചേക്കാം. 2025ൽ മോദി വിരമിക്കാൻ തീരുമാനിച്ചാൽ അമിത്ഷാ തന്നെയാകും ആർഎസ്എസിൻ്റെ ആദ്യചോയ്സ്. രണ്ടാം മോദി സർക്കാരിന്റെ കാലത്ത് ആർഎസ്എസിൻ്റെ ആശയപരമായ നിലപാടുകളെ നിയമമാക്കി മാറ്റിയതിന് ചുക്കാൻ പിടിച്ചത് അമിത്ഷാ ആയിരുന്നു. ആ നിലയിൽ ആർഎസ്എസിന് അമിത്ഷായെ അവഗണിക്കാൻ സാധിക്കില്ല എന്നാണ് കാണേണ്ടത്. മാത്രമല്ല പ്രായവും അമിത്ഷായ്ക്ക് അനുകൂലമായ ഘടകമാണ്. 2029ൽ 65വയസ്സാകുന്ന അമിത്ഷായെ പ്രായത്തിൻ്റെ പേരിൽ മാറ്റിനിർത്താനാവില്ല. എന്തായാലും മോദിക്ക് പകരക്കാരൻ ആരാണെന്ന ചോദ്യത്തിന് നിലവിൽ ബിജെപിക്ക് മുമ്പിൽ പരിഗണനകളുടെ ധാരാളിത്തമില്ല. അപ്പോഴും നിർണ്ണായകമാകുക ആർഎസ്എസിൻ്റെ മനസ്സിലിരുപ്പാണ് എന്നതിൽ തർക്കമില്ല. മോദിയുമായി അഞ്ച് വർഷം പൂർത്തിയാക്കാൻ ബിജെപി ഒരുങ്ങുമോ ആ‌‍ർഎസ്എസ് അതിനെ പിന്തുണയ്ക്കുമോ എന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

Content Highlights: Mohan Bhagwat's 'age limit' aimed at Modi? RSS's stance crucial in succession talks

dot image
To advertise here,contact us
dot image