
ഭൂതകാലം എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ ചിത്രമാണ് ഭ്രമയുഗം. എല്ലാ കോണിൽ നിന്നും മികച്ച അഭിപ്രായം നേടിയ സിനിമയിലെ മമ്മൂട്ടിയുടെ പ്രകടത്തിന് അഭിനന്ദനങ്ങൾ ഏറെയായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് രംഗതെത്തിയിരിക്കുകയാണ് തമിഴ് സംവിധായകൻ തമിഴ് സെൽവരാജ്. ഭ്രമയുഗം കണ്ട് അസൂയ തോന്നിയെന്നും നാല് ദിവസത്തോളം സിനിമ മായാതെ മനസിൽ ഉണ്ടായിരുന്നെന്നും സംവിധായകൻ പറഞ്ഞു. സുധിർ ശ്രീനിവാസന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
'ഭ്രമയുഗം കണ്ട് വല്ലാതെ അസൂയ താേന്നിയിട്ടുണ്ട്. രാത്രി എനിക്ക് ഉറക്കം വന്നിരുന്നില്ല ആ സിനിമ കണ്ടിട്ട്. ആ സിനിമയുടെ വിഷ്വലുകൾ കുറേ നേരം കൂടെ ഉണ്ടായിരുന്നു. നാല് ദിവസത്തോളം ആ സിനിമയുടെ വിഷ്വലുകൾ മനസിൽ നിന്ന് മായാതെ കിടന്നിരുന്നു. സിനിമയിലെ പാട്ടുകളിലും ചില ഫ്ലാഷ് ബാക്ക് സീനുകളിലും ബ്ലാക്ക് ആൻഡ് വൈറ്റ് ഉൾപ്പെടുത്തുന്നത് കണ്ടിട്ടുണ്ട് പക്ഷെ ഒരു സിനിമ മുഴുവൻ മോണിറ്ററിൽ ബ്ലാക്ക് ആൻഡ് വൈറ്റിൽ സംവിധായകൻ എടുക്കുന്നു അത് എഡിറ്റർ ബ്ലാക്ക് ആൻഡ് വൈറ്റിൽ തന്നെ എഡിറ്റ് ചെയ്യുന്നു. എന്തൊരു അനുഭവത്തെ ആയിരിക്കുമല്ലേ അത്,' മാരി സെൽവരാജ് പറഞ്ഞു.
അതേസമയം, മാമന്നൻ, കർണൻ, വാഴൈ തുടങ്ങി നിരവധി ഹിറ്റ് സിനിമകൾ തമിഴിന് നൽകിയ സംവിധായകനാണ് മാരി സെൽവരാജ്. ഇദ്ദേഹത്തിന്റെ സംവിധാനത്തിൽ ധ്രുവ് വിക്രം നായകനായി എത്താനിരിക്കുന്ന ചിത്രമാണ് ബൈസൺ കാലമാടൻ. സ്പോർട്സ് ഡ്രാമ വിഭാഗത്തിൽ കഥ പറയുന്ന ചിത്രം പാ രഞ്ജിത്തിന്റെ നീലം സ്റ്റുഡിയോസിനൊപ്പം അപ്ലോസ് എന്റർടൈൻമെൻറ്സും ചേർന്നാണ് നിർമിക്കുന്നത്. ഒക്ടോബർ 17 ന് ദീപാവലി റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ധ്രുവിനെ കൂടാതെ അനുപമ പരമേശ്വരൻ, ലാൽ, കലൈയരസൻ, രജിഷ വിജയൻ തുടങ്ങിയവരും സിനിമയിലുണ്ട്.
Content Highlights: Mari Selvaraj praises the movie Bhramayugam