
തന്റെ ഗ്ലാമർ ചിത്രങ്ങൾ ലീക്ക് ആയി എന്ന വാർത്തയിൽ പ്രതികരിച്ച് നടി പ്രിയങ്ക മോഹൻ രംഗത്ത്. തന്നെ തെറ്റായി ചിത്രീകരിക്കുന്ന ചില എഐ നിർമിത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്നും ദയവായി ഈ വ്യാജ ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നതും പ്രചരിപ്പിക്കുന്നതും നിർത്തുകയെന്ന് നടി പറഞ്ഞു. എല്ലാവരും ശ്രദ്ധാലുവാകണമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
'എന്നെ തെറ്റായി ചിത്രീകരിക്കുന്ന ചില എഐ നിർമിത ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. ദയവായി ഈ വ്യാജ ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നതും പ്രചരിപ്പിക്കുന്നതും നിർത്തുക. എഐ ഉപയോഗിക്കേണ്ടത് ധാർമികമായ സർഗാത്മകതയ്ക്കാണ് അല്ലാതെ തെറ്റിദ്ധാരണകൾക്ക് വേണ്ടിയല്ല. നമ്മൾ സൃഷ്ടിക്കുന്നതിനെയും പങ്കുവയ്ക്കുന്നതിനെയും കുറിച്ച് ശ്രദ്ധ വേണം. നന്ദി', പ്രിയങ്ക കുറിച്ചു. പവൻ കല്യാണിനൊപ്പം അഭിനയിച്ച ‘ഒജി’ എന്ന സിനിമയിൽ നിന്നുളള ഒരു രംഗത്തിൽ നിന്നും എടുത്ത ചിത്രങ്ങളാണ് എഐയുടെ സഹായത്തോടെ സൃഷ്ടിച്ചത്. പല സിനിമാ സൈറ്റുകളിലും ഇത് പ്രിയങ്കയുടെ യഥാർഥ ചിത്രമെന്ന രീതിയിൽ പ്രചരിച്ചിരുന്നു.
Some AI-generated images falsely depicting me have been circulating. Please stop sharing or spreading these fake visuals. AI should be used for ethical creativity and not misinformation. Let’s be mindful of what we create and what we share. Thank you.
— Priyanka Mohan (@priyankaamohan) October 10, 2025
ഏറെ നാളുകളായി സോഷ്യൽ മീഡിയയിൽ നടിമാരുടെ എഐ ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. സായി പല്ലവിയുടെ പേരിൽ കഴിഞ്ഞ ദിവസമാണ് വ്യാജമായി സൃഷ്ടിച്ച ബിക്കിനി ചിത്രങ്ങൾ പ്രചരിച്ചത്. അതിന് മുൻപ് രശ്മിക മന്ദാനയുടെ ഒരു എഐ വീഡിയോ വൈറലായിരുന്നു…അതിന് ശേഷം നിരവധി ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നു. പ്രിയങ്ക മോഹന്റെ ഈ പ്രതികരണത്തെ ആരാധകർ സ്വീകരിക്കുകയാണ് ചെയ്തത്. എഐ സാങ്കേതിക വിദ്യയിലൂടെ നല്ലതും ചീത്തയും ചെയ്യാൻ കഴിയും.
Content Highlights: ai generated images of actress priyanka mohan leaked