
ജോജു ജോർജ് സംവിധാനം ചെയ്ത പണി സിനിമയിലെ അഭിനേതാക്കളായ സാഗർ സൂര്യയെയും ജുനൈസിനെയും ഉദാഹരണമാക്കി മലയാള സിനിമയെ പുകഴ്ത്തി കമൽഹാസൻ. പുതിയതായി വരുന്നവർക്ക് പോലും എങ്ങനെയാണ് ഇത്രയും സിനിമ അറിയാവുന്നത് എന്ന് അത്ഭുതപ്പെടുമെന്ന് കമൽഹാസൻ പറഞ്ഞു.
തന്റെ പുതിയ സിനിമയായ തഗ്ഗ് ലൈഫിന്റെ പ്രെമോഷനോട് അനുബന്ധിച്ച് പേളി മാണിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കമൽഹാസൻ. മലയാള സിനിമ കണ്ട് നോക്കാനും ചെറിയ ബഡ്ജറ്റിൽ എടുക്കുന്ന മലയാള സിനിമയിൽ, ചെറിയ വേഷം ചെയ്ത അഭിനേതാക്കളെ പോലും ഓർമയുണ്ടാകും, കാരണം ആരും അഭിനയിക്കുന്നില്ല എന്ന് കമൽഹാസൻ പറഞ്ഞു.
പുതുതായി വന്നവർ, ഇവർക്ക് സിനിമയെ കുറിച്ച് അറിയാൻ തന്നെ സാധ്യതയില്ലെന്ന് തോന്നുന്നവർ പോലും എങ്ങനെയാണ് അഭിനയിക്കുന്നത്. ജോജുവിന്റെ സിനിമയിൽ പോലും രണ്ട് പേർ അഭിനയിച്ചിട്ടുണ്ട്. അവരെ നോക്കു, മിക്കവാറും അവരുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ സിനിമയായിരിക്കും അത്. പക്ഷെ അവർക്ക് ആ കഥാപാത്രങ്ങളെ അത്രയും അറിയാം എന്ന് അത്ഭുതപ്പെടുമെന്നും കമൽഹാസൻ പറഞ്ഞു.
ഇത് കേരളത്തിൽ മാത്രം കാര്യമാണ്, സത്യൻ മാസ്റ്ററുടെ അഭിനയമൊക്കെ കേരളത്തിൽ തന്നെ ഇപ്പോഴും ട്രൈ ചെയ്ത് കൊണ്ടിരിക്കുകയാണ് എന്നും കമൽ ഹാസൻ പറഞ്ഞു. ചിത്രത്തിലെ വില്ലൻ കഥാപാത്രങ്ങളായിട്ടായിരുന്നു സാഗറും ജുനൈസും അഭിനയിച്ചത്. ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു പണി. ചിത്രത്തിന്റെ രണ്ടാം ഭാഗം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തിയ ചിത്രം ജോജുവിൻറെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിൻറെയും, എ ഡി സ്റ്റുഡിയോസിൻറെയും, ശ്രീ ഗോകുലം മൂവീസിൻറെയും ബാനറിൽ ആയിരുന്നു നിർമിച്ചത്. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിച്ചത്.
Content Highlights: Kamal Haasan praises Malayalam cinema, citing Pani Movie Actors Sagar Surya and Junaid as examples