
മോഹന്ലാലിന്റെ അഭിനയജീവിതത്തിലെ മികച്ച പെര്ഫോമന്സുകളിലൊന്നായാണ് തുടരും ചിത്രത്തെ ഇപ്പോള് പ്രേക്ഷകര് വിലയിരുത്തുന്നത്. സിനിമയിലെ വിവിധ അഭിനയമുഹൂര്ത്തങ്ങളെ കുറിച്ച് വാചാലരാകുകയാണ് ആരാധകര്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ബിഹൈൻഡ് ദ സീൻ പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ തരുൺ മൂർത്തി.
ചിത്രത്തിന്റെ ടീസർ ഇറങ്ങിയതുമുതൽ ഒരു ഷോട്ട് വളരെയധികം ചർച്ചയായിരുന്നു. ആരെയോ നോക്കി ചിരിയോടെ ഭയപ്പെടുത്തുന്ന നോട്ടവുമായി മോഹൻലാൽ നിൽക്കുന്ന സീനായിരുന്നു അത്. മോഹൻലാലിന്റെ തന്നെ സദയം എന്ന സിനിമയിലെ ക്ലൈമാക്സിലെ അഭിനയമുഹൂർത്തവുമായി ഈ സീനിനെ താരതമ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സീനിന്റെ മേക്കിങ് വീഡിയോ ആണ് ഇപ്പോള് പുറത്തുവന്നിരിക്കുന്നത്.
ആക്ഷൻ പറയുമ്പോൾ ഞൊടിയിടയിൽ കഥാപാത്രമായി മാറുകയും കട്ട് പറയുമ്പോൾ പെട്ടെന്ന് തിരികെ മോഹൻലാൽ ആയി മാറുകയും ചെയ്യുന്ന കാഴ്ചയാണ് വീഡിയോയിൽ കാണാനാകുന്നത്. നിമിഷ നേരം കൊണ്ട് തന്നെ ഈ വീഡിയോ വൈറലായിട്ടുണ്ട്. 'രാക്ഷസ നടികർ, ആക്ഷനും കട്ടിനും ഇടയിൽ മിന്നിമായുന്ന ലാൽ ഭാവങ്ങൾ', എന്നിങ്ങനെയാണ് മോഹൻലാലിന്റെ പ്രകടനത്തെക്കുറിച്ച് പ്രേക്ഷകർ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്.
അതേസമയം, പ്രേക്ഷകർ കാത്തിരുന്ന സിനിമയിലെ പ്രൊമോ സോങ് അണിയറപ്രവർത്തകർ ഇന്ന് പുറത്തുവിടും. 'കൊണ്ടാട്ടം' എന്ന് തുടങ്ങുന്ന ഗാനം ഒരു ഡാൻസ് നമ്പർ ആയിട്ടാണ് ഒരുങ്ങുന്നത്. മോഹൻലാൽ ആരാധകർക്ക് ആഘോഷിക്കാനുള്ള ഗാനമാണ് അതെന്നും ഡാൻസിൽ മോഹൻലാൽ പൊളിച്ചിട്ടുണ്ടെന്നും സിനിമയുടെ സംഗീത സംവിധായകൻ ജേക്സ് ബിജോയ് കഴിഞ്ഞ ദിവസം റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിൻറെ പ്രകടനത്തിന് തിയേറ്ററുകളിൽ വലിയ കയ്യടി കിട്ടുന്നുണ്ട്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമ്മയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.
Content Highlights: Tharun Moorthy shares Thudarum behind the scene video