എങ്ങനെയാണ് മോഹൻലാൽ തലയായി ആടിത്തിമിർത്തത്? ഇതാ അതിനുള്ള ഉത്തരം; വൈറലായി ഛോട്ടാ മുംബൈ മേക്കിങ് വീഡിയോ

റീ റിലീസിൽ ചിത്രം വമ്പൻ നേട്ടങ്ങൾ ആണ് സ്വന്തമാക്കിയത്

dot image

മോഹൻലാലിലെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത ഛോട്ടാ മുംബൈ എന്ന സൂപ്പർഹിറ്റ് ചിത്രം റീ റിലീസ് ചെയ്തിരുന്നു. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയ ചിത്രം മലയാളികൾ ആഘോഷമാക്കുകയായിരുന്നു. കേരളത്തിലെ തിയേറ്ററുകളിലെല്ലാം വമ്പൻ ഓളം സൃഷ്ടിക്കാൻ 2008ൽ ഇറങ്ങിയ ഈ ചിത്രത്തിന് സാധിച്ചു. ഇപ്പോഴിതാ സിനിമയുടെ മേക്കിങ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ചിത്രത്തിന്റെ അവസാനത്തോട് അടുക്കുമ്പോൾ അപകടം പറ്റി കിടക്കുന്ന മണിയൻപിള്ള രാജുവിനെ ഹോസ്പിറ്റലിൽ കാണാൻ എത്തുന്ന മോഹൻലാലിന്റേയും ബിജു കുട്ടന്റേയും സീനിന്റെ മേക്കിങ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്. മോഹൻലാലിന് സീൻ വിവരിച്ച് കൊടുക്കുന്ന സംവിധായകൻ അൻവർ റഷീദിനെയും വീഡിയോയിൽ കാണാവുന്നതാണ്. ഒപ്പം നടൻ മനോജ് കെ ജയനും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അതേസമയം റീ റിലീസിൽ ചിത്രം വമ്പൻ നേട്ടങ്ങൾ ആണ് നേടിയത്.

4 കെ ഡോൾബി അറ്റ്‌മോസ് സാങ്കേതിക മികവോടെ റീ റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച വരവേൽപ്പാണ് മലയാളികൾ നൽകിയത്. കേരളത്തിൽ നിന്നും 10 ദിവസം കൊണ്ട് 3.40 കോടിയാണ് ചിത്രം നേടിയത്. മഴയത്തും ആളുകൾ തിയേറ്ററിലെത്തി ഛോട്ടാ മുംബൈ ഒരു ആഘോഷമാക്കി മാറ്റി. ചിത്രത്തിന്റെ കേരളത്തിലെ സ്വീകാര്യത കണ്ട് ബെംഗളൂരുവിലും ഹൈദരാബാദിലും സിനിമ റീ റിലീസ് ചെയ്തിരുന്നു. മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രമാണ് ഛോട്ടാ മുംബൈ. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ഛോട്ടാ മുംബൈയിലെ സീനുകൾക്കും തമാശകൾക്കും പാട്ടുകൾക്കുമെല്ലാം ഇന്നും ആരാധകരേറെയാണ്.

ഭാവന, കലാഭവൻ മണി, സിദ്ദിഖ്, ജഗതി ശ്രീകുമാർ, ഇന്ദ്രജിത്ത് സുകുമാരൻ, മണിക്കുട്ടൻ, ബിജുക്കുട്ടൻ, സായ് കുമാർ, രാജൻ പി ദേവ്, വിനായകൻ, മണിയൻപിള്ള രാജു, മല്ലിക സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, കൊച്ചിൻ ഹനീഫ, ഭീമൻ രഘു, വിജയരാഘവൻ തുടങ്ങിയൊരു വലിയ താരനിര തന്നെ സിനിമയുടെ ഭാഗമായിരുന്നു. രാഹുൽ രാജായിരുന്നു സംഗീത സംവിധാനം.

Content Highlights: Chotta Mumbai making video out now

dot image
To advertise here,contact us
dot image