ചുമ്മാതങ്ങ് വീണതല്ല! പന്തും ഗില്ലും കളിച്ചത് അസൽ മൈന്‍ഡ് ഗെയിമാണ്; നിരീക്ഷണവുമായി സച്ചിന്‍

ഗില്ലും പന്തും സ്വീകരിച്ച തന്ത്രങ്ങള്‍ വിശദീകരിക്കുകയാണ് ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കർ

dot image

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ നേടിയ കൂറ്റന്‍ സ്‌കോറില്‍ ശുഭ്മന്‍ ഗില്ലിന്റെയും റിഷഭ് പന്തിന്റെയും സ്വാധീനത്തെ കുറിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. നാലാം വിക്കറ്റില്‍ ഇരുവരും 209 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെയാണ് ഇന്ത്യ മുന്‍തൂക്കം നേടിയെടുത്തത്.

ഇപ്പോള്‍ ഗില്ലും പന്തും സ്വീകരിച്ച തന്ത്രങ്ങള്‍ വിശദീകരിക്കുകയാണ് ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഗില്ലും പന്തും ചേര്‍ന്ന് മൈന്‍ഡ് ഗെയിം കളിച്ചതായാണ് സച്ചിന്‍ പറയുന്നത്. മാത്രമല്ല പന്തിന്റെ ഷോട്ട് സെലക്ഷന്‍ തന്ത്രങ്ങളും സച്ചിന്‍ വിശദീകരിച്ചു.

'റിഷഭ് പന്ത് പാഡില്‍ സ്വീപ് ചെയ്ത് വീണത് ആകസ്മികമായിരുന്നില്ല. അത് ആസൂത്രിതവും അങ്ങേയറ്റം ബുദ്ധിപരവുമായ നീക്കമായിരുന്നു. ആ വിധം ലെഗ് സ്ലിപ്പിലേക്ക് സ്‌കൂപ്പ് ചെയ്യാന്‍ പന്തിന് സാധിച്ചു,' സച്ചിന്‍ എക്‌സില്‍ കുറിച്ചു.

'ഷുഐബ് ബഷീറിന്റെ സ്‌പെല്ലിലെ ചില കാര്യവും ഞാന്‍ ശ്രദ്ധിക്കുകയുണ്ടായി. ഡെലിവറികള്‍ക്കിടയില്‍ പന്തും ഗില്ലും ഹിന്ദിയില്‍ ഉറക്കെ സംസാരിക്കുകയും ചെയ്തിരുന്നു. അത് വെറും സംസാരമല്ല. ബോളറുമായി മൈന്‍ഡ് ഗെയിം കളിക്കുകയാണ് പന്തും ഗില്ലും അവിടെ ചെയ്തത്. ബോളറുടെ താളം തെറ്റിക്കാനാണ് ഇരുവരും അതിലൂടെ ശ്രമിച്ചത്. ആ ചെറിയ കാര്യങ്ങള്‍ സ്‌കോര്‍ ബോര്‍ഡില്‍ കാണാനാവില്ല. എന്നാല്‍ മത്സരത്തില്‍ ഇതിനെല്ലാം വലിയ പ്രാധാന്യമുണ്ട്,' സച്ചിന്‍ ചൂണ്ടിക്കാണിക്കുന്നു.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 471 റണ്‍സിനാണ് ഓള്‍ഔട്ടായത്. യശസ്വി ജയ്സ്വാള്‍ (101), ശുഭ്മന്‍ ഗില്‍ (147), റിഷഭ് പന്ത് (134) എന്നിവരുടെ മൂന്ന് സെഞ്ച്വറികളുമായി കൂറ്റന്‍ ഇന്നിങ്സ് സ്‌കോറിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യയെ ഇംഗ്ലണ്ട് അവസാനം പിടിച്ചുകെട്ടുകയായിരുന്നു. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും വൈസ് ക്യാപ്റ്റന്‍ റിഷഭ് പന്തും ചേര്‍ന്ന് ശക്തമായ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇരുവരും ചേര്‍ന്ന് 209 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഇന്നിങ്സിന് ശക്തമായ അടിത്തറ പാകി.

Content Highlights: Shubman Gill, Rishabh Pant played mind games with England by talking in Hindi says Sachin Tendulkar

dot image
To advertise here,contact us
dot image