
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 471 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. ലീഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ മൂന്ന് താരങ്ങള്‍ സെഞ്ച്വറി സ്വന്തമാക്കിയിട്ടും ഇന്ത്യയ്ക്ക് 500 റണ്‍സ് പിന്നിടാനായിരുന്നില്ല.
യശസ്വി ജയ്സ്വാള്‍ (101), ശുഭ്മന്‍ ഗില്‍ (147), റിഷഭ് പന്ത് (134) എന്നിവരാണ് ലീഡ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി സെഞ്ച്വറി സ്വന്തമാക്കിയത്. രണ്ടാം ദിനം 359-3 എന്ന സ്‌കോറില്‍ ക്രീസിലിറങ്ങിയ ഇന്ത്യ ആദ്യ സെഷനില്‍ 430-3 എന്ന മികച്ച നിലയിലെത്തിയിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പുറത്തായതിന് പിന്നാലെ 41 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇന്ത്യ 471 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും പേസര്‍ ജോഷ് ടങും നാല് വിക്കറ്റ് വീതം വീഴ്ത്തി.
ഇതോടെ ഒരു ഇന്നിംഗ്‌സില്‍ മൂന്ന് താരങ്ങള്‍ സെഞ്ച്വറി നേടിയിട്ടും ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ ടീം ടോട്ടല്‍ കുറിച്ചതിന്റെ റെക്കോര്‍ഡാണ് ഇന്ത്യയ്ക്ക് സ്വന്തം പേരില്‍ എഴുതിച്ചേര്‍ക്കേണ്ടിവന്നത്. ഇതിനുമുന്‍പ് 2016ല്‍ സെഞ്ചൂറിയനില്‍ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയുടെ മൂന്ന് താരങ്ങള്‍ സെഞ്ച്വറി അടിച്ചിട്ടും 475 റണ്‍സ് നേടിയതായിരുന്നു ഏറ്റവും കുറഞ്ഞ ടീം ടോട്ടല്‍. 2002ല്‍ ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസിനായി മൂന്ന് താരങ്ങള്‍ സെഞ്ച്വറി നേടിയിട്ടും ടീം ടോട്ടല്‍ 500 കടത്താനായിരുന്നില്ല. അന്ന് 497 റണ്‍സാണ് വിന്‍ഡീസ് അടിച്ചുകൂട്ടിയത്.
1924ല്‍ ലീഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്കും ഇന്ത്യയുടേത് പോലെ മൂന്ന് താരങ്ങള്‍ സെഞ്ച്വറി അടിച്ചെടുത്തിട്ടും 500 റണ്‍സെന്ന ടോട്ടല്‍ പിന്നിടാന്‍ കഴിഞ്ഞിരുന്നില്ല. 494 റണ്‍സാണ് അന്ന് ഓസീസ് നേടിയത്. 2019ലെ ന്യൂ ഇയര്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ സിഡ്‌നിയില്‍ 622-7 അടിച്ചശേഷം വിദേശത്തെ ഇന്ത്യയുടെ ഏറ്റവും മികച്ച ഒന്നാം ഇന്നിംഗ്‌സ് സ്‌കോറാണിത്. 2007ല്‍ ഓവലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 664 റണ്‍സ് നേടിയിരുന്നു.
Content Highlights: ENG vs IND: Despite Three Centuries, Team India Registers Unwanted Record Under Gill's Captaincy