iPhone വാങ്ങാന്‍ ഇനി കൂടുതല്‍ പണം നല്‍കണം; ഇന്ത്യയില്‍ ഐഫോണുകള്‍ക്ക് വില വര്‍ധിപ്പിച്ച് ആപ്പിള്‍

പുതിയ iPhone 18 Pro-യുടെ വില 1.64 ലക്ഷം രൂപ മുതല്‍; പഴയ iPhone 17നും വില കൂട്ടി. 18 Pro മോഡലുകള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ മോഡലുകളേക്കാള്‍ 20 ശതമാനത്തിലേറെ വില വര്‍ധന. എന്തുകൊണ്ടാണ് ഇന്ത്യയില്‍ വില വര്‍ധനവ്?

iPhone വാങ്ങാന്‍ ഇനി കൂടുതല്‍ പണം നല്‍കണം; ഇന്ത്യയില്‍ ഐഫോണുകള്‍ക്ക് വില വര്‍ധിപ്പിച്ച് ആപ്പിള്‍
dot image

പുതിയ iPhone ഇറങ്ങുമ്പോള്‍ പഴയ മോഡലുകളുടെ വില കുറയുമെന്ന പ്രതീക്ഷിച്ചിരുന്നവരാണ് പലരും. പ്രത്യേകിച്ച് പുതിയ തലമുറയിലെ Pro മോഡലുകള്‍ വിപണിയിലെത്തുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ iPhone വാങ്ങാന്‍ നല്ല അവസരമാകുമെന്നാണ് ആളുകള്‍ കരുതിയിരുന്നത്. എന്നാല്‍ ഇത്തവണ ഇന്ത്യയിലെ iPhone ആരാധകരെ സംബന്ധിച്ച് കാര്യങ്ങള്‍ അല്‍പ്പം വ്യത്യസ്തമാണ്. പുതിയ iPhone 18 Pro സീരീസിന്റെ വില കുത്തനെ കൂട്ടിയതിനൊപ്പം, പഴയ iPhone 17നും ആപ്പിള്‍ ഇന്ത്യയില്‍ വില വര്‍ധിപ്പിച്ചിരിക്കുകയാണ്.

iPhone 17ന് 17,000 രൂപവരെ അധികം

iPhone 17ന്റെ 256 GB മോഡലിന് നേരത്തെ 82,900 രൂപ ആയിരുന്നു വില. ഇപ്പോള്‍ അത് 99,900 രൂപ ആയി. അതായത് ഒറ്റയടിക്ക് 17,000 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 512GB മോഡലിനും വില വര്‍ധിച്ചിട്ടുണ്ട്. നേരത്തെ 1,02,900 രൂപ ആയിരുന്ന മോഡല്‍ വാങ്ങാന്‍ ഇപ്പോള്‍ 1,24,900 രൂപ നല്‍കണം. അതായത് 22,000 രൂപയില്‍ അധികം. പുതിയ iPhone 18 Pro ഇറങ്ങിയതോടെ iPhone 17 വില കുറയുമെന്ന പ്രതീക്ഷയിലിരുന്നവര്‍ക്ക് നിരാശരാകേണ്ട അവസ്ഥയാണ്.

Apple raises iPhone prices in India

iPhone 18 Proയ്ക്ക് എത്രയാണ് വില?

പുതിയ iPhone 18 Proയുടെ 256GB മോഡലിന് 1,64,900 രൂപയാണ് ഇന്ത്യയിലെ വില. കഴിഞ്ഞ വര്‍ഷത്തെ iPhone 17 Proയുടെ അതേ സ്റ്റോറേജ് മോഡലിന് 1,34,900 രൂപയായിരുന്നു. അതായത് 30,000 ത്തില്‍ അധികം. ഇത് ഏകദേശം 22 ശതമാനം വില വര്‍ധനയാണ്.iPhone 18 Pro Maxന്റെ വിലയും ഇതേ രീതിയില്‍ ഉയര്‍ന്നു. 256GB മോഡലിന് 1,79,900 രൂപയാണ് പുതിയ വില. കഴിഞ്ഞ വര്‍ഷത്തെ iPhone 17 Pro Maxന് 1,49,900 രൂപ ആയിരുന്നു. ഇവിടെയും 30,000 രൂപ വര്‍ധന. അതായത് ഏകദേശം 20 ശതമാനം.

സ്റ്റോറേജ് കൂടുമ്പോള്‍ വിലയും കുതിക്കും

കൂടുതല്‍ സ്റ്റോറേജ് വേണമെങ്കില്‍ വില ഇനിയും ഉയരും.

iPhone 18 Pro

  • 256GB - 1,64,900 രൂപ
  • 512GB - 1,89,900 രൂപ
  • 1TB - 2,39,900 രൂപ
  • 2TB - 3,14,900 രൂപ

iPhone 18 Pro Max

  • 256GB - 1,79,900 രൂപ
  • 512GB - 2,04,900 രൂപ
  • 1TB - 2,54,900 രൂപ
  • 2TB - 3,29,900 രൂപ

ഏറ്റവും കൂടുതല്‍ സ്റ്റോറേജുള്ള iPhone 18 Pro Max വാങ്ങണമെങ്കില്‍ 3.29 ലക്ഷം വരെ ചെലവാക്കണം.

Apple raises iPhone prices in India

ഇന്ത്യയില്‍ മാത്രം വില വര്‍ധനവോ?

ഇതാണ് ഈ വിലവര്‍ധനയിലെ ശ്രദ്ധേയമായ മറ്റൊരു കാര്യം. അമേരിക്കയില്‍ iPhone 18 Proയുടെ വില ഏകദേശം 9 ശതമാനം മാത്രമാണ് ഉയര്‍ന്നത്. ചൈനയിലും ബ്രിട്ടനിലും വര്‍ധന 10 ശതമാനത്തിന് ചുറ്റുമാണ്.എന്നാല്‍ ഇന്ത്യയില്‍ iPhone 18 Proയ്ക്ക് ഏകദേശം 22 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. Pro Maxന് ഏകദേശം 20 ശതമാനവും. അതായത് ഇന്ത്യയിലെ വിലവര്‍ധന മറ്റ് പല പ്രധാന വിപണികളിലേതിനേക്കാളും കൂടുതലാണ്.

എന്തുകൊണ്ടാണ് ഇന്ത്യയില്‍ വില കൂട്ടിയത്?

വില കൂടാന്‍ പല കാരണങ്ങളുണ്ടെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. മെമ്മറി ചിപ്പുകളുടെ വില വര്‍ധന, രൂപയുടെ മൂല്യത്തിലെ മാറ്റം, ഇന്ത്യയിലെ ഉല്‍പ്പാദനച്ചെലവ് തുടങ്ങിയ ഘടകങ്ങള്‍ ഇതിന് കാരണമാകാം. വിദഗ്ധരുടെ വിലയിരുത്തല്‍ അനുസരിച്ച്, ഇന്ത്യയിലെ iPhone വിലവര്‍ധനവിന് ആഗോളതലത്തിലെ ചെലവ് വര്‍ധനവിനൊപ്പം രൂപയുടെ ദുര്‍ബലതയും ആഭ്യന്തര ഉല്‍പ്പാദനച്ചെലവും സ്വാധീനം ചെലുത്തിയിട്ടുണ്ട്.

Apple raises iPhone prices in India

പഴയ iPhone വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് തിരിച്ചടി

പുതിയ മോഡല്‍ പുറത്തിറങ്ങിയാല്‍ പഴയ മോഡലുകള്‍ക്ക് വില കുറയുമെന്നാണ് സാധാരണ പ്രതീക്ഷ. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. iPhone 17, iPhone 17e, iPhone Air തുടങ്ങിയ മോഡലുകളുടെയും ഇന്ത്യയിലെ വിലയില്‍ മാറ്റമുണ്ടായി. ഇപ്പോള്‍ Apple ഇന്ത്യയുടെ ഔദ്യോഗിക സ്റ്റോറില്‍ iPhone 17ന്റെ വില 99,900 രൂപ മുതല്‍ ആണ്.

Content Highlights :Price of the new iPhone 18 Pro starts at ₹1.64 lakh; prices for the older iPhone 17 have also been hiked. The 18 Pro models see a price increase of over 20% compared to last year's models. Why is there a price hike in India?





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image