

ചത്താ പച്ച എന്ന സിനിമയുടെ വിജയ തിളക്കത്തിലാണ് റോഷൻ മാത്യു. സിനിമയിൽ വെട്രി എന്ന വേഷത്തിലായിരുന്നു നടൻ എത്തിയിരുന്നത്. ഇപ്പോഴിതാ പുതിയ നിയമം എന്ന സിനിമയിലൂടെ കരിയർ തുടങ്ങിയ നടൻ ഇപ്പോഴും മമ്മൂട്ടിയുടെ അഭിനയം കണ്ട് പഠിച്ച പാഠമാണ് കൂടെ കൂട്ടിയിരിക്കുന്നതെന്ന് പറയുകയാണ് റോഷൻ മാത്യു. സിനിമയുടെ സക്സസ് മീറ്റിലാണ് നടന്റെ പ്രതികരണം.
'ഞാൻ പുതിയ നിയമത്തിൽ അഭിനയിക്കുമ്പോൾ രണ്ടാമത്തെ ദിവസമായിരുന്നു മമ്മൂക്കയുമായുള്ള കോമ്പിനേഷൻ സീനിന്റെ ഷൂട്ട്. അതിന് മുൻപ് പരസ്യങ്ങളൊക്കെ മാത്രമാണ് ഞാൻ ചെയ്തിരുന്നത്. ഞാൻ പുതിയ നിയമം ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോൾ എനിക്കെന്തോ ശരിയാകാത്തതു പോലെ തോന്നി. എന്തോ സെറ്റ് ആകാത്തതു പോലെ, അപ്പോൾ എനിക്ക് പേടിയൊക്കെ തോന്നി. പിന്നെ ഞാൻ മുൻപ് സിനിമയൊന്നും ചെയ്തിട്ടില്ല, സിനിമയുമായി എനിക്ക് യാതൊരു ബന്ധവുമില്ല, സിനിമ ഞാൻ ആഗ്രഹിച്ചിട്ടുമില്ലാത്ത ഒരാളായിരുന്നു.
അപ്പോൾ ഞാൻ എന്നോട് തന്നെ പറഞ്ഞു, ഇതിൽ വേറെ ഒരുപാട് പ്രോസസുകളുണ്ടല്ലോ. നാടകം പോലെ അല്ലല്ലോ, ഇതിൽ എഡിറ്റിങ് ഉണ്ട്, പോസ്റ്റ് പ്രൊഡക്ഷൻ ഉണ്ട്. അതിലൊക്കെയായിട്ട് ഇത് ശരിയായി കൊള്ളും എന്ന് ഞാൻ വിചാരിച്ചു. പിന്നെ രണ്ടാമത്തെ ദിവസം എന്റെയും മമ്മൂക്കയുടെയും ഷൂട്ട് വന്നു. അദ്ദേഹത്തിന്റെ പെർഫോമൻസ് വളരെ അടുത്ത് നിന്ന് ഞാൻ ഇങ്ങനെ കാണുകയാണ്. അതുകണ്ടപ്പോൾ എനിക്ക് തോന്നി, ഞാൻ എന്നോട് പറഞ്ഞതൊക്കെ തെറ്റാണെന്ന്. ചെയ്യുന്ന സാധനം ചെയ്യുന്ന സമയത്ത് തന്നെ കറക്ടായിട്ട് ഫീൽ ചെയ്യണം. കാരണം മമ്മൂക്ക അന്ന് പെർഫോം ചെയ്തപ്പോൾ അതിനകത്ത് അതുവരെ ആ കഥയിൽ സംഭവിച്ച കാര്യങ്ങളും ആ കഥാപാത്രവും അതിലെ ഓരോ നിമിഷങ്ങളും ഉണ്ടായിരുന്നു. ഇത് 2015 അവസാനമാണ് സംഭവിക്കുന്നത്.
അത് കഴിഞ്ഞ മുൻപോട്ടുള്ള ഇത്രയും വർഷവും അന്ന് ആ നടന്ന കാര്യമാണ് ഞാൻ ഫോള്ളോ ചെയ്യുന്നത്. പത്ത് കൊല്ലം കഴിഞ്ഞിട്ട് ഞാൻ ചാത്താ പച്ച എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ നമ്മൾ പ്രതീക്ഷിക്കുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ കാമിയോ ആണ്. മമ്മൂക്ക അവിടെ വന്ന് നിന്നത് ഈ കഥയിലെ സർക്കസ്ക്കാരനായും ഗുസ്തിക്കാരനായും ആണ്. അദ്ദേഹം ഒരു സൂപ്പർ സ്റ്റാർ ആയിട്ടല്ല വന്നത്. കഥാപാത്രമായിട്ടാണ് വന്നത്,' റോഷൻ പറഞ്ഞു.
Content Highlights: Roshan Mathew reflected on Mammootty’s acting in Puthiya Niyamam. He shared the key lesson he learned from Mammootty’s performance. The remarks highlight Mammootty’s influence on younger actors.