
യൂട്യൂബിലെ തന്റെ ചാനലിൽ അപ്പ്‌ലോഡ് ചെയ്ത പുത്തൻ വീഡിയോയ്ക്ക് വന്ന കമന്റിന് താഴെ പേർളി മാണി നൽകിയ വോയ്‌സ് റിപ്ലേയാണ് ഇപ്പോൾ ട്രെൻഡിങായി നിൽക്കുന്ന ചർച്ച. അതേ, പുതിയ ഒരുപിടി അപ്പ്‌ഡേറ്റുകളാണ് യൂട്യൂബ് ഉപയോക്താക്കൾക്കായി കൊണ്ടുവന്നിരിക്കുന്നത്. അതിലൊന്നാണ് വോയ്സ് റിപ്ലൈ. യൂസർ ഇന്റർഫേസ് കൂടുതൽ മികവുറ്റതാക്കുയെന്നതിനൊപ്പം ഇതോടെ പുതുമയുള്ളതുമായി മാറുകയാണ്.
യൂട്യൂബ് അപ്പീൽ കൂട്ടുക, പ്രത്യേകിച്ച് ഷോട്ട്‌സുകൾ, ടിവി കണക്ട് ചെയ്തുള്ള വ്യൂ എന്നിവയുടെ നാവിഗേഷൻ എളുപ്പമാക്കുക എന്നിവ ലക്ഷ്യമിട്ടാണ് യുഐ അപ്പ്‌ഡേറ്റുകൾ കൊണ്ടുവന്നിരിക്കുന്നത്. യൂട്യൂബ് വീഡിയോകളിൽ മുന്നോട്ടോ പിന്നോട്ടോ പോകാനായി ഇനി സ്‌ക്രീനിൽ ഡബിൾ ടാപ്പ് ചെയ്താൽ മതിയാകും. വീഡിയോ എത്ര സെക്കന്റോളം നീങ്ങുന്നുവെന്നതടക്കം അതിൽ കാണാൻ കഴിയും.
മറ്റൊന്ന് ത്രെഡഡ് കമന്റുകളാണ്. റിപ്ലൈ പാനലിൽ മൂന്ന് ലെവലിലുള്ള ത്രെഡ് കമന്റുകൾ കാണാൻ സാധിക്കും. ഒരു കമന്റിന് താഴെയായുള്ള കമന്റുകൾ കാണികൾക്ക് വായിക്കണമെങ്കിൽ, കമന്റ് ട്രീകളായി മുഴുവൻ സംഭാഷണങ്ങളും കാണാൻ കഴിയുന്ന രീതിയിലാണ് സജ്ജീകരണം. ഇതിനായി കമന്റുകളിൽ ടാപ്പ് ചെയ്താൽ മതിയാകും. മൂന്നാമത്തെ ലെവലിൽ എത്തികഴിഞ്ഞതിന് ശേഷവും അഡീഷണലായ റിപ്ലേകളുണ്ടെങ്കിൽ ആ ത്രെഡിൽ താഴെയായി കാണാം.
ഇനി മറ്റൊന്ന് കസ്റ്റം ലൈക്ക്‌സ് ആണ്. നിങ്ങൾ കാണുന്ന കണ്ടന്റിന് അനുസരിച്ച് ലൈക്കുകളിൽ അനിമേഷനുകൾ കാണാം. അതായത് സംഗീതവുമായി ബന്ധപ്പെട്ട ഒരു വീഡിയോയ്ക്ക് നിങ്ങൾ ലൈക്ക് അടിക്കുമ്പോള്‍ അതിന് വരുന്ന അനിമേഷൻ ഒരു മ്യൂസിക്ക് നോട്ട് ആയിരിക്കും. നിങ്ങൾ കണ്ട കണ്ടന്റ് സ്‌പോട്‌സുമായി ബന്ധപ്പെട്ടതാണെങ്കിൽ, അതിന് ലൈക്ക് ചെയ്യുമ്പോൾ ഉണ്ടാവുന്ന അനിമേഷൻ ഒരു ബാസ്‌ക്കറ്റ് ബോളിന്റേതാവും.
യൂട്യൂബ് ക്രിയേറ്റേഴ്‌സിന് വേണ്ടിയാണ് വോയിസ് റിപ്ലൈകൾ എന്ന പുത്തൻ അപ്പ്‌ഡേറ്റ് കൊണ്ടുവന്നിരിക്കുന്നത്. ഇത് ഇക്കഴിഞ്ഞ ഡിസംബറിലാണ് യഥാർത്ഥത്തിൽ ലോഞ്ച് ചെയ്തത്. യൂട്യൂബ് കുറച്ചധികം ക്രിയേറ്റേഴ്‌സിന് ഇതിനുള്ള അക്‌സസ് നൽകിയിട്ടുണ്ട്. മുപ്പത് സെക്കന്റാണ് ഇതിനുള്ള പരിമിതി. സ്റ്റുഡിയോ മൊബൈൽ ഉപയോഗിച്ചും യൂട്യൂബ് മെയിൻ ആപ്പിലൂടെയും ക്രിയേറ്റേഴ്‌സിന് ഇപ്പോൾ വോയിസ് റിപ്ലൈ ചെയ്യാം.
Content Highlights: Voice reply and many more Updates in Youtube