'സോഹോ മെയിൽ' വ്യാപകമാക്കാൻ കേന്ദ്രസർക്കാർ; സ്വകാര്യകമ്പനിയെ ഏൽപ്പിക്കുന്നത് നയങ്ങൾക്ക് വിരുദ്ധമെന്ന് വിമർശനം

ഈ നീക്കം കാലങ്ങളായി രാജ്യം കൈക്കൊണ്ടുവന്ന നയങ്ങൾക്ക് എതിരാണെന്ന വിമർശനവും ശക്തമാണ്

'സോഹോ മെയിൽ' വ്യാപകമാക്കാൻ കേന്ദ്രസർക്കാർ; സ്വകാര്യകമ്പനിയെ ഏൽപ്പിക്കുന്നത് നയങ്ങൾക്ക് വിരുദ്ധമെന്ന് വിമർശനം
dot image

കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ എല്ലാ ഔദ്യോഗിക മെയിൽ ഐഡിയും സോഹോയിലേക്ക് കേന്ദ്രസർക്കാർ മാറ്റിയത് ദിവസങ്ങൾക്ക് മുൻപ് മാത്രമാണ്. ഇതിന് പുറമെ വിദ്യാഭ്യാസ വകുപ്പിലും പൂർണമായും സോഹോ മെയിലിലേക്ക് മാറാനുള്ള നിർദേശം നൽകിയിട്ടുണ്ട്. വിദേശ സോഫ്റ്റ്‌വെയറുകളുടെ ആശ്രിതത്വം കുറയ്ക്കാനും പൂർണമായും ഇന്ത്യയിൽ നിർമിച്ച സോഫ്റ്റ്‌വെയറുകൾക്ക് പ്രാമുഖ്യം നൽകാനുമാണ് ഈ നീക്കം.

സോഹോ വഴി മാത്രം ഇനി ഡോക്യുമെന്റുകൾ നിർമിക്കാനും പങ്കുവെയ്ക്കാനും, പ്രെസന്റേഷനുകൾ അടക്കം സോഹോ വഴിയാക്കാനുമാണ് കേന്ദ്രസർക്കാർ നിർദേശം. എന്നാൽ ഈ നീക്കം കാലങ്ങളായി രാജ്യം കൈക്കൊണ്ടുവന്ന നയങ്ങൾക്ക് എതിരാണെന്ന വിമർശനവും ശക്തമാണ്.

ഓപ്പൺ സോഫ്റ്റ്‌വെയർ സിസ്റ്റങ്ങളിൽ നിന്നും ഒരു കമ്പനി കൈകാര്യം ചെയ്യുന്ന, ക്ളോസ്ഡ് ആയ ഒരു സോഫ്റ്റ്‌വെയറിലേക്ക് മാറുന്നതാണ് വിമർശനത്തിനിടയാക്കുന്നത്. എന്നാൽ രാജ്യത്തിന്റെ സ്വന്തം സോഫ്റ്റ്‌വെയർ എന്ന ഖ്യാതി, പരമാധികാരം എന്നതിനപ്പുറം നിയന്ത്രണം, സുരക്ഷ തുടങ്ങിയവയിൽ വലിയ ആശങ്കയുണ്ടാക്കുന്നതാണ് എന്ന് ടെക്ക് വിദഗ്ധർ പറയുന്നു.

വെന്റർ ലോക് ഇൻ തടയുന്നതിനാണ് ആദ്യകാല ഡിജിറ്റൽ സംവിധാനങ്ങൾ രൂപകൽപന ചെയ്തിരുന്നത്. പോർട്ടബിലിറ്റി, ഇന്റർ ഓപ്പറേറ്റബിലിറ്റി, ഓഡിറ്റബിലിറ്റി എന്നിവയിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോഴത്തെ നീക്കത്തോടെ അവ ഇല്ലാതാക്കുകയാണ് എന്നാണ് ടെക് വിദഗ്ധർ പറയുന്നത്. ഒരൊറ്റ പ്രൈവറ്റ് പ്ലാറ്റ്‌ഫോമിനെ മാത്രം ആശയവിനിമയങ്ങൾക്ക് ഉപയോഗിക്കുന്നത് കാലങ്ങളായി രാജ്യം കൈക്കൊണ്ട ഓപ്പൺ ടെക്‌നോളജി പ്രക്രിയക്ക് വിരുദ്ധമാണെന്നും വാദമുണ്ട്.

'സർക്കാർ സ്‌പോൺസേർഡ് ആശ്രിതത്വത്തിന്റെ ഒരു കെണിയാണ് നമ്മൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ വില നൽകേണ്ടി വരുന്നത് ഇന്നത്തെ തീരുമാനങ്ങൾ എടുക്കുന്നവരല്ല, മറിച്ച് ഇന്ത്യൻ ടെക്ക് ഇക്കോസിസ്റ്റത്തിലെ അടുത്ത തലമുറയാണ്. അടഞ്ഞതും വികസിപ്പിക്കാനാവാത്തതുമായ ഒരടിത്തറയിൽ പ്രവർത്തിക്കാൻ അവർ നിർബന്ധിതരാകും.

വിവേകപൂർണ്ണമായ ഒന്നിനു പകരം, ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ഒരു വെെറൽ ഹാഷ്ടാഗ് നരേറ്റീവ് തിരഞ്ഞെടുക്കാനുള്ള അപകടത്തിലാണ് നമ്മൾ. നമ്മുടെ രാജ്യത്തിന്റെ ഡിജിറ്റൽ ഭാവിക്ക് അത് നൽകേണ്ടി വരുന്ന വില വളരെ വലുതായിരിക്കും.'; ടെക്ക് മേഖലയിലെ വിദഗ്ധനായ അനിവർ അരവിന്ദ് പറയുന്നു.

ഇത്തരത്തിലുള്ള 'സ്വദേശിവത്കരണം' തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കാനും ദേശീയതയെ മാർക്കറ്റിങിന്റെ ഒരു മുഖംമൂടിയായി ഉപയോഗിക്കുകയും ചെയ്യുന്ന കമ്പനികൾക്ക് ഗുണം ചെയ്യും എന്ന വിമർശനവും ശക്തമാണ്. ഇത്തരം കമ്പനികൾ സ്വകാര്യതയ്ക്ക് പുല്ലുവില കൽപിച്ചേക്കുമെന്നും ഇത്തരത്തിലുള്ള സോഫ്റ്റ്‌വെയറുകളെ അംഗീകരിക്കാന്‍ കേന്ദ്രസർക്കാർ കാണിക്കുന്ന ആവേശം ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമം നടപ്പിലാക്കാൻ കാണിക്കണമെന്നും വിമർശനമുണ്ട്.

Content Highlights: move to enforce zoho mail invites criticism from tech experts

dot image
To advertise here,contact us
dot image