
നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് ദിവസേന നേരിടേണ്ടി വരുന്നത് 170 മില്യൺ സൈബർ ആക്രമണങ്ങളെയാണെന്ന് റിപ്പോർട്ട്. ഓരോ ദിവസവും ലക്ഷകണക്കിന് സൈബർ ആക്രമണങ്ങളാണ് എൻഎസ്ഇ നേരിടുന്നതെന്നും എന്നാൽ സെപ്ഷ്യലൈസ്ഡ് സോഫ്റ്റ്‌വെയറും മികച്ച ടെക്‌നിക്കൽ ടീം ചേർന്നാണ് ഇവ തടയുന്നതെന്നും 24 മണിക്കൂറും ഇവർ സുരക്ഷ ഉറപ്പാക്കുകയാണെന്നും എൻഎസ്ഇയുടെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
വർഷാവർഷം ഒരിടവേളയുമില്ലാതെ നിരന്തമായ പോരാട്ടമാണ് എന്‍എസ്ഇ സൈബർസംഘം നടത്തുന്നത്. സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായും സിസ്റ്റത്തിന്റെ സമഗ്രത നിലനിർത്തുന്നതിനും എല്ലാ ട്രേഡിങ് അംഗങ്ങൾക്കും ജീവനക്കാർക്കും എൻഎസ്ഇ വൾനറബിളിറ്റി അസസ്‌മെന്റ് ആൻഡ് പെനട്രേഷൻ ടെസ്റ്റിങ് നിർബന്ധമാക്കിയിട്ടുണ്ട്.
ഓപ്പറേഷൻ സിന്ദൂർ പുരോഗമിക്കുമ്പോൾ എൻഎസ്ഇ നിരന്തരമായി നേരിട്ടത് 400 മില്യൺ സൈബർ ആക്രമണങ്ങളെയാണ്. അതും ഒരു ദിവസം മാത്രം. ഇതാണ് എൻഎസ്ഇ നേരിട്ട ഏറ്റവും വലിയ സൈബർ ആക്രമണമെന്നാണ് എൻഎസ്ഇയുടെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. അഡ്വാൻസ് ടെക്‌നോളജി ഉപയോഗിക്കുന്ന സിസ്റ്റവും മികച്ച ഉദ്യോഗസ്ഥരുമാണ് ഇതിന് പ്രതിരോധം തീർത്തത്. മൾട്ടിപ്പിൾ സോഴ്‌സിൽ നിന്നാണ് ആക്രമണം ഉണ്ടായത്. മുഴുവൻ സിസ്റ്റത്തെയും തകർക്കാനുള്ള ശ്രമമാണ് എൻഎസ്ഇ സംഘം ഇല്ലാതാക്കിയതെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അന്ന് മുൻകരുതലിന്റെ ഭാഗമായി വിദേശികളായ യൂസർമാർക്ക് വെബ്‌സൈറ്റിലേക്കുള്ള പ്രവേശനം താത്കാലികമായി നിരോധിക്കുകയും ചെയ്തിരുന്നു.
മഹാരാഷ്ട്ര സൈബർ സംഘം ഏഴോളം Advanced Persistent Threat സംഘങ്ങളെ തിരിച്ചറിഞ്ഞിരുന്നു. ഇവരാണ് പതിനഞ്ച് ലക്ഷത്തോളം സൈബർ ആക്രമണങ്ങൾക്ക് പിന്നിലെന്ന് വ്യക്തമായിരുന്നു. ഏപ്രിൽ മാസത്തിൽ നടന്ന പഹൽഗാം ആക്രമണത്തിന് പിന്നാലെയായിരുന്നു ഈ സൈബർ ആക്രമണം. ജിപിഎസ് സ്പൂഫിങ്, Distributed Denial-of-Service (DDoS), മാൽവെയർ ക്യാമ്പയിൻ എന്നിവ വഴിയാണ് സൈബർ അറ്റാക്ക് ഉണ്ടായത്. എൻഎസ്ഇ സൈബർ അറ്റാക്കുകൾ എക്‌സ്‌ചേഞ്ച് സിസ്റ്റത്തെ മാത്രമല്ല സാമ്പത്തിക വിപണിയുടെ സ്ഥിരതയെ തന്നെ ബാധിച്ചേക്കാവുന്നതാണ്. ഈയടുത്തായി ജമ്മുകശ്മീരിൽ നിന്നുള്ള മാധ്യമസംഘം എൻഎസിയിലെ മാനേജ്‌മെന്റ് ഫെസിലിറ്റി, സൈബർ പ്രതിരോധ ശേഷി, ഒപ്പം ബാക്ക്അപ്പിനെയും കുറിച്ച് മനസിലാക്കാൻ എൻഎസ്ഇ സന്ദർശിച്ചിരുന്നു.
Content Highlights: NSE faced 40 crore cyber attack in a single day during Operation Sindoor