'അബിന്‍ വര്‍ക്കിയെ ഒഴിവാക്കിയത് നീതികേട്'; ഐ ഗ്രൂപ്പിൽ അമർഷം, രാഹുൽ ഗാന്ധിക്ക് പരാതി നൽകി

സംഘടനാ തെരഞ്ഞെടുപ്പിനെ നോക്കുകുത്തിയാക്കിയെന്നും പരാതി

'അബിന്‍ വര്‍ക്കിയെ ഒഴിവാക്കിയത് നീതികേട്'; ഐ ഗ്രൂപ്പിൽ അമർഷം, രാഹുൽ ഗാന്ധിക്ക് പരാതി നൽകി
dot image

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ നിയമനത്തില്‍ നിലപാട് കടുപ്പിച്ച് ഐ ഗ്രൂപ്പ്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ഐ ഗ്രൂപ്പ് പരാതി നല്‍കി. അബിന്‍ വര്‍ക്കിയെ ഒഴിവാക്കിയത് നീതികേടെന്നാണ് പരാതി. സംഘടനാ തെരഞ്ഞെടുപ്പിനെ നോക്കുകുത്തിയാക്കിയെന്നും പരാതിയില്‍ പറയുന്നു. വര്‍ക്കിംഗ് പ്രസിഡന്റ് പദവിയിലേക്ക് പരിഗണിക്കാമായിരുന്നെന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍ നിലവില്‍ വിഷയത്തില്‍ പരസ്യ പ്രതികരണം വേണ്ടെന്നാണ് ഐ ഗ്രൂപ്പില്‍ ധാരണ. പരസ്യ പ്രതികരണം തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടി വേദികളില്‍ പരാതി അറിയിക്കാനും തീരുമാനമുണ്ട്. മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല നേതാക്കളുമായി കൂടിയാലോചന നടത്തിയെന്നാണ് വിവരം. ഹൈക്കമാന്‍ഡ് നിലപാടിന് വേണ്ടി കാത്തിരിക്കുകയാണ് ഐ ഗ്രൂപ്പ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും പരാതി നല്‍കാനാണ് ഐ ഗ്രൂപ്പിന്റെ തീരുമാനം.

Abin Varkey
അബിന്‍ വര്‍ക്കി

അതേസമയം ഹൈക്കമാന്‍ഡ് തീരുമാനമാണ് നിര്‍ണ്ണായകമെന്നും സൂഷ്മമായി പരിശോധിച്ചശേഷമാണ് തീരുമാനമുണ്ടായതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ റിപ്പോർട്ടറിനോട് പറഞ്ഞു. എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കില്‍ അത് നീക്കാന്‍ നേതൃത്വത്തിന് കഴിയും. അവരെ വിശ്വാസത്തിലെടുത്ത് മാത്രമെ മുന്നോട്ട് പോകാനാകൂവെന്നും അതാണ് ഇപ്പോഴത്തെ പ്രവര്‍ത്തന രീതിയെന്നും അദ്ദേഹം വ്യക്തമാക്കി.

'കോണ്‍ഗ്രസില്‍ 50 വര്‍ഷമായിട്ടുള്ളതാണ് ഗ്രൂപ്പ് ചരിത്രം. തുടക്കക്കാര്‍ സജീവമായി രംഗത്തില്ല. പിന്തുടര്‍ച്ച അവകാശികളാണ് പിന്നീട് ഇക്കാര്യം കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത്. പഴയപോലത്തെ നീക്കങ്ങള്‍ ഉണ്ടാകണമെന്ന് നീക്കമില്ല. ചെറിയ കാര്യങ്ങള്‍ ഊതിപ്പെരുപ്പിച്ച് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സാധ്യതയെ ഇല്ലാതാക്കരുത്', തിരുവഞ്ചൂർ പറഞ്ഞു. അബിന്‍വർക്കിയുമായി സംസാരിക്കണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവാദങ്ങളെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ രാജിവെച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തിങ്കളാഴ്ചയാണ് അഡ്വ. ഒ ജെ ജനീഷിനെ ചുമതലപ്പെടുത്തിയത്. ബിനു ചുള്ളിയിലിനെ വര്‍ക്കിംഗ് പ്രസിഡന്റായും നിയോഗിച്ചു. കേരളത്തില്‍ ആദ്യമായാണ് യൂത്ത് കോണ്‍ഗ്രസിന് വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം വരുന്നത്. പിന്നാലെ തന്നെ ഉപാധ്യക്ഷനായ അബിന്‍ വര്‍ക്കിക്ക് അധ്യക്ഷ സ്ഥാനം നല്‍കാത്തതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

സാമുദായിക സമവാക്യമാണ് സംഘടനാ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ അബിന്‍ വര്‍ക്കിക്ക് തിരിച്ചടിയായതെന്നായിരുന്നു വിലയിരുത്തല്‍. മാത്രവുമല്ല അബിന്‍ വര്‍ക്കിയെയും കെഎം അഭിജിത്തിനെയും ദേശീയ സെക്രട്ടറിമാരായി ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ തനിക്ക് കേരളത്തില്‍ തുടരാനാണ് താല്‍പര്യമെന്ന് അബിന്‍ വര്‍ക്കി കഴിഞ്ഞ ദിവസം തുറന്ന് പറഞ്ഞിരുന്നു.

Content Highlights: Youth Congress president I group letter to Rahul Gandhi for Abin Varkey

dot image
To advertise here,contact us
dot image