
'ഇൻസ്റ്റഗ്രാം വീഡിയോസിന് ഇത് എന്ത് പറ്റി ? അതോ ഇനി എനിക്ക് കണ്ണിന് പിടിക്കാഞ്ഞിട്ടാണോ… ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഇൻസ്റ്റഗ്രാം സ്ക്രോൾ ചെയ്യുന്നതിനിടയിൽ ഒരിക്കലെങ്കിലും ഇങ്ങനെയൊന്ന് തോന്നാത്തവർ ചുരുക്കമായിരിക്കും. കാരണമെന്താ ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോ ഫോർമാറ്റ് ഇറങ്ങിയിരിക്കുകയല്ലേ…
വെർട്ടിക്കൽ വീഡിയോ ഹോറിസോണ്ടൽ ഫോർമാറ്റിൽ എന്ന രീതിയിലാണ് ഈ പുതിയ വീഡിയോ ട്രെൻഡ് വന്നിരിക്കുന്നത്. അൾട്രാ-വൈഡ് റീൽസാണ് ഇവ. ഏറ്റവും 'മെലിഞ്ഞ' വീഡിയോ ട്രെൻഡ് എന്ന പേര് കേട്ട് തുടങ്ങിയിരിക്കുന്ന ഈ വീഡിയോ ട്രെൻഡിന്റെ ആസ്പെക്ട് റേഷ്യോ 5120*1080 ആണ്.
സാധാരണ ഷോട്ടുകൾക്ക് എപിക് ഫീൽ കൊടുക്കാൻ പുതിയ സ്റ്റൈലിന് കഴിയുന്നു എന്ന് ഇൻസ്റ്റഗ്രാം യൂസേഴ്സ് പറയുന്നു. സാധാരണ വീഡിയോസിന്റെ മുകൾ ഭാഗവും കീഴ് ഭാഗവും കട്ട് ചെയ്ത് കളഞ്ഞ രീതിയിലാണ് ഇതിലുണ്ടാവുക. മുകളിലും താഴെയും ബ്ലാക്കും നടുക്കിലെ ഭാഗത്ത് പനോരമിക് വ്യൂവിൽ വിഷ്വൽസും വരുമ്പോൾ സിനിമാറ്റിക് ഫീൽ കിട്ടുന്നു എന്നാണ് ഇവർ പറയുന്നത്.
അൽപം ഏസ്തെറ്റിക് സെൻസ് ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഈ റീൽസ് ചെയ്യാവുന്നതാണ്. പ്രീമിയർ പ്രോ, ഡാവിഞ്ചി, എഫ്സിപിയോ എഡിറ്റിങ് സോഫ്റ്റ് വെയർ ഏതായാലും ആസ്പെകട് റേഷ്യോ പിക്സൽസിൽ 5120* 1080 എന്ന് സെറ്റ് ചെയ്യുക എന്നതേ ടെക്നിക്കലി ചെയ്യാനുള്ളു.
പഴയ മൂവി സീനുകളും വൈറലായ റീലുകളും ഈ പുത്തൻ ഫോർമാറ്റിൽ പുതിയ ഭാവത്തിൽ കടന്നുവരുന്നുണ്ട്. ആ ദൃശ്യങ്ങൾക്ക് ഫ്രഷ് മേക്കോവർ നല്കുന്നു എന്നാണ് പലരും പറയുന്നത്. ഈ ഫോർമാറ്റിൽ പുതിയ പരീക്ഷണം നടത്തുന്നവരുടെ എണ്ണവും ഏറെയാണ്. നിലവിൽ ഇൻസ്റ്റാ പോസ്റ്റുകളിലെയും സ്റ്റോറികളിലെയും താരം ഈ വീഡിയോ സ്റ്റൈലാണ്.
പക്ഷെ ഈ ട്രെൻഡിന് അധികം ആയുസ് ഉണ്ടാകില്ല എന്നാണ് ഒരു വിഭാഗം പറയുന്നത്. കുറച്ച് നാളത്തേക്ക് ഇവ ഒരു കൗതുകം തോന്നിപ്പിക്കുമെങ്കിലും ഈ ഫോർമാറ്റിൽ വിഷ്വൽസ് അവതരിപ്പിക്കാൻ ആരും അധികം ഇഷ്ടപ്പെടില്ല എന്നാണ് ഇവരുടെ വാദം.
Content Highlights: Ultra Wide reels becomes new trend in instagram