ഇഎംഐയില്‍ ഫോണെടുത്ത് തിരിച്ചടവ് മുടങ്ങിയാല്‍ ഫോണിന് പൂട്ടുവീഴും; പുതിയ നടപടി ആര്‍ബിഐയുടെ പരിഗണനയില്‍

സംഗതി അല്പം കഠിനമാണ്, പക്ഷെ ഇതോടെ തിരിച്ചടവ് മുടക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍

ഇഎംഐയില്‍ ഫോണെടുത്ത് തിരിച്ചടവ് മുടങ്ങിയാല്‍ ഫോണിന് പൂട്ടുവീഴും; പുതിയ നടപടി ആര്‍ബിഐയുടെ പരിഗണനയില്‍
dot image

ഒരു ആവേശത്തിന് ഇഎംഐയില്‍ ഫോണെടുത്തു..പക്ഷെ പ്രതിമാസ അടവ് മുടങ്ങിയാല്‍ എന്തായിരിക്കും നടപടി? ഫോണ്‍ ലോക്ക് ചെയ്യും! അതെ, അടവ് തെറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് ആര്‍ബിഐ. സംഗതി അല്പം കഠിനമാണ്, പക്ഷെ ഇതോടെ തിരിച്ചടവ് മുടക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. വൈകാതെ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുന്നതിനായി ലോണെടുക്കുന്നവരുടെ എണ്ണം രാജ്യത്ത് വര്‍ധിച്ച് വരികയാണ്. സോഷ്യല്‍ മീഡിയ ബൂമും, എല്ലാവരും കണ്ടന്റ് ക്രിയേറ്റേഴ്‌സും ആയതോടെ മികച്ച ഫീച്ചറുകളുള്ള ഫോണുകള്‍ എടുക്കാന്‍ ആര്‍ക്കും മടിയില്ലാതായി. 85ശതമാനം തുകവരെ ഫോണ്‍ വാങ്ങാന്‍ വായ്പ നല്‍കുന്നവരുമുണ്ട്. വായ്പ ലഭിക്കാനും ലളിതമായ വ്യവസ്ഥകളായതിനാല്‍ വായ്പ എടുക്കാനും എളുപ്പമാണ്.

ആഗ്രഹത്തിന് അനുസരിച്ച് പ്രീമിയം ഫോണ്‍ കയ്യില്‍ ലഭിച്ചാല്‍ ആദ്യത്തെ രണ്ടുമാസങ്ങള്‍ക്ക് ശേഷം ഇഎംഐ അടയ്ക്കുന്നത് തന്നെ പലരും തെറ്റിച്ചുതുടങ്ങും. ഇതിന് പരിഹാരമായാണ് ലെന്‍ഡേഴ്‌സിന് ഫോണ്‍ ലോക്ക് ചെയ്യാനുള്ള അനുമതി നല്‍കാനുള്ള നീക്കത്തിലേക്ക് ആര്‍ബിഐ കടക്കുന്നത്.

പക്ഷെ ഫോണ്‍ ലോക്ക് സംവിധാനം ഉപയോഗിക്കുന്നതിന് മുന്‍പ് വായ്പ നല്‍കുന്ന സാമ്പത്തിക സ്ഫാനങ്ങള്‍ കടമെടുത്തയാളില്‍ നിന്ന് അനുവാദം വാങ്ങിയിരിക്കണം. ഫോണില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള അനുമതിയില്ല.

ഈ നീക്കത്തെ വായ്പ നല്‍കുന്നവരെല്ലാം അനുകൂലിച്ചെങ്കിലും ഇത് ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമോ എന്ന ആശങ്കയും ഉപഭോക്കാള്‍ക്ക് വേണ്ടി നിലകൊള്ളുന്നവര്‍ ഉയര്‍ത്തുന്നുണ്ട്. തന്നെയുമല്ല ഫോണ്‍ എന്നത് ഒരു ഗാഡ്‌ജെറ്റ് എന്നതിലുപരി ദൈനംദിനജീവിതത്തിലെ അത്യാന്താപേക്ഷിത ഘടകം കൂടിയായി മാറിയിരിക്കുകയാണ്. ജോലി, വിദ്യാഭ്യാസം, സാമൂഹിക ബന്ധങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ തുടങ്ങി എന്തിനും ഫോണ്‍ വേണമെന്ന അവസ്ഥയാണ്. അതിനാല്‍ ഫോണ്‍ ലോക്ക് ചെയ്യുക എന്ന നടപടി അവരുടെ ജീവിതത്തിന് തന്നെ വിലങ്ങിടുന്നതിന് തുല്യമാണെന്നും വാദമുണ്ട്.

എന്തായാലും ആര്‍ബിഐ ഇതുസംബന്ധിച്ച ചര്‍ച്ചകളിലാണ്. ഉപഭോക്താക്കളുടെയും ലെന്‍ഡേഴ്‌സിന്റെയും താല്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടായിരിക്കും നടപടിയെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. അഥവാ ഇത്തരത്തില്‍ പൂട്ടിടാനുള്ള നീക്കത്തിലേക്ക് കടക്കുകയാണെങ്കില്‍ ഇന്ത്യന്‍ ഉപഭോക്തൃ സാമ്പത്തിക സംവിധാനത്തില്‍ വലിയൊരു മാറ്റത്തിനായിരിക്കും അത് തുടക്കം കുറിക്കുക. ഐഫോണ്‍ 17ന്റെ ഫീച്ചറുകളെല്ലാം വായിച്ച് ഇഎംഐയില്‍ ഒരു ഫോണെടുത്താലോ എന്നാലോചിച്ചിരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഈ ലേഖനം നിങ്ങള്‍ക്കുള്ളതാണ്.

Content Highlights: RBI's Shocking Move: Lenders May Soon Lock Your Phone for Unpaid EMIs

dot image
To advertise here,contact us
dot image