
തിയേറ്ററിലെ വർധിച്ചുവരുന്ന ടിക്കറ്റ് വിലയെച്ചൊല്ലി പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ രോഷം പ്രകടിപ്പിക്കാറുണ്ട്. കേരളത്തിൽ ഉൾപ്പെടെ പല തിയേറ്ററുകളിലും വമ്പൻ റിലീസുകളെത്തുമ്പോൾ പല തോതിലാണ് ടിക്കറ്റ് നിരക്കുകൾ വിൽക്കുന്നത്. ഇപ്പോഴിതാ ടിക്കറ്റ് നിരക്കിന് മേലുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തെ കയ്യടിച്ച് വരവേൽക്കുകയാണ് എല്ലാവരും. മള്‍ട്ടിപ്ലക്‌സ് തിയേറ്ററിലടക്കം പരമാവധി ഈടാക്കാവുന്ന ടിക്കറ്റ് നിരക്ക് 200 രൂപയായി നിശ്ചയിച്ചു. നികുതികള്‍ ഉള്‍പ്പെടാതെയാണ് ഈ നിരക്ക്. 2025ലെ കര്‍ണാടക സിനിമ (റെഗുലേഷന്‍) ഭേദഗതി നിയമപ്രകാരമാണ് പുതിയ തീരുമാനം. സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്ന മള്‍ട്ടിപ്ലക്‌സ് ഉള്‍പ്പെടെയുള്ള തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ഏത് ഭാഷയിലുള്ള സിനിമ ടിക്കറ്റിനും പുതിയ തീരുമാനം ബാധകമാണ്.
ഈ നിയമപ്രകാരം ഐമാക്സ്, 4DX തുടങ്ങിയ പ്രീമിയം സ്‌ക്രീനുകളിലും ടിക്കറ്റ് റേറ്റ് കുറയും. ഐമാക്സ് സ്ക്രീനിലെ ടിക്കറ്റ് നിരക്ക് 236 രൂപയായി മാറ്റിയതിന്റെ ബുക്ക് മൈ ഷോ സ്ക്രീൻ ഷോട്ടുകൾ ഇപ്പോൾ പലരും എക്സിലൂടെ പങ്കുവെക്കുന്നുണ്ട്. കേരളത്തിൽ ഉൾപ്പെടെയുള്ള ഐമാക്സ് സ്ക്രീനുകൾ 1000 രൂപയ്ക്ക് മേലെ ചാർജ് ഈടാക്കുമ്പോഴാണ് കർണാടകയിലെ ഈ പുതിയ നിരക്ക് ചർച്ചയാകുന്നത്. അതേസമയം, 75-ലോ അതില്‍ താഴെ സീറ്റുകളുള്ളതോ ആയ പ്രീമിയം സൗകര്യങ്ങള്‍ നല്‍കുന്ന മള്‍ട്ടി സ്‌ക്രീന്‍ തീയേറ്ററുകള്‍ക്ക് നിയമം ബാധകമാവില്ല. 1964ലെ കര്‍ണാടക സിനിമ (റെഗുലേഷന്‍) നിയമത്തിലെ സെക്ഷന്‍ 19 പ്രകാരം നല്‍കിയിട്ടുള്ള അധികാരങ്ങള്‍ വിനിയോഗിച്ചാണ് 2014ലെ കര്‍ണാടക സിനിമ (റെഗുലേഷന്‍) നിയമങ്ങള്‍ സര്‍ക്കാര്‍ ഭേദഗതി ചെയ്യാനൊരുങ്ങുന്നത്.
നിലവില്‍ പുറത്തിറക്കിയിരിക്കുന്ന വിജ്ഞാപനമനുസരിച്ച്, ഔദ്യോഗിക ഗസറ്റില്‍ അന്തിമമായി പ്രസിദ്ധീകരിക്കുന്ന തീയതി മുതലായിരിക്കും സിനിമ ടിക്കറ്റിന്റെ പരമാവധി നിരക്ക് 200 രൂപ എന്ന നിയമം പ്രാബല്യത്തില്‍ വരിക. ക്രമാതീതമായി വര്‍ധിച്ചുവരുന്ന സിനിമ ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നീക്കം.
IMAX @ ₹236!!
— AndhraBoxOffice.Com (@AndhraBoxOffice) September 13, 2025
Karnataka All Movies including Special Formats and Recliner Seats priced at ₹236 or Below From Today, except below 75 Capacity Recliners only Premium Screens!!
Bad News for Multiplexes Bottomline and Stock Price! pic.twitter.com/dmL53fQ1eX
കേരളത്തിലും ഇത്തരം കുറഞ്ഞ നിരക്കിൽ ടിക്കറ്റ് റേറ്റുകൾ വേണമെന്നാണ് പലരും എക്സിൽ കുറിക്കുന്നത്. മൾട്ടിപ്ളെക്സുകൾ ഇഷ്ടാനുസരണം ടിക്കറ്റ് റേറ്റുകൾ കൂട്ടുന്നതിനെ ഇതിലൂടെ തടയാനാകുമെന്നും പ്രേക്ഷകർ പങ്കുവെക്കുന്നുണ്ട്.
Content Highlights: Karnataka Government Caps Movie Ticket Prices at ₹200