ഒടിടിയിൽ ട്രോൾ കിട്ടുമെന്ന് പറഞ്ഞവരൊക്കെ എവിടെ, സ്ട്രീമിങ്ങിലും തരംഗമായി 'സൈയാരാ'

ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കുമ്പോൾ വലിയ വിമർശനങ്ങൾ ലഭിക്കുമെന്നായിരുന്നു നേരത്തെ പലരും സോഷ്യൽ മീഡിയയിൽ കുറിച്ചത്

ഒടിടിയിൽ ട്രോൾ കിട്ടുമെന്ന് പറഞ്ഞവരൊക്കെ എവിടെ, സ്ട്രീമിങ്ങിലും തരംഗമായി 'സൈയാരാ'
dot image

മോഹിത് സൂരി സംവിധാനം ചെയ്ത് അഹാൻ പാണ്ഡെ, അനീറ്റ് പദ്ദ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ 'സൈയാരാ' ഈ വർഷം ബോളിവുഡിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നാണ്. സിനിമ ആഗോളതലത്തിൽ 500 കോടി പിന്നിട്ടിരുന്നു. ചിത്രമിപ്പോൾ ഒടിടിയിൽ ലഭ്യമാണ്. ഗംഭീര പ്രതികരണമാണ് സിനിമയ്ക്ക് ഒടിടിയിലും ലഭിക്കുന്നത്. ഈ വർഷത്തെ ഏറ്റവും മികച്ച സിനിമയെന്നാണ് പലരും അവകാശപ്പെടുന്നത്.

ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കുമ്പോൾ വലിയ വിമർശനങ്ങൾ ലഭിക്കുമെന്നായിരുന്നു നേരത്തെ പലരും സോഷ്യൽ മീഡിയയിൽ കുറിച്ചത്. എന്നാൽ അതിനെയെല്ലാം കാറ്റില്പറത്തിയാണ് സിനിമയുടെ ഒടിടിയിലെ പ്രകടനം. ചിത്രം കണ്ടു കരഞ്ഞെന്നും ബോക്സ് ഓഫീസിൽ സിനിമ ഹിറ്റായതിൽ അത്ഭുതമൊന്നും തോന്നുന്നില്ല എന്നുമാണ് കമന്റുകൾ. അഭിനേതാക്കളുടെ പ്രകടനത്തിനും കയ്യടികൾ ലഭിക്കുന്നുണ്ട്. ഈ വർഷം പുറത്തുവന്ന ആമിർ ഖാൻ, സൽമാൻ ഖാൻ, അക്ഷയ് കുമാർ ചിത്രങ്ങളെയെല്ലാം സൈയാരാ മറികടന്ന് വമ്പൻ നേട്ടമാണ് കൊയ്തത്. സൽമാൻ ഖാൻ ചിത്രമായ സിക്കന്ദർ, ആമിർ ചിത്രം സിത്താരെ സമീൻ പർ, അക്ഷയ് കുമാർ ചിത്രങ്ങളായ കേസരി ചാപ്റ്റർ 2, ഹൗസ്ഫുൾ 5 എന്നീ സിനിമകളെയാണ് കളക്ഷനിൽ സൈയാരാ മറികടന്നിരിക്കുന്നത്. വെറും 45 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങിയത്. അങ്ങനെ നോക്കുമ്പോൾ ബോളിവുഡ് കണ്ട ഏറ്റവും വലിയ വിജയമാണ് സിനിമയുടേത്.

ആഷിഖി 2 , ഏക് വില്ലൻ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് മോഹിത് സൂരി. അദ്ദേഹത്തിന്റെ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം വലിയ സ്വീകാര്യത നേടുക പതിവാണ്. സൈയാരായിലെ ഗാനങ്ങളും വലിയ ശ്രദ്ധ നേടുന്നുണ്ട്. യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്ര ആണ് സിനിമ നിർമിക്കുന്നത്. സങ്കല്പ് സദാനഹ്, രോഹൻ ശങ്കർ എന്നിവരാണ് സിനിമയുടെ എഴുത്തുകാർ. വികാസ് ശിവരാമൻ ആണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

Content Highlights: Saiyaara continues hit streak after OTT release

dot image
To advertise here,contact us
dot image