
ബാറ്ററി തീര്‍ന്ന് സ്വിച്ച് ഓഫ് ആകുമ്പോഴല്ലാതെ എപ്പോഴെങ്കിലും മൊബൈല്‍ ഫോണ്‍ നിങ്ങള്‍ റീസ്റ്റാര്‍ട്ട് ചെയ്യാറുണ്ടോ? ഇല്ലെന്നായിരിക്കും ഭൂരിഭാഗം പേരുടെയും ഉത്തരം. എന്നാല്‍ ഫോണ്‍ ഇടയ്ക്കിടെ റീസ്റ്റാര്‍ട്ട് ചെയ്യുന്നത് ഫോണിന്റെ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുമെന്ന് അറിയാമോ?
കംപ്യൂട്ടറും ലാപ്‌ടോപ്പുമെല്ലാം ഇടയ്ക്കിടെ റീസ്റ്റാര്‍ട്ട് ചെയ്യുന്നവരാണ് നാം. സാങ്കേതികമായ എന്തെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനോ, സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റലേഷന്‍ അല്ലെങ്കില്‍ അപ്‌ഡേറ്റിന് ശേഷമോ എല്ലാമാണ് ഇപ്രകാരം ചെയ്യാറുള്ളത്. അതുപോലെ മൊബൈല്‍ ഫോണും റീസ്റ്റാര്‍ട്ട് ചെയ്യേണ്ടതുണ്ട്. പലപ്പോഴും നേരത്തേ പറഞ്ഞതുപോലെ ബാറ്ററി തീരുമ്പോഴോ, ഫോണ്‍ ഹാങ് ആകുമ്പോഴോ മാത്രമാണ് റീസ്റ്റാര്‍ട്ട് ചെയ്യാറുള്ളത്.
റീസ്റ്റാര്‍ട്ട് ചെയ്തില്ലെങ്കില്‍ എന്ത് സംഭവിക്കും?
റാമും മറ്റ് ആപ്ലിക്കേഷനുകളും നിറഞ്ഞതിനാല്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നത് മന്ദഗതിയിലാകുന്നു. വേഗത്തില്‍ ബാറ്ററി തീര്‍ന്നുപോകുന്നു, ഓപ്പറേറ്റിങ് സിസ്റ്റം ഹാങ് ആവുകയോ, ഫ്രീസ് ആവുകയോ തെയ്യും. അപ്‌ഡേറ്റുകള്‍ കൃത്യമായി ഇന്‍സ്റ്റാള്‍ ചെയ്യപ്പെടില്ല. തന്നെയുമല്ല നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങളോ, കാള്‍ പ്രശ്‌നങ്ങളോ ഉണ്ടാകാന്‍ ഇടയുണ്ട്.
പതിവായി റീസ്റ്റാര്‍ട്ട് ചെയ്യാതിരിക്കുന്നത് അപ്‌ഡേറ്റുകള്‍ തടസ്സപ്പെടുത്തുകയും സോഫ്റ്റ്‌വെയര്‍, ഓഎസ് അപ്‌ഡേറ്റുകള്‍ കൃത്യമായി നടപ്പിലാക്കുന്നത് തടയുകയും ചെയ്യും. അത്യാവശ്യമായ സെറ്റിങ്ങ്‌സുകള്‍, ഡേറ്റ അപ്‌ഡേറ്റ് എന്നിവയെയും അത് ബാധിക്കും. ഇപ്രകാരം ചെയ്തില്ലെങ്കില്‍ കോളുകള്‍ ഇടയ്ക്ക് കട്ടായിപോകുന്നതിനും നെറ്റ്‌വര്‍ക്ക് കണക്ടിവിറ്റിക്കും കാരണമാകും.
ഇനി എന്തൊക്കെയാണ് ഗുണങ്ങള്‍ എന്ന് നോക്കാം?
പതിവായി റീസ്റ്റാര്‍ട്ട് ചെയ്യുന്നത് മെമ്മറി ക്ലിയര്‍ ചെയ്യുന്നതിനും സിസ്റ്റം സ്റ്റബിലിറ്റി മെച്ചപ്പെടുത്തുന്നതിനും ചെറിയ സോഫ്റ്റ്‌വെയര്‍ ബഗുകള്‍ ഫിക്‌സ് ചെയ്യുന്നതിനും സഹായിക്കും. നെറ്റ്‌വര്‍ക്ക് കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിനും അപ്‌ഡേറ്റുകള്‍ കൃത്യമായി ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും ഇത് സഹായിക്കും. ഒപ്പം ഫോണ്‍ അമിതമായി ചൂടാകുന്നത് തടയും.
എപ്പോഴാണ് റീസ്റ്റാര്‍ട്ട് ചെയ്യേണ്ടത്?
ആഴ്ചയില്‍ ഒരു തവണ ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യുന്നത് നന്നായിരിക്കും. അതുപോലെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിന് ശേഷവും ഫോണ്‍ പ്രവര്‍ത്തനം മെല്ലെയാകുമ്പോഴും അമിതമായി ചൂടാകുമ്പോഴും ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യാം.
Content Highlights: Why should you restart mobile phone weekly