
ഫഹദ് ഫാസിലും അദ്ദേഹത്തിന്റെ ഫോണുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. സ്മാർട്ട് ഫോണുകൾ ഉപേക്ഷിച്ച ഫഹദ് ഫാസിൽ കുറെ കാലമായി ഉപയോഗിക്കുന്നത് കീപാഡ് ഫോണാണ്. നസ്‌ലെൻ നായകനാവുന്ന പുതിയ ചിത്രം മോളിവുഡ് ടൈംസിന്റെ പൂജ ചടങ്ങുകൾക്ക് വേണ്ടി എത്തിയപ്പോഴായിരുന്നു ഫഹദിന്റെ ചിത്രങ്ങൾ വൈറലായത്.
ചടങ്ങിനിടെ ഫഹദ് തന്റെ കീപാഡ് ഫോൺ ഉപയോഗിക്കുന്നതിന്റെയും കോൾ ചെയ്യുന്നതിന്റെയും ചിത്രങ്ങൾ വൈറലായിരുന്നു. ഇതിന് പിന്നാലെ ഏത് ഫോണാണ് ഫഹദ് ഫാസിൽ ഉപയോഗിക്കുന്നതെന്നുള്ള ചോദ്യങ്ങൾ ഉയർന്നിരുന്നു. താരത്തിന്റെ സിമ്പിൾസിറ്റിയാണ് കീപാഡ് ഫോൺ ഉപയോഗിക്കുന്നതെന്നും ചിലർ കമന്റ് ചെയ്തിരുന്നു.
ഇതിനിടെ ആ ഫോൺ എതാണെന്നും സോഷ്യൽ മീഡിയ കണ്ടെത്തിയിട്ടുണ്ട്. കീപാഡ് ഫോൺ ആണെങ്കിലും വില പക്ഷേ അത്ര 'സിംപിൾ' അല്ല എന്നതാണ് സത്യം. ആഗോള ബ്രാൻഡ് ആയ വെർടുവിന്റെ ഫോണാണ് ഫഹദ് ഫാസിൽ ഉപയോഗിക്കുന്നത്. വെർടുവും ഫെരാരിയും ചേർന്ന് പുറത്തിറക്കിയ Vertu Ascent - 4 GB - Black ഫോണാണ് ഇത്.
ഈ ഫോണിന് Ebay സൈറ്റിൽ 1199 ഡോളറാണ് വില. ഇന്ത്യൻ രൂപ ഏകദേശം ഒരു ലക്ഷം രൂപയോളം വരുമിത്. എന്നാൽ ഇന്ത്യയിലേക്ക് എത്തുന്നതോടെ വീണ്ടും വിലകൂടാനാണ് സാധ്യത. 2 ഇഞ്ച് QVGA സഫയർ ക്രിസ്റ്റൽ ഡിസ്‌പ്ലേ ആണ് ഫോണിന് ഉള്ളത്. ടൈറ്റാനിയവും ഫെരാരി സ്‌പോർട്‌സ് കാറുകളിൽ ഉപയോഗിക്കുന്ന തുകലും ഫോണിൽ ഉപയോഗിക്കുന്നുണ്ട്.
3G/ക്വാഡ്-ബാൻഡ് GSM പിന്തുണയുള്ള ഫോണിൽ ബ്ലൂടൂത്ത്, മൈക്രോ യുഎസ്ബി കണക്റ്റിവിറ്റി, ഫ്‌ലാഷോടുകൂടിയ 3-മെഗാപിക്‌സൽ ഓട്ടോഫോക്കസ് ക്യാമറ, 4GB ഓൺബോർഡ് മെമ്മറി, വെബ് ബ്രൗസർ എന്നിവയും ഉണ്ട്.
അതേസമയം മോളിവുഡ് ടൈംസ് സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയാണ് പറയുന്നത്. 'മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്‌സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രം ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് നിർമിക്കുന്നത്.
നസ്‌ലെൻ, ഫഹദ് ഫാസിൽ, ആഷിഖ് ഉസ്മാൻ, ബിനു പപ്പു, അൽത്താഫ് സലിം, സംവിധായകരായ തരുൺ മൂർത്തി, അരുൺ ടി. ജോസ്, അജയ് വാസുദേവ്, ജി മാർത്താണ്ഡൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. സിനിമയുടെ ചിത്രീകരണം ഓഗസ്റ്റിൽ ആണ് ആരംഭിക്കുക.
Content Highlights: Do you know which keypad phone Fahadh Faasil uses?