
ഒരു പ്രവചനത്തിന്റെ പേരില്‍, ഒരു രാജ്യം തന്നെ തകര്‍ന്നില്ലാതാവുമെന്ന ഭയത്തില്‍ ജപ്പാനായിരുന്നു എല്ലായിടത്തം ചര്‍ച്ചാ വിഷയം. നാലു ചുറ്റും കടലിനാല്‍ ചുറ്റപ്പെട്ട ഒരു രാജ്യം, പ്രകൃതിയുടെ വികൃതികളില്‍ ചിലപ്പോഴൊക്കെ ഒന്നു പതറിപ്പോവുമെങ്കിലും പതിന്‍മടങ്ങ് ശക്തിയോടെയാകും തിരിച്ചുവരുന്നത്. ഹൈസ്പീഡ് റെയില്‍വേ ശൃംഖല, ഏറ്റവും മികച്ച വിമാനത്താവളങ്ങള്‍, ഭൂമികുലുക്കത്തെ പോലും പ്രതിരോധിക്കാന്‍ ശേഷിയുടെ കെട്ടിടങ്ങള്‍ അങ്ങനെ നിരവധി കാര്യങ്ങളില്‍ വമ്പന്‍ വികസനങ്ങള്‍ കൊണ്ടുവന്ന ജപ്പാനിപ്പോള്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റ് സംവിധാനവും സജ്ജമാക്കിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജപ്പാനില്‍ ഒരു സെക്കന്‍ഡില്‍ 1.02 പെറ്റാബിറ്റ്‌സ് സ്പീഡാണ് ലഭിക്കുക ( ഒരു മില്ല്യണ്‍ ജിബി). അതായത് നെറ്റ്ഫ്‌ളിക്‌സ് ലൈബ്രറി ഒന്ന് കണ്ണടച്ച് തുറക്കും മുമ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്ന വേഗതയെന്ന വന്‍ നേട്ടമാണ് ജപ്പാന്‍ ഗവേഷകര്‍ നേടിയിരിക്കുന്നത്.
ജപ്പാന്റെ ബ്രൗസിംങ്, ഡൗണ്‍ലോഡിംഗ് വേഗത ഇന്ത്യയുടെ ഏകദേശ ഇന്റര്‍നെറ്റ് വേഗതയായ 63.55 എംബിപിഎസിനേക്കാള്‍ 16 മില്യണ്‍ മടങ്ങാണ്. അതേസമയം യുഎസിലെ ഇന്റര്‍നെറ്റ് കണക്ഷനെക്കാള്‍ 3.5 മില്യണ്‍ മടങ്ങ് വേഗതിയിലുമാണെന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ടെക്‌നോളജി റിപ്പോര്‍ട്ട്. ജപ്പാന്‍ എന്‍ഐസിടിയിലെ ഫോട്ടോണിക് നെറ്റ്വര്‍ക്ക് ലബോറട്ടറി സംഘവും സുമിടോമോ ഇലക്ട്രിക്ക് ആന്‍ഡ് യൂറോപ്യന്‍ പാര്‍ട്‌ണേസും ചേര്‍ന്നാണ് സാങ്കേതിക രംഗത്തെ വമ്പന്‍ കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്. ഇതാണ് ലോകത്തെ ഏറ്റവും വേഗതയേറിയ നെറ്റ്വര്‍ക്ക്. മാത്രമല്ല പ്രത്യേകതരം 19 കോര്‍ ഫൈബര്‍ ഒപ്റ്റിക്ക് കേബിളി(19 ഒപ്റ്റിക്ക് ഫൈബറുകളുള്ള കേബിള്‍)ലൂടെ ഒരു സെക്കന്‍ഡില്‍ 1,808 കിലോമീറ്റര്‍ ദൂരത്തില്‍ ഡാറ്റ അയക്കാനും സാധിക്കും. ഈയൊരു വേഗതയില്‍ മുഴുവന്‍ ഇംഗ്ലീഷ് വിക്കീപീഡിയയും പതിനായിരം തവണ ഒറ്റ സെക്കന്‍ഡില്‍ ഡൗണ്‍ലോഡ് ചെയ്യാനാവുമെന്നാണ് അവകാശവാദം. കൂടാതെ 8 K വീഡിയോകളും ഒറ്റ സെക്കന്‍ഡില്‍ ഡൗണ്‍ലോഡാവും.
ഒപ്ടിക്ക് ഫൈബറുകളെ സംബന്ധിച്ച് പറഞ്ഞാല്‍, നിലവിലെ ഇന്റര്‍നെറ്റ് സേവനങ്ങളില്‍ ഉപയോഗിച്ച് വരുന്ന അതേ വലിപ്പത്തിലുള്ളവ തന്നെയാണ്. അതിന്റെ കനം 0.125 മില്ലിമീറ്റര്‍ മാത്രമാണ്. സുമിടോമോ ഇലക്ട്രിക്കാണ് ഈ ഒപ്റ്റിക്കല്‍ ഫൈബര്‍ രൂപകല്‍പന ചെയ്തത്. അതേസമയം എന്‍ഐസിടി ഒരു അന്താരാഷ്ട്ര സംഘത്തിന്റെ പിന്തുണയോടെയാണ് ട്രാന്‍സ്മിഷന്‍ സിസ്റ്റം നിര്‍മിച്ചത്. 86.1 കിലോമീറ്റര്‍ വീതം നീളമുള്ള ട്രാന്‍സ്മിറ്ററുകള്‍, റിസീവറുകള്‍, 19 ലൂപ്പിംഗ് സര്‍ക്യൂട്ടുകള്‍ എന്നിവയാണ് എന്‍ഐസിടിയിലെ ഗവേഷകര്‍ ഉപയോഗിച്ചത്. ഈ ലൂപ്പിലൂടെ 21 തവണ സിഗ്നനുലകള്‍ കടത്തിവിട്ടു. 1808 കിലോമീറ്ററുകളോളമാണ് ഇവ കടന്നത്. റെക്കോര്‍ഡുകള്‍ മറികടക്കുന്ന സ്പീഡിലും ദൂരത്തിലും 180 ഡാറ്റാ സ്ട്രീമുകളാണ് ഇവ വഹിച്ചതെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: Japan achieved highest internet speed