

വാട്സ്ആപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഫീച്ചറുകളിൽ ഒന്നാണ് മെസേജ് ഡിലീറ്റ് ചെയ്യാനുള്ള ഓപ്‌ഷൻ. നമ്മൾ ഏതെങ്കിലും ഒരാൾക്ക് മെസേജ് തെറ്റി അയച്ചാലോ, അല്ലെങ്കിൽ അയച്ച മെസേജ് മാറിപ്പോയാലോ അവ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം. നിരവധി പേർക്ക് പല രീതിയിൽ ഉപകാരപ്രദമായ ഈ ഓപ്‌ഷൻ ലോകമെമ്പാടുമുള്ള വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ലഭ്യമാണ്. എന്നാൽ എന്താണ് ഈ ഡിലീറ്റ് ചെയ്ത മെസ്സേജ് എന്നുള്ള ആകാംക്ഷ സ്വാഭാവികമായും നമ്മളില്‍ ഉണ്ടാകില്ലേ? അത് കണ്ടുപിടിക്കാൻ ഒരു വഴിയുണ്ട്.
അതെ, ഡിലീറ്റ് ചെയ്യപ്പെട്ട മെസേജുകള്‍ നമുക്ക് വായിക്കാൻ കഴിയും. അതിനായി ചെയ്യേണ്ടത് ഇത്രമാത്രമാണ്. നമ്മുടെ ഫോണ്‍ സെറ്റിങ്സിലെ നോട്ടിഫിക്കേഷൻ എന്ന ഓപ്‌ഷനിലേക്ക് പോകുക. അവയിലെ അഡ്വാൻസ്ഡ് സെറ്റിങ്‌സ് ഓപ്‌ഷൻ തെരഞ്ഞെടുത്ത ശേഷം നോട്ടിഫിക്കേഷൻ ഹിസ്റ്ററി എന്ന ഓപ്‌ഷൻ ഓൺ ആക്കുക. ഒരാൾ അയച്ച ശേഷം ഡിലീറ്റ് ചെയ്ത മെസേജുകൾ നോട്ടിഫിക്കേഷൻ ഹിസ്റ്ററിയിൽ കാണാനായി സാധിക്കും.
അതേസമയം, ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് മികച്ച അപ്ഡേറ്റുകളും മെറ്റ കൊണ്ടുവരുന്നുണ്ട്. ഫേസ്ബുക്കിൽ നമ്മളൊരു പോസ്റ്റിട്ടാൽ അത് എല്ലാവരെയും അറിയിക്കാൻ ടാഗ് ചെയ്ത് കഷ്ടപ്പെടേണ്ട അവസ്ഥയായിരുന്നു ഒരു സമയത്ത് ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് അവർ @everyone എന്നൊരു ഓപ്ഷൻ കൊണ്ടുവന്ന് അതങ്ങ് പരിഹരിച്ചു. ഇപ്പോഴിതാ വാട്‌സ്ആപ്പിലും സമാനമായ ഒരു സംവിധാനം കൊണ്ടുവന്നിരിക്കുകയാണ് മെറ്റ. ഗ്രൂപ്പ് ചാറ്റുകളിലാണ് ഈ സംവിധാനം വരുന്നത്. ഗ്രൂപ്പ് ചാറ്റിലെ പോസ്റ്റ് എല്ലാവരുടെയും ശ്രദ്ധയിൽപ്പെടുത്താൻ @all എന്ന ഓപ്ഷനാണ് വാട്‌സ്ആപ്പിന്റെ ഓഫർ. ഇത് സമയം കളയുകയുമില്ല ടാഗ് ചെയ്യാനുള്ള ബുദ്ധിമുട്ട് കുറയ്ക്കുകയും ചെയ്യും.
എല്ലാവരെയും മെൻഷൻ ചെയ്യാൻ സാധിക്കുന്ന ഈ 'മെന്‍ഷന്‍ ഓൾ' ഫീച്ചർ വഴി ഗ്രൂപ്പിലെ എല്ലാ അംഗങ്ങൾക്കും നോട്ടിഫിക്കേഷൻ ലഭിക്കും. അംഗങ്ങളുടെ സെറ്റിങ്‌സ് ഏത് തരത്തിലാണെന്നുള്ളത് ഇതിനെ ബാധിക്കില്ല. ഗ്രൂപ്പ് മെസേജുകളിൽ പ്രധാനപ്പെട്ട മെസേജുകൾ അംഗങ്ങൾ വിട്ടുപോകാതിരിക്കാനും ഇതൊരു പരിഹാരമാണ്. ഗൂഗിൾ പ്ലേ ബീറ്റാ പ്രോഗാമിന്റെ ഭാഗമായി പുതിയ ആൻഡ്രോയിഡ് അപ്പ്‌ഡേറ്റിൽ ചില ബീറ്റാ ടെസ്റ്റേഴ്‌സിന് മാത്രമാണ് നിലവിൽ ഈ ഓപ്ഷൻ ലഭ്യമായിട്ടുള്ളുവെന്ന് WABetaInfo റിപ്പോർട്ട് ചെയ്യുന്നു. വരുന്ന ആഴ്ചകളിൽ കൂടുതൽ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാകും.
പക്ഷേ ചില നിബന്ധനകളും ഇതിനുണ്ട്. 32 പേരടങ്ങുന്ന ഒരു ഗ്രൂപ്പാണെങ്കിൽ എല്ലാ അംഗങ്ങൾക്കും ഈ ഫീച്ചർ ഉപയോഗിക്കാം. എന്നാൽ 32ൽ അധികം പേരുള്ള ഗ്രൂപ്പോ കമ്മ്യൂണിറ്റിയോ ആണെങ്കിൽ അഡ്മിന് മാത്രമേ ഈ ഫീച്ചർ ഉപയോഗിക്കാൻ കഴിയൂ. അനാവശ്യ നോട്ടിഫിക്കേഷനുകൾ ഒഴിവാക്കാനും ചാറ്റുകൾക്കിടയിൽ ഒരു ശല്യമുണ്ടാവാതിരിക്കാനുമാണ് ഈ രീതി.
ഇനി നോട്ടിഫിക്കേഷനുകൾ മൂലം ബുദ്ധിമുട്ടാതിരിക്കാനും, ലഭിക്കുന്ന നോട്ടിഫിക്കേഷനുകളിൽ നമ്മുടെ പ്രയോരിറ്റി നിശ്ചയിക്കാനും ഗ്രൂപ്പ് ചാറ്റ് ഇൻഫർമേഷൻ സ്‌ക്രീൻ വഴി സാധിക്കും. യൂസർമാർക്ക് @all നോട്ടിഫിക്കേഷൻ മ്യൂട്ട് ചെയ്യാനും സാധിക്കും. ഗ്രൂപ്പിലുടനീളമുള്ള നോട്ടിഫിക്കേഷൻസ് മൂലം ബുദ്ധിമുട്ടാതിരിക്കാൻ ഗ്രൂപ്പ് മുഴുവനായും മ്യൂട്ട് ചെയ്താലും ഈ സെറ്റിങ്‌സ് നിലനിൽക്കും.
Content Highlights: one can see the deleted whatsapp message now, read how