ഫോൺ ഹാക്ക് ചെയ്തു, സഹോദരിമാർക്കൊപ്പമുള്ള അശ്ലീല എ ഐ ചിത്രമുണ്ടാക്കി ഭീഷണിപ്പെടുത്തി; 19കാരൻ ജീവനൊടുക്കി

യുവാവിന്‍റെയും സഹോദരിമാരുടെയും എഐ അശ്ലീലചിത്രം സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി

ഫോൺ ഹാക്ക് ചെയ്തു, സഹോദരിമാർക്കൊപ്പമുള്ള അശ്ലീല എ ഐ ചിത്രമുണ്ടാക്കി ഭീഷണിപ്പെടുത്തി; 19കാരൻ ജീവനൊടുക്കി
dot image

ഫരീദാബാദ്: ഹരിയാനയിൽ സഹോദരിമാർക്കൊപ്പമുള്ള അശ്ലീല എഐ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും കാണിച്ച് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ യുവാവ് ജിവനൊടുക്കി. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ 19കാരൻ രാഹുൽ ഭാരതിയാണ് ജീവനൊടുക്കിയത്.

സാഹിൽ എന്ന വ്യക്തി രാഹുലിന്റെ ഫോൺ ഹാക്ക് ചെയ്ത് ചിത്രങ്ങൾ കൈക്കലാക്കുകയും എഐ ഉപയോഗിച്ച് സഹോദരിമാർക്കൊപ്പമുള്ള അശ്ലീലചിത്രമാക്കി മാറ്റി ഭീഷണിപ്പെടുത്തുകയുമായിരുന്നു. പണം ചോദിച്ച് ഇയാൾ രാഹുലിന് സന്ദേശങ്ങൾ അയച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇരുവരും വാട്‌സ് ആപ്പിൽ പരസ്പരം സംസാരിക്കുകയും ശബ്ദസന്ദേശങ്ങൾ അയക്കുകയും ചെയ്തിരുന്നു. പണം നൽകിയില്ലെങ്കിൽ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്നാണ് രാഹുലിന് ഇയാളിൽനിന്ന് ലഭിച്ച അവസാന സന്ദേശമെന്നാണ് വിവരം.

തന്റെ പെൺമക്കളുടെ ചിത്രവും മകന്റെ ചിത്രവും ഉപയോഗിച്ച് ആരോ അശ്ലീല ചിത്രങ്ങൾ നിർമിച്ച് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി പിതാവ് പറഞ്ഞു. ഇതിന് പിന്നാലെ രാഹുൽ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും ഇതാണ് ജീവനൊടുക്കാൻ ഇടയാക്കിയതെന്നും പിതാവ് മനോജ് ഭാരതി വ്യക്തമാക്കി.

നീരജ് ഭാരതി എന്ന ഭർതൃ സഹോദരനും ഇതിൽ പങ്കുണ്ടെന്ന് മാതാവ് മീനാ ദേവി പറഞ്ഞു. ആത്മഹത്യ ചെയ്യുന്നതിന് മുൻപ് മകൻ ഇയാളോട് സംസാരിച്ചിരുന്നു. നീരജ് ഭാരതിയുമായി താൻ മുൻപ് വഴക്കുണ്ടാക്കിയിരുന്നു. ഇതിലെ പ്രതികാരത്തിൽ അയാളാണോ ഇത് ചെയ്തത് എന്നതിൽ സംശയമുണ്ട്. ഒരു പെൺകുട്ടിയുമായി ചേർന്നാണ് അയാൾ ഇത് ചെയ്തതെന്നാണ് കരുതുന്നതെന്നും മാതാവ് പറഞ്ഞു. കുടുംബത്തിന്റെ പരാതിയിൽ രണ്ടുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് രാഹുലിനെ അമിത അളവിൽ ഗുളികകൾ കഴിച്ച നിലയിൽ വീട്ടിനകത്ത് കണ്ടെത്തിയത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ആയിരുന്നു മരണം.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: fake ai image created and threatened, 19 year old found dead

dot image
To advertise here,contact us
dot image