

ഇലോൺ മസ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സംരംഭമായ സ്റ്റാർലിങ്ക് അടുത്ത വർഷം തുടക്കത്തോടെ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്. രാജ്യത്ത് സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നതിനുള്ള ലൈസന്‍സ് ലഭിച്ച മൂന്നാമത്തെ കമ്പനിയായിരുന്നു സ്റ്റാര്‍ലിങ്ക്. നിലവിൽ കമ്പനി ഇന്ത്യയിൽ നിർണായകമായ സുരക്ഷാ പരിശോധനകൾ നടത്തിക്കൊണ്ടിയിരിക്കുകയാണ്. ഇപ്പോളിതാ സ്റ്റാർലിങ്ക് ഇന്റർനെറ്റിന് നമ്മൾ എത്ര പണം നൽകണം എന്നതടക്കമുള്ള വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
അടുത്ത വർഷം ജനുവരി അല്ലെങ്കിൽ ഫെബ്രുവരിയോടെ സ്റ്റാർലിങ്ക് അവരുടെ പ്രവർത്തനം ആരംഭിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. പരമാവധി ഇരുപത് ലക്ഷം കണക്ഷനുകൾ മാത്രം നൽകാനാണ് സ്റ്റാർലിങ്കിന് അനുമതിയുള്ളത്. വൺ ടിം സെറ്റപ്പിനുള്ള തുകയായി 30,000 രൂപയാണ് നമ്മൾ ആദ്യം നൽകേണ്ടത്. 3,300 രൂപ മുതൽക്കാണ് ഇന്റർനെറ്റ് പ്ലാനുകൾ ആരംഭിക്കുക.
25 Mbps മുതൽ 225Mbps വരെയാണ് ഇന്റർനെറ്റ് സ്പീഡ് ലഭിക്കുക. ബേസ് പ്ലാൻ, ഏറ്റവും ഉയർന്ന പ്ലാൻ എന്നിവയുടെ സ്പീഡ് ആയും അവ വിലയിരുത്തപ്പെടുന്നുണ്ട്. ഇന്റർനെറ്റ് കണക്ടിവിറ്റി കുറവുള്ള പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മസ്കിന്റെ നീക്കം എന്നും സൂചനയുണ്ട്. അതിനാൽ നഗരപ്രദേശങ്ങളിൽ മറ്റ് സേവനദാതാക്കൾ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ നെറ്റിന് വേഗത കുറവായിരിക്കാനും സാധ്യതയുണ്ട്.
അതേസമയം, സ്റ്റാർലിങ്ക് ഇപ്പോൾ ഇന്ത്യയിൽ നിർണായകമായ സുരക്ഷാ പരിശോധനകൾ നടത്തുകയാണ് എന്നാണ് റിപ്പോർട്ടുകൾ. Gen 1 ഉപഗ്രഹശ്രേണി ഉപയോഗിച്ച് സെക്കൻഡിൽ 600 ജിഗാബൈറ്റ് വരുന്ന ബാൻഡ്‌വിഡ്ത്തിന് ഇന്ത്യയിൽ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും പരിശോധനകൾക്കായി താത്കാലികമായി സ്പെക്ട്രം അനുവദിച്ചുനൽകിയിട്ടുണ്ടെന്നും ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഏതൊരു രാജ്യത്തും പ്രവർത്തനം ആരംഭിക്കാൻ ഇത്തരം സുരക്ഷാ പരിശോധനകൾ ആവശ്യമാണ്. ഇനി സ്റ്റാർലിങ്കിന് ആവശ്യമായുള്ളത് സാറ്റ്‌ലൈറ്റ് സർവീസിനുള്ള വിലനിർണയമാണ്. ഈ വർഷം അവസാനത്തോടെ ട്രായ് അവയിൽ ഒരു അന്തിമതീരുമാനമെടുത്താൽ 2026 തുടക്കത്തോടെത്തന്നെ സ്റ്റാർലിങ്ക് ഇന്ത്യയിൽ ലഭ്യമായിത്തുടങ്ങിയേക്കും. ഇന്ത്യയിൽ ആകെ ഏകദേശം 10 സാറ്റ്‌ലൈറ്റ് ഗേറ്റ്‌വേകൾ സൃഷ്ടിക്കാനാണ് സ്റ്റാർലിങ്കിന്റെ ശ്രമം.
സ്റ്റാർലിങ്കിന്റെ വരവോടെ ഇന്ത്യൻ സാറ്റ്‌ലൈറ്റ് ബ്രോഡ്ബാൻഡ് മാർക്കറ്റിൽ വലിയ മത്സരമാണ് നടക്കുന്നത്. ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ വാതിലുകൾ സ്വകാര്യ കമ്പനികൾക്കായി തുറന്നിട്ടത് മൂലം ഒന്നിലധികം സ്ഥാപനങ്ങളാണ് ഈ രംഗത്തുള്ളത്. സ്റ്റാർലിങ്കിന്റെ എതിരാളി സ്ഥാപനങ്ങളായി രംഗത്തുള്ളത് റിലയൻസ് ജിയോ സ്പേസ് ഫൈബറും വൺവെബും ആണ്.
Content Highlights: how much to pay to musks internet starlink at india?