പെട്രോൾ പമ്പുകളിൽ ഇന്ധനം മാത്രമല്ല മറ്റ് പല സേവനങ്ങളും സൗജന്യമായി നൽകുന്നുണ്ടെന്ന് അറിയാമോ?

പെട്രോള്‍ പമ്പുകളില്‍ ഇവ സൗജന്യമാണ്.പക്ഷേ മിക്ക ആളുകള്‍ക്കും അറിയില്ല

പെട്രോൾ പമ്പുകളിൽ ഇന്ധനം മാത്രമല്ല മറ്റ് പല സേവനങ്ങളും സൗജന്യമായി നൽകുന്നുണ്ടെന്ന് അറിയാമോ?
dot image

പെട്രോള്‍ അടിക്കാനായി പെട്രോള്‍ പമ്പില്‍ കയറുന്നു, പണം കൊടുക്കുന്നു, പെട്രാള്‍ അടിക്കുന്നു, വണ്ടിയുമായി പുറത്തേക്ക് പോകുന്നു. സാധാരണയായി ഇതാണ് എല്ലാവരുടേയും പതിവ്. എന്നാല്‍ പെട്രോള്‍ പമ്പില്‍നിന്ന് ഇന്ധനം മാത്രമല്ല ചില അടിസ്ഥാന സൗകര്യങ്ങളും സൗജന്യമായി ലഭിക്കേണ്ടതുണ്ട് എന്ന കാര്യം പലര്‍ക്കും അറിയില്ല. ദീര്‍ഘദൂര യാത്രയ്ക്കിടെ പ്രത്യേകിച്ചും ഉപകാരപ്പെടുന്ന സൗകര്യങ്ങളാണിവ. എന്തൊക്കെയാണ് അവയെന്ന് നോക്കാം.

ടയറില്‍ കാറ്റ് നിറയ്ക്കാം പണം വേണ്ട

വണ്ടിയുടെ ടയറിലെ കാറ്റ് പരിശോധിക്കാനും ആവശ്യമായ അളവില്‍ കാറ്റ് നിറയ്ക്കാനും പെട്രോള്‍ പമ്പുകളില്‍ സൗകര്യമുണ്ടാകും. ഇതിന് സാധാരണയായി പണം ഈടാക്കാന്‍ പാടില്ല. ഡിജിറ്റല്‍ എയര്‍ പ്രഷര്‍ മെഷീനോ സാധാരണ എയര്‍ മെഷീനോ ആയിരിക്കാം ഉപയോഗിക്കുന്നത്. യാത്രയ്ക്ക് മുമ്പ് ടയര്‍ പ്രഷര്‍ പരിശോധിക്കുന്നത് സുരക്ഷയ്ക്കും വാഹനത്തിന്റെ ഇന്ധനക്ഷമതയ്ക്കും പ്രധാനമാണ്.

Petrol pumps offer not just fuel

കുടിക്കാന്‍ വെള്ളം

പെട്രോള്‍ പമ്പില്‍ എത്തുന്നവര്‍ക്ക് കുടിവെള്ള സൗകര്യം ഉണ്ടായിരിക്കേണ്ടതുണ്ട്. യാത്രയ്ക്കിടെ വെള്ളം തീര്‍ന്നാല്‍ പെട്രോള്‍ പമ്പില്‍ നിന്ന് കുടിവെള്ളം ചോദിക്കാം. എന്നാല്‍ ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം. എല്ലാ പമ്പുകളിലും ഒരേ തരത്തിലുള്ള തണുത്ത വെള്ളം തന്നെ ലഭിക്കണമെന്നില്ല. പ്രധാനമായി സുരക്ഷിതമായ കുടിവെള്ള സൗകര്യം ലഭ്യമാക്കുക എന്നതാണ് മാനദണ്ഡം.

ടോയ്‌ലറ്റ് ഉപയോഗിക്കാനും പണം വേണ്ട

യാത്രയ്ക്കിടെ ഏറ്റവും കൂടുതല്‍ ഉപകാരപ്പെടുന്ന മറ്റൊരു സൗകര്യമാണ് ടോയ്‌ലറ്റ്. പ്രത്യേകിച്ച് ദീര്‍ഘദൂര യാത്ര ചെയ്യുന്നവര്‍ക്ക് ഇത് വലിയ ആശ്വാസമാണ്.പെട്രോള്‍ പമ്പുകളില്‍ ടോയ്‌ലറ്റ് സൗകര്യം ലഭ്യമായിരിക്കണം. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക സൗകര്യങ്ങള്‍, വൃത്തിയും ഉപയോഗിക്കാവുന്ന അവസ്ഥയും ഉറപ്പാക്കണം എന്നിങ്ങനെയാണ് മാനദണ്ഡങ്ങളില്‍ പറയുന്നത്.

Petrol pumps offer not just fuel

ചെറിയ അപകടമുണ്ടായാല്‍ ഫസ്റ്റ് എയ്ഡ്

യാത്രയ്ക്കിടെ ചെറിയ മുറിവോ മറ്റോ സംഭവിച്ചാല്‍ ഉടന്‍ ആശുപത്രിയിലെത്തുന്നതിന് മുമ്പ് ആവശ്യമായ പ്രാഥമിക പരിചരണം നല്‍കാന്‍ ഫസ്റ്റ് എയ്ഡ് സൗകര്യം സഹായിക്കും.
പെട്രോള്‍ പമ്പുകളില്‍ സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി ഫസ്റ്റ് എയ്ഡ് സൗകര്യങ്ങള്‍ ഉണ്ടായിരിക്കാം. എന്നാല്‍ അതിനെ ആശുപത്രിക്ക് പകരമുള്ള ചികിത്സയായി കാണരുത്.

പരാതി പറയാനും സംവിധാനമുണ്ട്

പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കുമ്പോള്‍ അളവില്‍ സംശയമുണ്ടോ? സൗകര്യങ്ങള്‍ ലഭിക്കുന്നില്ലേ? മറ്റേതെങ്കിലും പ്രശ്‌നമുണ്ടോ?. ഇത്തരം കാര്യങ്ങളില്‍ പരാതി നല്‍കുന്നതിനായി Complaint/Suggestion Book പോലുള്ള സംവിധാനങ്ങള്‍ പെട്രോള്‍ പമ്പില്‍ ഉണ്ടായിരിക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ കോണ്‍ടാക്ട് വിവരങ്ങളും പരാതി സംവിധാനവും പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്.

പെട്രോള്‍ അടിച്ചില്ലെങ്കിലും സേവനങ്ങള്‍ ഉപയോഗിക്കാമോ?

ഇതാണ് പലര്‍ക്കും സംശയം. പെട്രോള്‍ പമ്പിലെത്തുന്ന എല്ലാവരും ഇന്ധനം വാങ്ങുന്നവരായിരിക്കണമെന്നില്ല. അതുകൊണ്ട് അടിസ്ഥാന സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതാണ്. പ്രത്യേകിച്ച് ടോയ്‌ലറ്റ്, കുടിവെള്ളം, എയര്‍ ഫില്ലിങ് തുടങ്ങിയ സൗകര്യങ്ങള്‍ ഉപഭോക്തൃ സേവനത്തിന്റെ ഭാഗമാണ്.

Petrol pumps offer not just fuel

ഹൈവേ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍

വലിയ ഹൈവേ ഫ്യൂവല്‍ സ്റ്റേഷനുകളില്‍ ഇതിന് പുറമെ പാര്‍ക്കിങ്, ഭക്ഷണം, വിശ്രമമുറി തുടങ്ങിയ അധിക സൗകര്യങ്ങളും ലഭിക്കാം. ഉദാഹരണത്തിന്, ഇന്ത്യന്‍ ഓയില്‍ നടത്തുന്ന SWAGAT ഹൈവേ റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ പാര്‍ക്കിങ്, കുടിവെള്ളം, വൃത്തിയുള്ള ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ചില കേന്ദ്രങ്ങളില്‍ ഡ്രൈവര്‍ റെസ്റ്റ് റൂം, ബാത്ത്റൂം തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്.

സൗകര്യം നിഷേധിച്ചാല്‍ എന്തുചെയ്യണം?

സൗജന്യമായി ലഭിക്കേണ്ട അടിസ്ഥാന സൗകര്യം നിഷേധിക്കുകയോ പമ്പില്‍ എന്തെങ്കിലും പ്രശ്‌നം നേരിടുകയോ ചെയ്താല്‍ ആദ്യം പമ്പിലെ മാനേജരോട് പരാതി പറയാം. പരാതി പുസ്തകത്തില്‍ രേഖപ്പെടുത്തുന്നതും നല്ലതാണ്. തുടര്‍ന്ന് ബന്ധപ്പെട്ട എണ്ണക്കമ്പനിയുടെ ഔദ്യോഗിക പരാതി സംവിധാനത്തിലൂടെ പരാതി നല്‍കാം. അതിനാല്‍ അടുത്ത തവണ പെട്രോള്‍ പമ്പില്‍ കയറുമ്പോള്‍ പെട്രോളിന്റെ വില മാത്രം നോക്കാതെ, നിങ്ങള്‍ക്ക് ലഭിക്കേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ എന്തൊക്കെയാണെന്നും കൂടി അറിയുക. യാത്രയ്ക്കിടെ ലഭിക്കുന്ന ചെറിയൊരു സഹായം പോലും വലിയ ആശ്വാസമാകാം.

Content Highlights :Petrol pumps offer not only fuel but also various other services free of charge

dot image
To advertise here,contact us
dot image