ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് വഴി വില്‍പ്പന നടത്താന്‍ ജാവ യെസ്ഡി; ഇനി വീട്ടിലിരുന്ന് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാം

വാഹനം വാങ്ങുമ്പോള്‍ രാജ്യത്തുടനീളമുള്ള അംഗീകൃത ഡീലര്‍ഷിപ്പ് ശൃംഖലയുടെ പിന്തുണയും ലഭിക്കും

ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് വഴി വില്‍പ്പന നടത്താന്‍ ജാവ യെസ്ഡി; ഇനി വീട്ടിലിരുന്ന് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാം
dot image

ന്യൂഡല്‍ഹി: ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവയിലൂടെ ഇനി ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് വാങ്ങാം. പുതിയ റോഡ്‌സ്റ്റര്‍- റെഡ് വുള്‍ഫ് മോഡലാണ് ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോമുകള്‍ വഴി വില്പന നടത്തുക. ഇതോടെ ഡിജിറ്റല്‍-ഫസ്റ്റ് എന്ന സമീപനം കൂടുതല്‍ ശക്തമാക്കുകയാണ് കമ്പനി. ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി വാഹനം കണ്ടെത്താനും ബുക്കിങ് ആരംഭിക്കാനും സാധിക്കും. വാഹനം വാങ്ങുമ്പോള്‍ രാജ്യത്തുടനീളമുള്ള അംഗീകൃത ഡീലര്‍ഷിപ്പ് ശൃംഖലയുടെ പിന്തുണയും ലഭിക്കും.

1970കളിലെ യെസ്ഡിയുടെ മോഡലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് റെഡ് വുള്‍ഫ് കടും ചുവപ്പ് നിറത്തിലാണ് വിപണിയിലെത്തുന്നത്. വിപുലമായ ക്രോം ഡീറ്റെയിലിംഗ്, കരുത്തുറ്റ റോഡ്സ്റ്റര്‍ ഡിസൈന്‍ എന്നിവയോടെയാണ് വാഹനം എത്തുന്നത്.

350 ആല്‍ഫാ2 ലിക്വിഡ്-കൂള്‍ഡ് എന്‍ജിന്‍, 6സ്പീഡ് ഗിയര്‍ബോക്‌സ്, അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലച്ച് എന്നിവയാണ് വാഹനത്തിന്റെ പ്രധാന സവിശേഷതകള്‍. ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമായ രീതിയില്‍ റിലാക്‌സ്ഡ് എര്‍ഗണോമിക്‌സ്, ഡ്യുവല്‍-ചാനല്‍ എബിഎസ്, 12.5 ലിറ്റര്‍ ഫ്യൂവല്‍ ടാങ്ക് എന്നിവയും റെഡ് വുള്‍ഫ് മോഡലിന് നല്‍കിയിട്ടുണ്ട്.

യെസ്ഡി റോഡ്‌സ്റ്റര്‍- റെഡ് വുള്‍ഫിന്റെ ഡല്‍ഹി എക്‌സ്-ഷോറൂംവില 2,09,950 രൂപയാണ്. രാജ്യത്തെ അംഗീകൃത ഡീലര്‍ഷിപ്പുകള്‍ക്ക് പുറമെയാണ് ആമസോണ്‍, ഫ്‌ളിപ്കാര്‍ട് എന്നിവ വഴിയും വാഹനം വാങ്ങാൻ അവസരമൊരുങ്ങുന്നത്. Amazon.in അല്ലെങ്കില്‍ ഫ്‌ളിപ്കാര്‍ട് വഴി എക്‌സ്-ഷോറൂം ബുക്കിങ് തുക അടച്ച് വാഹനം വാങ്ങാം. പ്രാദേശിക അംഗീകൃത ഡീലര്‍ ഓര്‍ഡര്‍ സ്ഥിരീകരിക്കുകയും ബാക്കി ഓണ്‍-റോഡ് തുക അടയ്ക്കുന്നതിനുള്ള നടപടികള്‍ നിര്‍ദേശിക്കുകയും ചെയ്യും. ഡീലര്‍ഷിപ്പില്‍ രജിസ്‌ട്രേഷനും ഇന്‍ഷുറന്‍സും പൂര്‍ത്തിയാക്കിയ ശേഷം വാഹനം ഉപഭോക്താവിന് കൈമാറും. ആക്സസറികളും മറ്റ് ആഡ്-ഓണുകളും ഡീലര്‍ഷിപ്പില്‍ നിന്ന് വാങ്ങാം.

ജിഎസ്ടി പരിഷ്‌ക്കരണത്തിന് പിന്നാലെ ജാവ, യെസ്ഡി ബൈക്കുകള്‍ക്ക് വില കുറഞ്ഞിരുന്നു. ഇതോടെ കമ്പനിയുടെ ബൈക്കുകള്‍ക്ക് നികുതി 18 ശതമാനമായി. ജാവ, യെസ്ഡിയുടെ മുഴുവന്‍ മോഡലുകള്‍ക്കും 350 സിസിയില്‍ താഴെയുള്ള എഞ്ചിനുകളാണ് ഉള്ളത്.

Content Highlights: Yezdi Roadster Red Wolf is now available on Amazon and Flipkart, priced at Rs 2.09 lakh (ex-showroom), with a 350 Alpha2 engine, 6-speed gearbox and over 350 km range

dot image
To advertise here,contact us
dot image