
ഉത്സവകാലങ്ങൾ എന്നാൽ 'പർച്ചേസ്' കാലങ്ങൾ കൂടിയാണ്. ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ, വസ്ത്രങ്ങൾ തുടങ്ങി രാജ്യത്തെ ഓരോ കുടുംബവും എന്തെങ്കിലും തരത്തിലുള്ള ഒരു പർച്ചേസ് നടത്തുന്ന സമയം.ഈ സമയങ്ങൾ പല ഉത്പന്നങ്ങൾക്കും ഓഫറുകൾ ഉണ്ടാകുന്നതിനാൽ വില കുറയുകയും ചെയ്യും. എന്നാൽ ആളുകൾ കാറുകൾ വാങ്ങിയാലോ ? അതെ, അങ്ങനെയൊരു വാർത്തയാണ് വരുന്നത്. ദീപാവലി - നവരാത്രി സമയങ്ങളിൽ ടാറ്റ മോട്ടോഴ്സിന്റെ കാറുകൾ വാങ്ങിയത് നിരവധി പേരാണ്.
ഒരു ലക്ഷം കാറുകളാണ് ടാറ്റ മോട്ടോർസ് നവരാത്രി - ദീപാവലി കാലയളവിൽ വിറ്റത്. കഴിഞ്ഞ വർഷം ഇതേ സമയങ്ങളിൽ നടന്ന വില്പനയെക്കാൾ 33% അധികമാണ് ഇത്തവണ നടന്നത്. നെക്‌സോൺ, പഞ്ച് പോലുള്ള സ്പോർട്ട്സ് യൂട്ടിലിറ്റി എസ്‌യുവി വണ്ടികളും, ഇലക്ട്രിക്ക് ഇവി വണ്ടികളുമാണ് മികച്ച വില്പന നേടിയത്. വാഹനപ്രേമികൾ ടാറ്റയെ തന്നെ തെരഞ്ഞെടുക്കുന്നു എന്നതിന്റെ തെളിവാണ് ഈ 33% റെക്കോർഡ് വിൽപന എന്ന് ടാറ്റ മോട്ടോർസ് സിഇഒ ശൈലേഷ് ചന്ദ്ര പറഞ്ഞു.
ടാറ്റ നെക്‌സോൺ ആണ് ഏറ്റവും കൂടുതൽ വിറ്റുപോയ വണ്ടി. 38,000 യൂണിറ്റുകളാണ് വിറ്റുപോയത്. കഴിഞ്ഞ തവണത്തേതിനേക്കാൾ 73% അധികവിൽപ്പനയാണ് ഈ വർഷം നടന്നത്. ടാറ്റ പഞ്ച് ആണ് പിന്നിൽ. 32,000 യൂണിറ്റുകളാണ് വിറ്റുപോയത്. കഴിഞ്ഞ വർഷങ്ങളിലേതിനേക്കാൾ 29% കൂടുതൽ ആണ് വിൽപ്പന. മാത്രമല്ല, കമ്പനിയുടെ ഇലക്ട്രിക് വാഹനങ്ങളും റെക്കോർഡ് വിൽപനയാണ് നേടിയത്. 10,000 യൂണിറ്റുകളിൽ കൂടുതൽ വാഹനങ്ങളാണ് വിറ്റുപോയത്. 37% അധികവില്പനയാണ് ഇത്. ഇലക്ട്രിക് വാഹനസ്രേണിയിൽ ടാറ്റയുടെ ആധിപത്യം ഊട്ടിയുറപ്പിക്കുന്നതാണ് ഈ കണക്കുകൾ.
വാഹനവിൽപ്പനയിലെ ഈ മൊമന്റം വരുംദിവസങ്ങളിലും നിലനിൽക്കും എന്ന് പ്രതീക്ഷിക്കുകയാണ് ടാറ്റ അധികൃതർ. ഈ സാമ്പത്തികപാദത്തിലെന്ന പോലെ വരും പാദങ്ങളിലും മികച്ച വിൽപന നേടാമെന്നാണ് ടാറ്റയുടെ കണക്കുകൂട്ടല്‍.
Content Highlights: tata motors record sale for diwali and navrathri