
അഡ്മിറല്‍ കുസ്‌നെറ്റ്‌സോവ്, പാശ്ചാത്യ ശക്തികളുമായി നാവിക ശക്തിയില്‍ ഒപ്പത്തിനൊപ്പമെത്താന്‍ പഴയ സോവിയറ്റ് യൂണിയന്‍ നിര്‍മിച്ച വിമാനവാഹിനി കപ്പല്‍ ഇനി ഓര്‍മകളില്‍ മാത്രം. സോവിയേറ്റ് യൂണിയന്റെ അവസാന വര്‍ഷങ്ങളില്‍, 1985ല്‍ നിര്‍മിച്ച് റഷ്യയുടെ ഒരേയൊരു എയര്‍ക്രാഫ്റ്റ് കാരിയറാണ് ഇനി എന്നന്നേക്കുമായി സേവനത്തില്‍ നിന്നും ഒഴിവാക്കപ്പെടുന്നത്. സോവിയറ്റ് നാവിക ശക്തിയുടെ ശേഷിച്ച അടയാളമായിരുന്നു ഈ കപ്പല്‍. അറ്റകുറ്റപ്പണികളോ മറ്റ് പ്രവര്‍ത്തനങ്ങളോ ഇല്ലാതെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മഹ്‌മാന്‍സ്‌ക് പ്രദേശത്ത് നങ്കൂരമിട്ടിരിക്കയായിരുന്നു.
ഇക്കാര്യത്തില്‍ വ്യക്തമായ ഒരു തീരുമാനം ഇതുവരെ പുറപ്പെടുവിച്ചിട്ടില്ലെങ്കിലും കപ്പലിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണെന്നാണ് റഷ്യയുടെ സ്റ്റേറ്റ് ഷിപ്പ്് ബില്‍ഡിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആന്‍ഡ്രേ കോസ്റ്റിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇനി കപ്പലിന്റെ അറ്റകുറ്റപ്പണികള്‍ നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാല്‍പത് വര്‍ഷത്തെ പഴക്കമുള്ള കപ്പില്‍ ഇനി വില്‍പന നടത്തുകയോ അല്ലെങ്കില്‍ ഉപേക്ഷിക്കുകയോ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷവും റഷ്യന്‍ നേവിയുടെ ഭാഗമായിരുന്ന കപ്പല്‍, സിറിയന്‍ സിവില്‍ യുദ്ധത്തിലാണ് അവസാനമായി പങ്കെടുത്തത്. പ്രസിഡന്റ് ബഷര്‍ അല്‍ അസദിനെ പിന്തുണച്ച് നടന്ന വ്യോമാക്രമണത്തില്‍ ഫൈറ്റര്‍ ജെറ്റുകള്‍ ലോഞ്ച് ചെയ്തത് ഈ കപ്പലില്‍ നിന്നായിരുന്നു. റഷ്യന്‍ നാവിക വിദഗ്ദരും മുന്‍ ഉദ്യോഗസ്ഥരും വിഭിന്ന അഭിപ്രായങ്ങളാണ് കപ്പലിനെ കുറിച്ച് നടത്തുന്നത്. ആധുനിക സൈനിക രീതികള്‍ക്ക് ഈ കപ്പല്‍ അനുയോജ്യമാവില്ലെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുമ്പോള്‍, അഡ്മിറല്‍ കുസ്‌നെറ്റ്‌സോവിനെ പോലെ ഒരു എയര്‍ക്രാഫ്റ്റ് കാരിയര്‍ രാജ്യത്തിന് അത്യാവശ്യമാണെന്നാണ് മറുപക്ഷം അഭിപ്രായപ്പെടുന്നത്.
2017ല്‍ മെഡിറ്ററേനിയന്‍ വിന്യാസത്തിന് ശേഷം റഷ്യയിലേക്ക് മടങ്ങുംവഴി ബ്രിട്ടീസ് തീരം കടന്ന അഡ്മിറല്‍ കുസ്‌നെറ്റ്‌സോവില്‍ നിന്നും പുക ഉയരുന്ന സാഹചര്യമുണ്ടായി, അന്ന് യുകെ പ്രതിരോധ സെക്രട്ടറിയായിരുന്ന മൈക്കല്‍ ഫാലോണ്‍ ഷിപ്പ് ഒഫ് ഷെയിം എന്ന് വിളിച്ച് കപ്പലിനെ പരിഹസിച്ചിരുന്നു. പിന്നീട് ഈ ലേബലില്‍ കപ്പല്‍ അറിയപ്പെടാനും തുടങ്ങി.
Content Highlights: Aircraft carrier Admiral Kuznetsov may soon be scrapped