വിയ്യൂർ ജയിലിലെ ഗോവിന്ദച്ചാമിയുടെ സെൽ ഉദ്യോഗസ്ഥരുടെ റൂമിന് സമീപം; കൂടെ ഒരു തടവുകാരനെ പാർപ്പിക്കാനും തീരുമാനം

ഗോവിന്ദച്ചാമിയെ ഇന്ന് രാവിലെയാണ് കണ്ണൂരിൽ നിന്നും വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയത്

dot image

തൃശൂർ: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ ഒന്നാം നിലയിൽ പാർപ്പിക്കും. ചുറ്റും നിരീക്ഷണ ക്യാമറകളുളള GF 1 ലേക്കാണ് പ്രതിയെ മാറ്റിയിരിക്കുന്നത്. കൂടെ ഒരു തടവുകാരനെ പാർപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഗാഡ്റൂമിന്റെയും ഉദ്യോഗസ്ഥരുടെയും റൂമുകൾക്കരിലാണ് പുതിയ സെൽ. ഗോവിന്ദസ്വാമിയെ നിരീക്ഷിക്കുക എന്നതാണ് ലക്ഷ്യം.

ഗോവിന്ദച്ചാമിയെ ഇന്ന് രാവിലെയാണ് കണ്ണൂരിൽ നിന്നും വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയതിന് പിന്നാലെയാണ് ജയില്‍മാറ്റം. അതീവ സുരക്ഷയിലായിലാണ് വിയ്യൂരിൽ എത്തിച്ചത്. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ സുരക്ഷയിലാണ് ഗോവിന്ദച്ചാമിയെ വാഹനത്തില്‍ കയറ്റിയത്. പ്രതിഷേധ സാധ്യത കൂടി കണക്കിലെടുത്ത് കനത്ത സുരക്ഷ ഉറപ്പാക്കിയതിന് ശേഷമാണ് വാഹനത്തിലേക്ക് മാറ്റിയത്. അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റുകയെന്ന തീരുമാനത്തിലേക്ക് ഇന്നലെ തന്നെ എത്തിയിരുന്നു.

ഇന്നലെ പുലർച്ചെയായിരുന്നു ഗോവിന്ദച്ചാമി ജയിൽ ചാടിയത്. ഗോവിന്ദച്ചാമി ജയിലിന് പുറത്തെത്തിയ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു. പുലർച്ചെ അഞ്ചേകാലോടെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. പുറത്തെത്തിയ ​ഗോവിന്ദച്ചാമി കൈപ്പത്തി ഇല്ലാത്ത കൈ തലയിൽ വെച്ച് മുകളിൽ സഞ്ചി കൊണ്ട് മറച്ചു പിടിച്ചാണ് ​റോഡിലൂടെ നടക്കുന്നത്.ജയിലിൽ നിന്നിറങ്ങിയത് മുതൽ കൈ തലയിൽ വച്ചാണ് നടത്തം. സിസിടിവി ദൃശ്യങ്ങളിൽ ഇത് വ്യക്തമാണ്. ആരെങ്കിലും സൂക്ഷിച്ചു നോക്കുന്നത് കണ്ടാൽ ​ഗോവിന്ദച്ചാമി അപ്പോൾ തിരിഞ്ഞ് നടക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സൂപ്രണ്ട് ഗേറ്റിന് സമീപത്തെ ദൃശ്യങ്ങളാണ് റിപ്പോർട്ടറിന് ലഭിച്ചത്.

ജയിൽ ചാടിയ ഗോവിന്ദച്ചാമിയുടെ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വന്നിരുന്നു. ജയില്‍മാറ്റം ആഗ്രഹിച്ചിരുന്നെന്നും പരോള്‍ കിട്ടാത്തതില്‍ വിഷമം ഉണ്ടായിരുന്നെന്നും ഗോവിന്ദച്ചാമി പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. 2017 മുതല്‍ ജയില്‍ ചാടാന്‍ തീരുമാനിച്ചിരുന്നു. പലതവണ സെല്ലുകള്‍ മാറ്റിയതുകൊണ്ട് ഒരുക്കിയ പദ്ധതി നീണ്ടു. 10 മാസം മുന്‍പ് സെല്ലിലെ അഴി മുറിച്ചുതുടങ്ങി. ഏഴ് കമ്പികളാണ് മുറിച്ചുമാറ്റിയത്. ഓരോന്നും മുറിച്ചുമാറ്റുമ്പോള്‍ നൂല്‍ കൊണ്ട് കെട്ടിവെക്കും. രാത്രി കാലങ്ങളില്‍ കമ്പി മുറിക്കും. പകല്‍ കിടന്നുറങ്ങും. സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാന്‍ പാത്രം കൊണ്ട് കൊട്ടി നോക്കും. ഇല്ലെന്ന് മനസിലായാല്‍ കമ്പി മുറിക്കാന്‍ തുടങ്ങും. ജയില്‍ വളപ്പില്‍ നിന്ന് ലഭിച്ച ആക്രിയാണ് കമ്പി മുറിക്കാന്‍ ഉപയോഗിച്ചത്. കൂടുതല്‍ ശബ്ദം പുറത്തുവരാതിരിക്കാന്‍ തുണി ചേര്‍ത്തുപിടിച്ചായിരുന്നു മുറിച്ചത്. അതിനിടെ തടി കുറയ്ക്കാനായി ഭക്ഷണക്രമീകരണവും നടത്തിയെന്നാണ് ഗോവിന്ദച്ചാമി മൊഴി നൽകിയിരുന്നു.

Content Highlights: Govindachami will be lodged on the first floor at Viyyur, With High Security

dot image
To advertise here,contact us
dot image