
വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് ടി20 മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ. മൂന്നാം ടി20യിൽ ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം സ്വന്തമാക്കിയാണ് ഓസ്‌ട്രേലിയ പരമ്പര പിടിച്ചെടുത്തത്. വെർണർ പാർക്കിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 20 ഓവറിൽ നാല് വിക്കറ്റ് 214 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് ഓസീസിന് മുമ്പിൽ ഉയർത്തിയത്. വിജയലക്ഷ്യം പിന്തുടർന്ന കങ്കാരുപ്പട ആറ് വിക്കറ്റുകളും 23 പന്തുകളും ബാക്കി നിൽക്കെ ലക്ഷ്യം മറികടന്നു.
വെടിക്കെട്ട് സെഞ്ച്വറിയുമായി തിളങ്ങിയ ടിം ഡേവിഡിന്റെ ഇന്നിങ്സിന്റെ കരുത്തിലാണ് ഓസീസ് വിജയത്തിലെത്തിയത്. ഇതോടെ പരമ്പരയില്‍ 3-0ന് ഓസീസ് മുന്നിലെത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതിന് പിന്നാലെയാണ് ടി20 പരമ്പരയും ഓസ്ട്രേലിയ സ്വന്തമാക്കിയത്.
A swashbuckling 37-ball century from Tim David helped Australia to a win over West Indies by 6 wickets.#WIvsAUS pic.twitter.com/eltSe4yglF
— CricTracker (@Cricketracker) July 26, 2025
37 പന്തിൽ പുറത്താവാതെ 102 റൺസ് നേടിയാണ് ടിം ഡേവിഡ് തിളങ്ങിയത്. ആറ് ബൗണ്ടറികളും 11 സിക്സുകളും അടിച്ചുകൂട്ടി ഡേവിഡ് 23 പന്തുകൾ ബാക്കിനിൽക്കെ ഓസ്‌ട്രേലിയയെ വിജയത്തിലെത്തിച്ചു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസിനായി ക്യാപ്റ്റൻ ഷായ് ഹോപ്പും സെഞ്ച്വറി നേടിയിരുന്നു. 57 പന്തിൽ പുറത്താവാതെ 102 റൺസാണ് വിൻഡീസ് ക്യാപ്റ്റൻ നേടിയത്. എട്ട് ഫോറുകളും ആറ് സിക്സുമാണ് താരം നേടിയത്. ബ്രാണ്ടൻ കിംഗ് അർധ സെഞ്ച്വറിയും നേടി. 36 പന്തിൽ മൂന്ന് ഫോറുകളും ആറ് സിക്‌സും അടക്കം 62 റൺസാണ് ബ്രാണ്ടൻ കിംഗ് നേടിയത്.
മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റൻ മിച്ചല്‍ മാര്‍ഷും (19 പന്തില്‍ 22), ഗ്ലെന്‍ മാക്സ്‌വെല്ലും (7 പന്തില്‍ 20) 2.2 ഓവറില്‍ 30 റണ്‍സടിച്ച് വെടിക്കെട്ട് തുടക്കമിട്ടെങ്കിലും പവര്‍ പ്ലേ പിന്നിടുമ്പോള്‍ ജോഷ് ഇംഗ്ലിസിനെ കൂടി നഷ്ടമായതോടെ (6 പന്തില്‍ 15) ഓസീസ് 61-3 എന്ന നിലയില്‍ പതറി. കാമറൂണ്‍ ഗ്രീന്‍ (14 പന്തില്‍ 11) പുറത്താവുമ്പോള്‍ ഓസീസ് സ്കോര്‍ 8.5 ഓവറില്‍ 87 റണ്‍സായിരുന്നു. എന്നാൽ, ടിം ഡേവിഡും മിച്ചൽ ഓവനും ചേർന്ന് അഞ്ചാം വിക്കറ്റിൽ 46 പന്തിൽ നിന്ന് 128 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഓവൻ 16 പന്തിൽ 36 റൺസ് നേടി.
വിജയത്തോടെ അഞ്ചു മത്സരങ്ങളുടെ പരമ്പര രണ്ട് മത്സരങ്ങൾ ബാക്കിനിൽക്കെ തന്നെ സ്വന്തമാക്കാൻ ഓസ്‌ട്രേലിയക്ക് സാധിച്ചു. പരമ്പരയിലെ നാലാം മത്സരം നാളെയാണ് നടക്കുന്നത്. പരമ്പര നഷ്ടമായ വിൻഡീസ് ആശ്വാസ ജയമായിരിക്കും ലക്ഷ്യം വെക്കുക. എന്നാൽ എല്ലാ മത്സരങ്ങളും വിജയിച്ചുകൊണ്ട് ടി20 പരമ്പരയും സർവാധിപത്യത്തോടെ സ്വന്തമാക്കാനായിരിക്കും ഓസ്‌ട്രേലിയ ലക്ഷ്യം വെക്കുക.
Content Highlights: AUS vs WI: Tim David's century powers Australia to T20I series win vs West Indies