ചരക്ക് നിറച്ച് പായുന്ന ലോറികൾ, പക്ഷെ ഡ്രൈവിങ് സീറ്റിൽ ആളില്ല; റോഡുകളിൽ പുത്തൻ തരംഗം സൃഷ്ടിക്കാൻ ചൈന

ഡ്രൈവിങ് സീറ്റിലേക്ക് നോക്കിയാല്‍ ആരെയും കാണാനാകില്ല. കാരണം ഡ്രെെവര്‍മാരില്ലാതെ, സ്വയം നിയന്ത്രണം ഏറ്റെടുത്ത് ഓടുകയാണ് ഈ ലോറികള്‍

dot image

ഡ്രൈവറില്ലാത്ത വാഹനങ്ങളെക്കുറിച്ച് നമ്മൾ കേൾക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലങ്ങളായി അല്ലെ.. ഭാവിയിൽ ഇനി ഡ്രൈവർമാർ ഇല്ലാത്ത വാഹനങ്ങളായിരിക്കും നമ്മുടെ റോഡുകളിൽ ഓടുക എന്നാണ് ശാസ്ത്രലോകം പറയുന്നത്. എന്തായാലും ചൈനയിൽ ബീജിംഗിനും, ടിയാൻജിൻ തുറമുഖത്തിനും ഇടയിലുള്ള ഹൈവേയിൽ നിന്നൊരു ദൃശ്യമാണ് ഇപ്പോള്‍ ലോകത്തിന്‍റെ ശ്രദ്ധ ആകര്‍ഷിക്കുന്നത്.

ഈ ഹെെവേയില്‍ സാധനം നിറച്ച വലിയ ലോറികൾ ഓടുകയാണ്, പക്ഷെ അവയുടെ ഡ്രൈവിങ് സീറ്റിലേക്ക് നോക്കിയാല്‍ ആരെയും കാണാനാകില്ല. കാരണം ഡ്രെെവര്‍മാരില്ലാതെ, സ്വയം നിയന്ത്രണം ഏറ്റെടുത്ത് ഓടുന്ന ലോറികളാണിവ. ഡ്രെെവര്‍ലെസ് ലോറികളുടെ ട്രയല്‍ റണ്ണാണ് ചെെനയിലെ ഈ ഇന്‍ഡസ്ട്രിയില്‍ ഏരിയയില്‍ നടക്കുന്നത്.

ഈ പരീക്ഷണ ഘട്ടങ്ങള്‍ വിജയിച്ച ശേഷമായിരിക്കും ലോറികള്‍ പൊതുനിരത്തില്‍ ഇറക്കുക എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സർക്കാരിന്റെ നിർദേശപ്രകാരം ആദ്യ ഘട്ടങ്ങളില്‍

ലോറിയില്‍ സേഫ്റ്റി ഡ്രൈവർ ഉണ്ടായിരിക്കും. എങ്കിലും വാഹനം ഓടുന്നത് ഡ്രൈവറുടെ സഹായത്തോടെ ആയിരിക്കില്ല. കൂടാതെ ഇത്തരം വാഹനങ്ങൾ നിരത്തിൽ സാധാരണമാകുന്നതോടെ സേഫ്റ്റി ഡ്രൈവറേയും ഒഴിവാക്കാൻ കഴിയുമെന്നാണ് വിദഗ്ധരുടെ കണക്കുക്കൂട്ടല്‍.

നിലവിൽ യാത്രയുടെ ആദ്യ ഘട്ടത്തില്‍ ഡ്രൈവർക്ക് വാഹനത്തിൽ പൂർണനിയന്ത്രണമുണ്ടാകും. പിന്നീട് ക്രമീകരിച്ചിരിക്കുന്ന ബട്ടണുകൾ അമർത്തുന്നതോടെ ലോറി നിയന്ത്രണം സ്വയം ഏറ്റെടുത്ത് മുന്നോട്ട് പോകും.

എന്നാല്‍ ഡ്രൈവർ ഇല്ലാതെ ഓടുന്ന ലോറികളില്‍ ആശങ്കയുള്ളവരും ഏറെയാണ്. മുൻപ്, ഒരു ഓട്ടോമാറ്റിക് വാഹനം 'ഓട്ടോ പൈലറ്റ്' മോഡിലേക്ക് മാറ്റിയതിനെ തുടർന്ന് മൂന്ന് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾ അപകടത്തിൽ മരിച്ചിരുന്നു. ഇത്തരം സംഭവങ്ങൾ പൊതുജനങ്ങളിലെ ആശങ്ക വർധിക്കാൻ കാരണമായിട്ടുണ്ട്.

എന്നാൽ, കിഴക്കൻ ചൈനയിലെ ചില പ്രദേശങ്ങളിൽ നൂറുകണക്കിന് ഡ്രൈവറില്ലാത്ത ഡെലിവറി വാനുകളാണ് ഓടുന്നത്. മനുഷ്യൻ ഓടിക്കുന്ന സ്‌കൂട്ടറുകൾക്കും, കാറുകൾക്കുമൊപ്പം ഓട്ടോമാറ്റിക് വാഹനങ്ങളും നിരത്തിലുണ്ട്.

മനുഷ്യർ ഓടിക്കുന്ന വാഹനങ്ങളെക്കാൾ കാര്യക്ഷമമായിരിക്കും ഓട്ടോമാറ്റിക് വാഹനങ്ങൾ എന്ന് വിദഗ്ധരും അഭിപ്രായപ്പെടുന്നുണ്ട്. സാധാരണ ഡ്രൈവർമാരുടെ രീതികളിൽ നിന്ന് വ്യത്യസ്തമായി എല്ലാ നിയമങ്ങളും കൃത്യമായി പാലിച്ച് മാത്രമായിരിക്കും ഓട്ടോമാറ്റിക് വാഹനങ്ങൾ ഓടുക. ചുവന്ന ലൈറ്റ് കാണുമ്പോൾ നിർത്തുകയും, തിരിയുമ്പോൾ ഇൻഡിക്കേറ്റർ ഇടുകയും തുടങ്ങി നിയമങ്ങളെല്ലാം പാലിക്കുന്ന തരത്തിലാണ് ഓട്ടോമാറ്റിക് വാഹനങ്ങൾ നിർമ്മിച്ചിരിക്കുന്നത്.

നിലവിൽ ഡ്രൈവർ ഇല്ലാത്ത ലോറികൾ വിശാലമായ പ്രദേശങ്ങളിൽ, നിരപ്പായ റോഡുകളിൽ തുടങ്ങി സങ്കീർണമല്ലാത്ത വഴികളിലൂടെ ഓടിച്ച് ആളുകളിൽ വിശ്വാസ്യത നേടിയെടുക്കാമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. എങ്കിലും ചില പ്രശ്നങ്ങൾ ബാക്കിയാണ്.

ഓട്ടോമാറ്റിക് വാഹനങ്ങൾ റോഡിലൂടെ അധികദൂരം സഞ്ചരിക്കുന്നതിന് കൂടുതൽ ക്യാമറകൾ ആവശ്യമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ക്യാമറകൾ കൂടാതെ റോഡിൽ സെൻസറുകളും കൂടുതലായി വേണ്ടിവരും. ഈ സൗകര്യങ്ങള്‍ ഒരുക്കിയാലും അപ്രതീക്ഷിതമായി തിരക്കേറിയ ഗതാഗത കുരുക്കുകളുണ്ടായാല്‍ ഈ വാഹനങ്ങള്‍ക്ക് അവയെ കടന്നുപോകാന്‍ ബുദ്ധിമുട്ടായിരിക്കും. മാത്രമല്ല, ഇത്തരം സാഹചര്യങ്ങളില്‍ ഈ വാഹനങ്ങളുടെ അപകട സാധ്യതയും വര്‍ധിക്കും.

Content Highlight: Self-Driving Lorries Begin Real-World Trials on Chinese Roads

dot image
To advertise here,contact us
dot image