
കല്‍പ്പറ്റ: വയനാട്ടില്‍ ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് പ്രവർത്തകൻ എന്‍ എം വിജയന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ പരമാവധി ഇടപെട്ടിരുന്നെന്ന് ടി സിദ്ധിഖ് എംഎല്‍എ. ആശ്വസിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും മകന്‍ ആശുപത്രിയിലായപ്പോള്‍ സന്ദര്‍ശിച്ചു, ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞത് സങ്കടപ്പെടുത്തിയെന്നും ടി സിദ്ധിഖ് പറഞ്ഞു. പറഞ്ഞ കാര്യങ്ങൾ പാർട്ടി പാലിക്കില്ലെന്ന് എൻ എം വിജയന്റെ കുടുംബത്തിന് തോന്നലുണ്ടെന്നും അതുകൊണ്ട് താൻ മുൻകൈ എടുത്ത് കരാറെഴുതിയിരുന്നെന്നും സിദ്ധിഖ് വ്യക്തമാക്കി. പാർട്ടി ഒരാളെയും ചതിച്ചിട്ടില്ലെന്നും കുടുംബത്തോടുളള തുടർസമീപനം പാർട്ടി നേതൃത്വം പറയുമെന്നും സിദ്ധിഖ് പറഞ്ഞു.
'പരിപാടി തിരക്കുകള്‍ ഉള്ളപ്പോള്‍ ഫോണ്‍ എടുത്തിട്ടില്ല. പിന്നീട് തിരികെ വിളിച്ചു. ആശുപത്രി ബില്ലിന്റെ കാര്യത്തില്‍ ഇടപെട്ടു. മിംസ് മാനേജ്‌മെന്റുമായി സംസാരിച്ചു. ഡിസ്‌കൗണ്ട് നല്‍കാന്‍ ഇടപെട്ടു. ബില്ല് അടയ്ക്കാനുളള ഉത്തരവാദിത്തം ഏറ്റെടുത്തു. പറഞ്ഞ കാര്യങ്ങള്‍ പാലിക്കില്ല എന്ന തോന്നല്‍ കുടുംബത്തിനുണ്ട്. അതുകൊണ്ട് ഞാന്‍ മുന്‍കൈ എടുത്ത് കരാര്‍ എഴുതി. 20 ലക്ഷം രൂപ നല്‍കുമെന്ന് പറഞ്ഞു. അത് നല്‍കി. അഹല്യയിലെ ബാധ്യത പാര്‍ട്ടി തീര്‍ക്കുമെന്ന് പറഞ്ഞു. പാര്‍ട്ടി സംസാരിച്ച് അത് ഏറ്റെടുത്തു. വീടിരിക്കുന്ന സ്ഥലത്തിന്റെ ബാധ്യതയും ഏറ്റെടുക്കും. ആദ്യത്തെ രണ്ട് കരാറുകള്‍ നടപ്പാക്കാന്‍ സമയം വൈകിയിരുന്നു. കെപിസിസി അധ്യക്ഷന്‍ പറഞ്ഞത് കരാറിന്റെ വാലിഡിറ്റി സംബന്ധിച്ചാണ്. പാര്‍ട്ടി നേതൃത്വത്തിന് നല്‍കാനാണ് എഗ്രിമെന്റ് അഭിഭാഷകന്റെ കയ്യില്‍ നിന്ന് വാങ്ങിയത്. പാര്‍ട്ടി ഒരാളെയും ചതിച്ചിട്ടില്ല. കുടുംബത്തോടുളള തുടര്‍ സമീപനം പാര്‍ട്ടി നേതൃത്വം പറയും', ടി സിദ്ധിഖ് പറഞ്ഞു.
എന്‍ എം വിജയന്റെ മരുമകള്‍ പത്മജ ഇന്ന് ജീവനൊടുക്കാൻ ശ്രമം നടത്തിയിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ പുല്‍പ്പള്ളിയിലെ വീട്ടില്‍ വച്ചായിരുന്നു പത്മജ ജീവനൊടുക്കാൻ ശ്രമം നടത്തിയത്. 'കൊലയാളി കോണ്‍ഗ്രസ്സേ, നിനക്കിതാ ഒരു ഇര കൂടി' എന്ന കുറിപ്പെഴുതി വച്ചായിരുന്നു പത്മജ ജീവനൊടുക്കാന്‍ ശ്രമിച്ചത്. പത്മജ നിലവിൽ ബത്തേരി വിനായക ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്ന് രാവിലെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ രംഗത്തെത്തിയിരുന്നു. നേതാക്കള്‍ പറഞ്ഞ് പറ്റിച്ചുവെന്നും ഡിസിസി ഓഫീസിന് മുന്നില്‍ മക്കള്‍ക്കൊപ്പം നിരാഹാരമിരിക്കുമെന്നും പത്മജ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. 'അച്ഛന്റെ വ്യക്തിപരമായ ആവശ്യത്തിനാണ് പണം എടുത്തിരുന്നതെങ്കില്‍ ഇങ്ങനെ സംസാരിക്കേണ്ടി വരില്ല. പാര്‍ട്ടിക്ക് വേണ്ടിയാണ് അച്ഛന്‍ കടം വാങ്ങിയത്. ബാങ്ക് ഇടപാടുകള്‍ തീര്‍ത്തുനല്‍കിയാല്‍ മതി. അന്ന് അച്ഛന്റെ കത്ത് പുറത്തുവന്നപ്പോള്‍ പറഞ്ഞത് അന്തവും കുന്തവുമില്ലാത്ത കുടുംബമാണെന്നൊക്കെയാണ്. എന്‍ എം വിജയന്റെ എല്ലാ ഇടപാടുകളും തീര്‍ക്കും എന്ന് പറഞ്ഞതല്ലേ', എന്നായിരുന്നു പത്മജയുടെ പ്രതികരണം.
ഡിസംബര്‍ 25നാണ് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍ എം വിജയനെയും മകന്‍ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 27ന് ഇരുവരും മരിച്ചു. ഇതിന് ശേഷം പുറത്തുവന്ന എന്‍ എം വിജയന്റെ ആത്മഹത്യാ കുറിപ്പും അനുബന്ധ തെളിവുകളുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കുരുക്കായത്. ഐ സി ബാലകൃഷ്ണന്‍, എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍, പി വി ബാലചന്ദ്രന്‍ എന്നിവരുടെ പേരുകളടക്കം വിജയന്‍ കത്തില്‍ പരാമര്‍ശിച്ചിരുന്നു. മരണക്കുറിപ്പ് എന്ന നിലയിലാണ് കത്ത് എഴുതിയിരുന്നത്.
Content Highlights: I intervened as much as possible to ensure justice for NM Vijayan's family says t siddique