
ഡല്‍ഹി നിര്‍മന്‍ വിഹാറിലുള്ള ഷോറൂമിന്റെ ഒന്നാം നിലയില്‍ നിന്ന് ഡെലിവറിയെ തുടര്‍ന്നുള്ള പൂജ ചെയ്യുന്നതിനിടയില്‍ മഹീന്ദ്രയുടെ ഥാര്‍ റോക്‌സ് താഴേക്ക് പതിച്ച് അപകടമുണ്ടായത് ദിവസങ്ങള്‍ക്ക് മുന്‍പാണ്. അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്ന യുവതി മരിച്ചെന്ന രീതിയിലുള്ള പ്രചാരണങ്ങളും ഇതേ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിരുന്നു.
എന്നാല്‍ താന്‍ മരിച്ചില്ലെന്നും ജീവനോടെയുണ്ടെന്നും പറഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുകയാണ് മാനി പവാര്‍.
'മരണം സംഭവിച്ചു എന്ന് ദയവ് ചെയ്ത് പറയാതെ ഇരിക്കൂ. മറ്റുള്ളവര്‍ക്ക ് പ്രയാസമുണ്ടാക്കുന്ന അത്തരത്തിലുള്ള വ്യാജ വീഡിയോകള്‍ ദയവുചെയ്ത് ഉണ്ടാക്കരുത്. പലരും അത് ഷെയര്‍ ചെയ്ത് കടന്നുപോകും. നിങ്ങള്‍ക്ക് അതില്‍ ഒരു പ്രശ്‌നവും ഉണ്ടാകാനും പോകുന്നില്ല. പക്ഷെ ഭാവിയില്‍ അതെന്നെയാണ് ബാധിക്കുക. അതുകൊണ്ട് അത്തരം വ്യാജ വീഡിയോ നിര്‍മിക്കരുതെന്ന് ഞാന്‍ കൈകൂപ്പി ആളുകളോട് അഭ്യര്‍ഥിക്കുകയാണ്. ഇത്തരം വ്യാജ വീഡിയോ നിര്‍മിക്കുകയോ അത് മറ്റുള്ളവര്‍ക്ക് പങ്കിടുകയോ ചെയ്യുകയോ ചെയ്യാതിരിക്കൂ. ന്യൂസ് ചാനലുകളോട് ഞാന്‍ ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുകയാണ് നിങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കിയാല്‍ ആളുകള്‍ സത്യം എങ്ങനെയാണ് മനസ്സിലാക്കുക. സത്യം മാത്രം പറയൂ.' മാനി വീഡിയോയില്‍ പറഞ്ഞു
അപകടം നടക്കുമ്പോള്‍ കുടുംബാംഗങ്ങളും സെയില്‍സ്മാനും താനും മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്നും പൂജയുടെ ഭാഗമായി വാഹനം മുന്നോട്ടെടുക്കുന്നതിനിടയില്‍ ആക്‌സിലേഷന്‍ കൂടി വാഹനം മുന്നോട്ട് കുതിക്കുകയായിരുന്നുവെന്നും മറ്റൊരു വീഡിയോയില്‍ യുവതി പറയുന്നുണ്ട്. അപകടം സംഭവിച്ചയുടന്‍ എല്ലാവരും മുന്‍ഭാഗത്തെ ഡോറിലൂടെ പുറത്തിറങ്ങിയെന്നും ആര്‍ക്കും പരിക്കില്ലെന്നും യുവതി വ്യക്തമാക്കി.
റോഡിലിറക്കും മുന്‍പ് വാഹനപൂജയുടെ ഭാഗമായി നാരങ്ങയില്‍ കയറ്റിയിറക്കുന്ന ചടങ്ങ് പതിവാണ്. ഇത് അനുഷ്ഠിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. മുന്നോട്ട് കുതിച്ച ഥാര്‍ ഷോറൂമിന്റെ ഗ്ലാസ് തകര്‍ത്ത് തലകീഴായി താഴേക്ക് പതിക്കുകയായിരുന്നു. ഉടന്‍തന്നെ എയര്‍ബാഗുകള്‍ തുറന്നിരുന്നു. ഇതാണ് അപകടത്തിന്റെ ആഘാതം കുറച്ചത്.
Content Highlights: Delhi Showroom Thar Cras Maani Pawar says she is safe and secure