'ഇന്ത്യയ്‌ക്കെതിരെ ഭയമില്ലാതെ കളിക്കാന്‍ കഴിയുമെന്ന് തോന്നുന്നുണ്ടോ'? മറുപടി നല്‍കി പാക് ഓള്‍റൗണ്ടര്‍

ഒമാനെതിരെ നടന്ന ഏഷ്യാ കപ്പ് മത്സരത്തില്‍ സയിം ഗോള്‍ഡന്‍ ഡക്കായി മടങ്ങിയത് ട്രോളുകള്‍ക്ക് വഴിവെച്ചിരുന്നു

'ഇന്ത്യയ്‌ക്കെതിരെ ഭയമില്ലാതെ കളിക്കാന്‍ കഴിയുമെന്ന് തോന്നുന്നുണ്ടോ'? മറുപടി നല്‍കി പാക് ഓള്‍റൗണ്ടര്‍
dot image

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ മത്സരത്തിന് ഞായറാഴ്ച കളമൊരുങ്ങുകയാണ്. ക്രിക്കറ്റിലെ ചിരവൈരികള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഇത്തവണയും വീറും വാശിയും ഒട്ടും കുറയില്ലെന്ന് ഉറപ്പാണ്. സമീപകാല രാഷ്ട്രീയ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇന്ത്യ-പാക് മത്സരത്തിന്റെ ചര്‍ച്ചകള്‍ ക്രിക്കറ്റ് കളത്തിന് പുറത്തേക്കും നീണ്ടിരുന്നു.

ഇന്ത്യയ്‌ക്കെതിരായ പോരാട്ടത്തിന് മുന്നോടിയായി മത്സരത്തില്‍ താനും പാകിസ്താന്‍ ടീമംഗങ്ങളും സ്വീകരിക്കുന്ന നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പാക് ഓള്‍റൗണ്ടര്‍ സയിം അയൂബ്. മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അയൂബ്. ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി തുടങ്ങി മികച്ച ബോളര്‍മാരുള്ള ഇന്ത്യയെ പോലുള്ള മികച്ച നിലവാരമുള്ള ഒരു ടീമിനെതിരെ പാക് ടീമിന് ആക്രമണാത്മക ക്രിക്കറ്റ് കളിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്നായിരുന്നു ഒരു പാകിസ്താന്‍ മാധ്യമപ്രവര്‍ത്തകന്‍ അയൂബിനോട് ചോദിച്ചത്.

ആദ്യം അയൂബ് മടിച്ചുനിന്നെങ്കിലും അയൂബ് ഉത്തരം പറഞ്ഞു. 'എല്ലാ ക്രിക്കറ്റ് ടീമുകള്‍ക്കെതിരെയും ഭയമില്ലാതെ ക്രിക്കറ്റ് കളിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്', അയൂബ് മറുപടി പറഞ്ഞു.

ഇത്തവണ പാകിസ്താന്‍ ഇന്ത്യയ്‌ക്കെതിരെ തുറുപ്പുചീട്ടായി ഉയര്‍ത്തിക്കാട്ടുന്ന യുവതാരമാണ് സയിം അയൂബ്. ഇന്ത്യയുടെ പേസ് കുന്തമുനയായി ജസ്പ്രീത് ബുംറയ്‌ക്കെതിരെ ഒരോവറിലെ ആറ് പന്തിലും സിക്‌സര്‍ പായിക്കാന്‍ കഴിവുള്ള താരമാണ് സയിം എന്നും പാക് മുന്‍ താരം തന്‍വീര്‍ അഹമ്മദ് പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു.

എന്നാല്‍ ഒമാനെതിരെ കഴിഞ്ഞ ദിവസം നടന്ന ഏഷ്യാ കപ്പ് മത്സരത്തില്‍ സയിം ഗോള്‍ഡന്‍ ഡക്കായി മടങ്ങിയത് ട്രോളുകള്‍ക്ക് വഴിവെച്ചിരുന്നു. ആദ്യ ഓവര്‍ എറിയാനെത്തിയ ഫൈസല്‍ ഷായുടെ രണ്ടാം പന്തില്‍ തന്നെ സയിം അയൂബ് വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. എന്നാല്‍ പാകിസ്താന് വേണ്ടി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ബോളിങ്ങില്‍ തിളങ്ങാന്‍ അയൂബിന് സാധിച്ചു.

Content Highlights: ‘You think Pakistan can play fearless cricket against India?’; Saim Ayub responds

dot image
To advertise here,contact us
dot image